പുതിയ അധ്യയനവര്‍ഷത്തിലും കാഴ്ചകള്‍ക്ക് മാറ്റമുണ്ടായില്ല. വ്യാഴാഴ്ച ഉച്ചയ്ക്കും വൈകീട്ടും പാലക്കാട് സ്റ്റേഡിയം ബസ്സ്റ്റാന്‍ഡില്‍ ബസ്സുകള്‍ പുറപ്പെടുംവരെ വിദ്യാര്‍ഥികള്‍ പുറത്ത് കാത്തുനിന്നു. സ്‌കൂളുകളും കോളേജുകളും തുറന്നിട്ട് ആദ്യ അഞ്ചുനാളും ഇതുതന്നെയായിരുന്നു സ്ഥിതി.
വിവരമറിഞ്ഞ് വ്യാഴാഴ്ച ഉച്ചയ്ക്ക് എന്‍ഫോഴ്സ്മെന്റ് ആര്‍.ടി.ഒ. പി. ശിവകുമാറിന്റെ നേതൃത്വത്തില്‍ മോട്ടോര്‍വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ ബസ്സ്റ്റാന്‍ഡിലെത്തി. വൈകീട്ട് ആര്‍.ടി.ഒ. തനിയെ വീണ്ടും പരിശോധന നടത്തി.
ബസ് ജീവനക്കാരുടെ ചീത്തപേടിച്ചാണ് മാറിനില്‍ക്കുന്നതെന്ന് വിദ്യാര്‍ഥികള്‍ അധികൃതരോട് പറഞ്ഞു. കുട്ടികളെ കയറേണ്ടെന്നൊന്നും തങ്ങള്‍ പറയുന്നില്ലെന്നായിരുന്നു ബസ് ജീവനക്കാരുടെ പ്രതികരണം.
ബസ് പുറപ്പെടുംവരെ പുറത്തുനിര്‍ത്തുന്നുണ്ടെങ്കില്‍ വിദ്യാലയത്തിലെ പ്രധാനാധ്യാപകന്‍ വഴി വിവരം കൈമാറാന്‍ കുട്ടികള്‍ക്ക് നിര്‍ദേശം നല്‍കി. ഇത്തരം പരാതികളുണ്ടായാല്‍ കണ്ടക്ടറുടെ ലൈസന്‍സ് റദ്ദാക്കുന്നതുള്‍പ്പെടെയുള്ള നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
Content Highlights: Students Journey In Private Buses