തിരുവനന്തപുരം: കേന്ദ്ര മോട്ടോര്‍ വാഹന ഭേദഗതി നിയമ പ്രകാരം കുത്തനെ ഉയര്‍ത്തിയ പിഴത്തുക കുറയ്ക്കാനുള്ള തീരുമാനത്തിന് മുഖ്യന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. ഉയര്‍ന്ന പിഴയ്‌ക്കെതിരേ വ്യാപക വിമര്‍ശനങ്ങളും പരാതികളും ഉയര്‍ന്ന സാഹചര്യത്തിലാണ് പിഴ കുറയ്ക്കാനുള്ള തീരുമാനത്തിലേക്ക് സര്‍ക്കാര്‍ എത്തിയത്. ഇതുസംബന്ധിച്ച് സര്‍ക്കാര്‍ വിജ്ഞാപനം ഉടന്‍ പുറത്തിറങ്ങും. 

സംസ്ഥാനം പുതുക്കി നിശ്ചിയിച്ച പിഴ നിരക്ക് പ്രകാരം ഹെല്‍മറ്റ് ധരിക്കാതെയും സീറ്റ് ബെല്‍റ്റ് ഇടാതെയും വാഹനമോടിച്ചാലുള്ള പിഴ ഇനി 500 രൂപയായി കുറയും, നേരത്തെ ഇത് 1000 രൂപയായിരുന്നു. അതേസമയം മദ്യപിച്ചു വാഹനമോടിച്ചാല്‍ പിഴ 10000 ആയി തുടരും. അമിത ഭാരം കയറ്റിയാലുള്ള പിഴ ഇരുപതിനായിരത്തില്‍നിന്ന് പതിനായിരമാക്കി കുറച്ചു. ഗുരുതരമല്ലാത്ത നിയമലംഘനങ്ങള്‍ക്ക് പിഴ 500 രൂപയില്‍നിന്ന് 250 ആക്കിയും കുറച്ചിട്ടുണ്ട്. ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഉപയോഗിച്ചാല്‍ പിഴ 2000 ആക്കി കുറച്ചു. അമിത വേഗത്തിന് 1500 രൂപയും ഇനി പിഴ അടയ്ക്കണം. ഭുരിഭാഗം നിയമലംഘനങ്ങള്‍ക്കും പിഴത്തുക പകുതിയായി കുറച്ചിട്ടുണ്ട്.

സെപ്തംബര്‍ ഒന്ന് മുതലായിരുന്നു പുതുക്കിയ മോട്ടോര്‍ വാഹന ഭേദഗതി നിയമം രാജ്യത്ത് നിലവില്‍ വന്നിരുന്നത്. 1000 രൂപ മുതല്‍ 25,000 രൂപ വരെയായിരുന്നു വിവിധ നിയമലംഘനങ്ങള്‍ക്കുള്ള പിഴ ശിക്ഷ. എന്നാല്‍ ജനങ്ങളില്‍നിന്ന് വലിയ വിമര്‍ശനം ഉയര്‍ന്നതോടെ ഗുജറാത്ത് അടക്കമുള്ള വിവിധ സംസ്ഥാനങ്ങള്‍ ഈ പിഴത്തുക പകുതിയായി കുറച്ചിരുന്നു.

Content Highlights; state cabinet decided to reduce traffic fines