കളമശ്ശേരി: വേഗപ്പൂട്ടില്ലാത്ത കാറുകള്‍ ടാക്‌സിയായി രജിസ്റ്റര്‍ ചെയ്യാന്‍ കഴിയുന്നില്ല. ടാക്‌സി കാറുകളില്‍ വേഗപ്പൂട്ട് നിര്‍ബന്ധമാക്കിയത് അറിയാതെ കാര്‍ വാങ്ങി ടാക്സി രജിസ്ട്രേഷനെത്തുമ്പോഴാണ് പലരും ഇക്കാര്യം അറിയുന്നത്. വേഗപ്പൂട്ടില്ലാത്ത കാറുകളില്‍ ഈ സംവിധാനം ഒരുക്കിക്കൊടുക്കാന്‍ വാഹന നിര്‍മാതാക്കള്‍ തയ്യാറാകുന്നുമില്ല. 

കാര്‍ വാങ്ങാന്‍ ബുക്ക് ചെയ്യുമ്പോള്‍ത്തന്നെ ടാക്‌സിയായി ഓടിക്കാനാണെങ്കില്‍ അക്കാര്യം പറഞ്ഞു വേണം ബുക്ക് ചെയ്യാന്‍. ടാക്‌സിയായി ഓടാനുള്ള കാറുകളില്‍ നിര്‍മാതാക്കള്‍ തന്നെ വേഗപ്പൂട്ട് ഘടിപ്പിച്ചിരിക്കണമെന്നാണ് പുതിയ മോട്ടോര്‍ വാഹന നിയമം. 

2015 ഒക്ടോബറിനു ശേഷം നിര്‍മിക്കുന്ന വാഹനങ്ങള്‍ ഇങ്ങനെ വേണമെന്നായിരുന്നു നിയമം. പിന്നീട് ഇത് 2017 മേയ് ഒന്നിനു ശേഷം രജിസ്റ്റര്‍ ചെയ്യുന്ന ടാക്‌സികാറുകളുടെ കാര്യത്തിലേ ഈ നിയമം ബാധകമാവുകയുള്ളൂ എന്ന് നീട്ടിക്കൊടുത്തു. ഇപ്പോള്‍, ചില കമ്പനികള്‍ ഈ സംവിധാനമുള്‍പ്പെടുത്തി നിര്‍മാണം തുടങ്ങിയിട്ടുണ്ട്. 

മാരുതിയുടെ ഡിസയര്‍ ടൂര്‍ ഉള്‍പ്പെടെ ചുരുക്കം ചില കാറുകളിലേ കമ്പനി തന്നെ വേഗപ്പൂട്ട് ഉള്‍പ്പെടുത്തിയിട്ടുള്ളൂ. വേഗപ്പൂട്ട് ഇല്ലാത്ത ചെറുകാറുകള്‍ വാങ്ങിയവരില്‍ പലരും ഈ നിയമം അറിയുന്നത് ടാക്‌സി കാറായി രജിസ്റ്റര്‍ ചെയ്യാന്‍ വേണ്ടി ആര്‍.ടി.ഒ. ഓഫീസില്‍ എത്തുമ്പോഴാണ്. മുമ്പ് ഏതു കാര്‍ വേണമെങ്കിലും ടാക്‌സിയായോ സ്വകാര്യ വാഹനമായോ എങ്ങനെ വേണമെങ്കിലും രജിസ്റ്റര്‍ ചെയ്യാനാവുമായിരുന്നു. ഇപ്പോള്‍ അതു പറ്റില്ല.

ടാക്‌സി രജിസ്ട്രേഷന്‍ കിട്ടാന്‍ വേണ്ടി പലരും വന്‍തുക മുടക്കി പുറത്തുനിന്നുമാണ് വേഗപ്പൂട്ട് വാഹനങ്ങളല്‍ ഘടിപ്പിക്കുന്നത്.  പക്ഷേ, കമ്പനിയുടേതല്ലാത്ത ഇത്തരം ഉപകരണങ്ങള്‍ ഘടിപ്പിച്ച് വാഹനത്തില്‍ മാറ്റം വരുത്തിയാല്‍ കാറിന് കമ്പനി വാറണ്ടി കിട്ടില്ല. നിലവില്‍ പണമടച്ച് വാഹനങ്ങള്‍ ബുക്ക് ചെയ്തിരുന്നവരും കഴിഞ്ഞ ദിവസങ്ങളില്‍ കാറുകള്‍ വാങ്ങിയവരുമാണ് രജിസ്ട്രേഷന്‍ സമയത്ത് ബുദ്ധിമുട്ടിലായത്.  
  
ഉടമയുടെ ഇഷ്ടപ്രകാരമാണ് വേഗപ്പൂട്ട് ഘടിപ്പിച്ചതെന്നും ഇതുമൂലം കാറിന്റെ വാറണ്ടി നഷ്ടമാകുമെന്ന് തനിക്കറിയാമെന്നും ചില വാഹന വില്‍പ്പനക്കാര്‍ ഉടമസ്ഥരില്‍ നിന്ന് എഴുതി വാങ്ങുന്നുമുണ്ട്. 

ഓണ്‍ലൈന്‍ ടാക്സിക്കമ്പനികള്‍ ചെറിയ കാറുകളെക്കൂടി ഉള്‍പ്പെടുത്തിയതോടെയാണ് നിരവധിയാളുകള്‍ ചെറുകാര്‍ വാങ്ങി ടാക്‌സിയായി ഓടിക്കാന്‍ വേണ്ടി രംഗത്തെത്തി തുടങ്ങിയത്. വേഗനിയന്ത്രണ നിയമം നിര്‍ബന്ധമാക്കിയതോടെ ചില കാര്‍ കമ്പനികള്‍ ഇത്തരം ടാക്സി ആവശ്യത്തിനുള്ള കാര്‍ വില്‍പ്പന താത്കാലികമായി നിര്‍ത്തിയിരിക്കുകയാണ്. ടാക്‌സിയായി രജിസ്റ്റര്‍ ചെയ്യണമെങ്കില്‍ ഉടമ തന്നെ വേഗപ്പൂട്ട് ഘടിപ്പിക്കണമെന്നാണ് വില്‍പ്പനക്കാര്‍ പറയുന്നത്. സംവിധാനം ഒരുക്കുന്നതിനുള്ള സോഫ്റ്റ് വെയര്‍ തയ്യാറായിട്ടില്ലെന്ന ഒഴിവുകഴിവുകള്‍ പറയുന്നവരുമുണ്ട്.