റോഡപകടങ്ങള്‍ വര്‍ധിച്ചതോടെ വലിയ വാഹനങ്ങള്‍ക്ക് നിര്‍ബന്ധമാക്കിയ വേഗപ്പൂട്ട് അഴിച്ചുമാറ്റി കുതിച്ചുപാഞ്ഞ് വാഹനങ്ങള്‍. മിക്ക വാഹനങ്ങളിലും മോട്ടോര്‍ വാഹന വകുപ്പിന്റെ പരിശോധന സമയത്ത് മാത്രമാണ് വേഗപ്പൂട്ട് ഘടിപ്പിക്കുന്നത്. പരിശോധന കഴിഞ്ഞാല്‍ പൂട്ട് അഴിച്ച് മാറ്റിവെക്കും. ചരക്ക് വാഹനങ്ങള്‍ക്കും എട്ട് സീറ്റിനു മുകളിലുള്ള യാത്രാ വാഹനങ്ങള്‍ക്കുമാണ് വേഗപ്പൂട്ട് വേണ്ടത്. 

വേഗം മണിക്കൂറില്‍ 60 കിലോമീറ്ററില്‍ കൂടാതിരിക്കാനാണ് വേഗപ്പൂട്ട്. 2017 മുതല്‍ ഇറങ്ങിയ വാഹനങ്ങളില്‍ വേഗപ്പൂട്ട് ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ഇവ പ്രവര്‍ത്തന ക്ഷമമാണോയെന്നത് ഫിറ്റ്നസ് പുതുക്കുമ്പോള്‍ പരിശോധിക്കും. 40 ശതമാനം വാഹനങ്ങള്‍ മാത്രമാണ് വേഗപ്പൂട്ട് നിയമം കൃത്യമായി പാലിക്കുന്നതെന്ന് മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ പറയുന്നു.

വേഗപ്പൂട്ടുകളില്‍ ഡ്രൈവര്‍മാര്‍ക്ക് തട്ടിപ്പ് നടത്താന്‍ എളുപ്പമാണ്. ആവശ്യാനുസരണം ബന്ധം വേര്‍പെടുത്താന്‍ കഴിയുന്ന പൂട്ടുകളും ഇപ്പോള്‍ വിപണിയിലുണ്ട്. പരിശോധന സമയത്ത് ഡ്രൈവര്‍ക്കു തന്നെ ഇത് ബന്ധിപ്പിക്കാനാവും. അതിനാല്‍ റോഡിലെ പരിശോധനയില്‍ ഇവ പിടിക്കാന്‍ ബുദ്ധിമുട്ടാണെന്ന് അധികൃതര്‍ പറയുന്നു.

വണ്ടിയില്‍ വേഗപ്പൂട്ട് ഇല്ലെങ്കില്‍ മീഡിയം/ഹെവി വണ്ടികള്‍ക്ക് 7500 രൂപയും ചെറിയ വണ്ടികള്‍ക്ക് 3000 രൂപയുമാണ് പിഴ. പിഴയടച്ചതിനു ശേഷം വേഗപ്പൂട്ട് ഘടിപ്പിച്ച് ആര്‍.ടി. ഓഫീസില്‍നിന്ന് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് വാങ്ങണമെന്നാണ് നിയമം. രണ്ടില്‍ കൂടുതല്‍ തവണ പിഴയടയ്‌ക്കേണ്ട സാഹചര്യം ഉണ്ടായാല്‍ ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കും.

Content Highlights: Speed Governor In Public Transport Vehicles