ആലപ്പുഴ: സര്‍ക്കാര്‍ ഉത്തരവുപ്രകാരം വാഹനത്തില്‍ വേഗപ്പൂട്ടുണ്ട്. പക്ഷേ, വേഗത്തിന് നിയന്ത്രണമൊന്നുമില്ല. കേരളത്തിലോടുന്ന 17 ലക്ഷം വാഹനങ്ങളില്‍ 90 ശതമാനത്തിന്റെയും സ്ഥിതി ഇതുതന്നെ. ഫിറ്റ്നസ് എടുക്കുന്നതിനായി ഘടിപ്പിച്ചശേഷം പിന്നീട് വേഗപ്പൂട്ട് വിച്ഛേദിക്കുകയാണ് ഭൂരിഭാഗം വാഹനങ്ങളും. ടിപ്പര്‍ലോറികള്‍മുതല്‍ കെ.എസ്.ആര്‍.ടി.സി.വരെ നിരത്തുകളില്‍ കുതിക്കുകയാണ്. വലിയവണ്ടികള്‍ക്കെല്ലാം അനുവദിച്ചിട്ടുള്ള പരമാവധി വേഗം 60 കിലോമീറ്ററാണ്. വേഗപ്പൂട്ട്  വെച്ചാല്‍ കെ.എസ്.ആര്‍.ടി.സി.യുടെ സൂപ്പര്‍ഫാസ്റ്റ് മുതല്‍ മിന്നല്‍വണ്ടികള്‍വരെ ഓടിക്കാനാവില്ല. സംസ്ഥാനത്ത് ഓട്ടോറിക്ഷയും ഓട്ടോ ടാക്സിയും ഒഴികെയുള്ള ബാക്കിയെല്ലാ ട്രാന്‍സ്പോര്‍ട്ട് വാഹനങ്ങള്‍ക്കും വേഗപ്പൂട്ട് നിര്‍ബന്ധമാണ്.

ഫിറ്റ്നസ് പരിശോധനവേളയിലാണ് മോട്ടോര്‍വാഹന വകുപ്പ് വേഗപ്പൂട്ട് ഉണ്ടോയെന്ന് പരിശോധിക്കുന്നത്. അതില്ലാത്തവയ്ക്ക് ഫിറ്റ്ന്സ് നല്‍കില്ല. പരിശോധനയും അശാസ്ത്രീയമാണ്. വാഹനം ജാക്കിവെച്ച് ഉയര്‍ത്തി വേഗപ്പൂട്ട് നോക്കിവിടും. ഫിറ്റ്നസ് കഴിഞ്ഞാല്‍ വാഹനങ്ങള്‍ വേഗപ്പൂട്ടിന്റെ ബന്ധം വിച്ഛേദിക്കുകയും ചെയ്യും. അല്ലാതെ, ഓടുന്ന വാഹനത്തിലെ വേഗപ്പൂട്ട് നോക്കാന്‍ നിലവില്‍ സംവിധാനമില്ല.

വേഗപ്പൂട്ട് നിര്‍ബന്ധമാക്കിയതോടെ ഇതിന്റെ കച്ചവടം 200 കോടി കവിഞ്ഞു. ഇതിനോടകം 17 ലക്ഷം വേഗപ്പൂട്ടുകളാണ് സംസ്ഥാനത്ത് വിറ്റഴിഞ്ഞത്. വിവിധ കമ്പനികളുടെ 5500 മുതല്‍ 8000 വരെയും 13,000 മുതല്‍ 14,000 വരെയും വിലയുള്ള രണ്ടുതരത്തിലുള്ളവയാണ് മുഖ്യമായും വില്‍പ്പനയിലുള്ളത്. ഡീസല്‍ പമ്പുമായി ബന്ധിപ്പിക്കുന്നതിനാണ് 14,000 വരെ വിലയുള്ളത്. ആക്സിലേറ്ററുമായി ഘടിപ്പിക്കുന്നതിനാണ് കുറഞ്ഞവില.

അനുവദനീയമായ വേഗം

1. വലിയ വാഹനങ്ങള്‍ - (ടിപ്പര്‍ലോറി, ബസുകള്‍) - 60 കി.മീ.

2. സ്‌കൂള്‍ ബസ് - 50 കി.മീ.

3. മറ്റ് വാഹനങ്ങള്‍ - 80 കി.മീ.

പരിശോധിക്കാന്‍ പരിമിതി-ജോയന്റ് ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍

ഓടിക്കൊണ്ടിരിക്കുന്ന വാഹനങ്ങള്‍ തടഞ്ഞുനിര്‍ത്തി വേഗപ്പൂട്ട് പരിശോധിക്കുന്നതില്‍ പ്രായോഗികമായ ബുദ്ധിമുട്ടുണ്ടെന്ന് ജോയന്റ് ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍ രാജീവ് പുത്തലത്ത് അറിയിച്ചു. പരാതികള്‍ ലഭിക്കുന്ന വാഹനങ്ങള്‍ കണ്ടെത്തി ഫിറ്റ്നസ് റദ്ദാക്കാറുണ്ട്. ഇക്കാര്യത്തില്‍ പരിശോധന കര്‍ക്കശമാക്കാന്‍ മറ്റ് മാര്‍ഗങ്ങള്‍ ആലോചിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.