സൗരോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന ഇലക്ട്രിക് വാഹന ചാര്‍ജിങ് സ്റ്റേഷനുകള്‍ തുടങ്ങാന്‍ സബ്‌സിഡിയുമായി അനര്‍ട്ട്. മലപ്പുറം ജില്ലയില്‍ ഒന്നുമുതല്‍ പത്തുവരെ ലക്ഷം രൂപ സബ്‌സിഡിയോടെ ഇത്തരം ചാര്‍ജിങ് സ്റ്റേഷനുകള്‍ നിര്‍മിച്ചുനല്‍കാമെന്നാണ് അനര്‍ട്ട് പറയുന്നത്.

സബ്‌സിഡി ഇവര്‍ക്ക്

ഒരു കിലോവാട്ടിന് 20000 രൂപ എന്ന നിരക്കില്‍ അഞ്ചുമുതല്‍ 50 കിലോവാട്ട് വരെയുള്ള ഓണ്‍ഗ്രിഡ് സോളാര്‍ പവര്‍ പ്ലാന്റുകള്‍ക്കാണ് ഇലക്ട്രിക് ചാര്‍ജിങ് സ്റ്റേഷനോടൊപ്പം സ്ഥാപിക്കുന്നതിന് സബ്‌സിഡി ലഭിക്കുക.

എന്തു ചെലവുവരും?

ചാര്‍ജിങ് യന്ത്രം സ്ഥാപിക്കാന്‍ 15 മുതല്‍ 20 ലക്ഷം വരെ ചെലവുവരും. കൂടുതല്‍ ഇലക്ട്രിക് വാഹനങ്ങള്‍ ചാര്‍ജ് ചെയ്യണമെങ്കില്‍ കൂടുതല്‍ യന്ത്രങ്ങള്‍ സ്ഥാപിക്കേണ്ടിവരും.

തയ്യാറുണ്ടോ?

സ്ഥാപനങ്ങള്‍ മുതല്‍മുടക്കാന്‍ തയ്യാറാണെങ്കില്‍ അനര്‍ട്ട് വിവിധ തരത്തിലുള്ള സ്ലോ, ഫാസ്റ്റ് ചാര്‍ജറുകള്‍ സ്ഥാപനങ്ങളുടെ ആവശ്യാര്‍ഥം സ്ഥാപിച്ചുനല്‍കും. ഒരു കിലോവാട്ടിന് 10 ചതുരശ്രമീറ്റര്‍ എന്നതോതില്‍ 50 കിലോവാട്ട് സോളാര്‍ പവര്‍പ്ലാന്റ് സ്ഥാപിക്കുന്നതിന് 500 ചതുരശ്രമീറ്റര്‍ സ്ഥലംവേണം. സ്ഥാപനങ്ങളുടെ ആവശ്യമനുസരിച്ച് അഞ്ചുമുതല്‍ 50 കിലോവാട്ട് വരെ ശേഷിയുള്ള സോളാര്‍ പവര്‍ പ്ലാന്റുകളാണ് ഇലക്ട്രിക് ചാര്‍ജിങ് സ്റ്റേഷനോടൊപ്പം സ്ഥാപിച്ചുനല്‍കുക.

എങ്കില്‍ ഉടന്‍ ഇടപെടും

അപേക്ഷ ലഭിക്കുന്ന മുറയ്ക്ക് ഈയാഴ്ച തന്നെ സര്‍വേ ആരംഭിക്കും. അനര്‍ട്ട് ജില്ലാ ഓഫീസുമായി ബന്ധപ്പെട്ട് സ്ഥാപനത്തിന്റെ പേരില്‍ അപേക്ഷ നല്‍കാം. 

ലക്ഷ്യമിടുന്നത് ഇവരെ

ദേശീയ-സംസ്ഥാന പാതയോരങ്ങളിലെ ഹോട്ടലുകള്‍, മാളുകള്‍,ആശുപത്രികള്‍, മറ്റു വിശ്രമസൗകര്യമുള്ള സ്ഥാപനങ്ങള്‍ എന്നിവരെയാണ് അനര്‍ട്ട് ലക്ഷ്യംവെക്കുന്നത്.

Content Highlights: Solar Electric Vehicle Charging Stations, ANERT