സൗരോര്‍ജമുപയോഗിച്ച് പ്രവര്‍ത്തിക്കുന്ന മുച്ചക്രവാഹനം യാഥാര്‍ഥ്യമാക്കിരിക്കുകയാണ് അമൃതയിലെ ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥികള്‍. അമൃതപുരിയില്‍ നടക്കുന്ന വിദ്യുത്-19 ത്രിദിന ദേശീയ സെമിനാറിലെ താരവും ഈ മുച്ചക്ര കാര്‍തന്നെ.

ഇന്ധനവിലയും വാഹനങ്ങളില്‍നിന്നുള്ള അന്തരീക്ഷ മലിനീകരണവും എങ്ങനെ പരിഹരിക്കാമെന്ന ചിന്തയാണ് വിദ്യാര്‍ഥികളെ സോളാര്‍ പവര്‍ കാര്‍ എന്ന ആശയത്തിലേക്ക് എത്തിച്ചത്. ഇലക്ട്രിക്കല്‍ വിഭാഗം അസി. പ്രൊഫസര്‍ ഭരത് കെ.ആറിന്റെ നിര്‍ദേശമനുസരിച്ചാണ് വിദ്യാര്‍ഥികള്‍ ഈ ആശയം വികസിപ്പിച്ചത്. 14 പെണ്‍കുട്ടികളടക്കം 39 പേരടങ്ങുന്നതാണ് വിദ്യാര്‍ഥിസംഘം.

അമൃതവിശ്വവിദ്യാപീഠത്തിലെ നാലാംവര്‍ഷ വിദ്യാര്‍ഥിയും വാഹനങ്ങളുടെ മെക്കാനിസത്തില്‍ തത്പരനുമായ ഹരികൃഷ്ണായിരുന്നു നേതൃത്വം. മാസങ്ങള്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ അവരുടെ ആശയം യാഥാര്‍ഥ്യമായി.

ദേശീയതലത്തില്‍ മത്സരങ്ങള്‍ക്കായാണ് ആദ്യം ഇവര്‍ സോളാര്‍ കാര്‍ തയ്യാറാക്കിയത്. കോയമ്പത്തൂരും ബെംഗളൂരുവിലും നടന്ന മത്സരങ്ങളില്‍ ഇവര്‍ ഒന്നാമതെത്തി. സോളാര്‍ പവറില്‍ ഏറ്റവുംകൂടുതല്‍ സമയം പ്രവര്‍ത്തിക്കുന്ന വാഹനമെന്ന റെക്കോഡും ഇവരുടെ വാഹനം സ്വന്തമാക്കി.

ബെംഗളൂരുവിലെ തിരക്കേറിയ റോഡിലൂടെ ഓടിച്ചാണ് സോളാര്‍ വാഹനത്തിന്റെ മികവ് ഇവര്‍ തെളിയിച്ചത്. മത്സരത്തിലെ ഏറ്റവും നല്ല മോഡലിനുള്ള പുരസ്‌കാരവും ഇവര്‍ സ്വന്തമാക്കി. വിദ്യാര്‍ഥിസംഘം സ്വരൂപിച്ച 1,10,000 രൂപയാണ് നിര്‍മാണത്തിനായി ചെലവാക്കിയത്.

നിര്‍മാണപ്രവൃത്തികളെല്ലാം കോളേജ് വര്‍ക്ഷോപ്പില്‍ത്തന്നെയായിരുന്നു. പതിന്നാലുദിവസമെടുത്തായിരുന്നു നിര്‍മാണം. നാലുമാസത്തോളമെടുത്താണ് കാര്‍ രൂപകല്‍പ്പന ചെയ്തത്. രണ്ടുമണിക്കൂര്‍ ചാര്‍ജ് ചെയ്താല്‍ മൂന്നുമണിക്കൂറോളം കാര്‍ സുഖമായി ഓടും. നിരത്തിലിറങ്ങിയാല്‍ സൗരോര്‍ജം സമാഹരിച്ച് പിന്നെയും കിലോമീറ്ററുകള്‍ കുതിച്ചുപായും.

ഒരാള്‍ക്കുമാത്രം സഞ്ചരിക്കാന്‍ കഴിയുന്നവിധമാണ് നിലവില്‍ കാറിന്റെ രൂപകല്‍പ്പനയെങ്കിലും കൂടുതല്‍ പേര്‍ക്ക് സഞ്ചരിക്കാന്‍ കഴിയുന്ന ഇലക്ട്രിക് ബസ് ഒരുക്കുകയാണ് ഇവരുടെ ഇനിയുള്ള ലക്ഷ്യം.

അമേരിക്കയില്‍ നടക്കുന്ന അന്താരാഷ്ട്രമത്സരത്തില്‍ മാറ്റുരയ്ക്കാനായി ഫുള്‍ ഇലക്ട്രിക് ഫോര്‍മുല കാറിന്റെ പണിപ്പുരയിലാണ് ഇപ്പോള്‍ അവര്‍. സമാനരീതിയില്‍ വൈദ്യുത കാറും ഇവര്‍ വികസിപ്പിച്ചെടുത്തിട്ടുണ്ട്.

Content Highlights: Solar Car Developed By Amrita Engineering College Students