മോട്ടോര്‍വാഹന ക്ഷേമനിധി കുടിശ്ശിക അടച്ചുതീര്‍ത്തിട്ടും റോഡ് നികുതി അടയ്ക്കാന്‍ കഴിയാതെ വാഹനഉടമകള്‍. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സോഫ്റ്റ്വേറുകള്‍ തമ്മിലുള്ള പൊരുത്തക്കേടാണ് ഓട്ടോ, ടാക്‌സി, ടെമ്പോ, ബസ്, ലോറി, കോണ്‍ട്രാക്റ്റ് കാര്യേജ് തൊഴിലാളികളെയും ഉടമകളെയും വട്ടം ചുറ്റിക്കുന്നത്. 

തൊഴിലാളി ക്ഷേമനിധി വിഹിതമടച്ചാല്‍ മാത്രമേ മോട്ടോര്‍വാഹനവകുപ്പ് നികുതി സ്വീകരിക്കുകയുള്ളൂ. പിഴ കൂടാതെ നികുതിയടയ്ക്കാനുള്ള സാവകാശം നവംബറില്‍ അവസാനിക്കും. നികുതിയടച്ചാല്‍ മാത്രമേ ഫിറ്റ്നസ് ടെസ്റ്റും പെര്‍മിറ്റ് പുതുക്കലും സാധിക്കൂ.

സംസ്ഥാന സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള കേരള മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട് വര്‍ക്കേഴ്സ് വെല്‍ഫയര്‍ ഫണ്ട് ബോര്‍ഡിലാണ് ക്ഷേമനിധി അടയ്‌ക്കേണ്ടത്. ഇത് ഓണ്‍ലൈനില്‍ അടയ്ക്കാം. റോഡ് നികുതി സ്വീകരിക്കേണ്ട മോട്ടോര്‍വാഹനവകുപ്പിന്റെ 'വാഹന്‍' വെബ്സൈറ്റ് കേന്ദ്രസര്‍ക്കാരിന്റെ നാഷണല്‍ ഇന്‍ഫോര്‍മാറ്റിക് സെന്ററിന്റെ നിയന്ത്രണത്തിലാണ്.

ഓരോ വാഹനത്തിന്റെയും നികുതി സ്വീകരിക്കുമ്പോഴും 'വാഹന്‍' വെബ്സൈറ്റില്‍ നിന്നും ക്ഷേമനിധി ബോര്‍ഡ് വെബ്സൈറ്റിലേക്ക് ഓണ്‍ലൈന്‍ 'എന്‍ക്വയറി' അയയ്ക്കും. കുടിശ്ശികയില്ലെന്ന മറുപടി ലഭിച്ചാലേ 'വാഹന്‍' നികുതി സ്വീകരിക്കൂ. ഈ ഓണ്‍ലൈന്‍ ആശയവിനിമയം തടസ്സപ്പെടുന്നതാണ് വാഹന ഉടമകളെ വലയ്ക്കുന്നത്. ക്ഷേമനിധി കുടിശ്ശിക തീര്‍ത്ത രസീത് ഹാജരാക്കിയാലും ഫലമില്ല. 'വാഹന്' ഓണ്‍ലൈന്‍ മറുപടിതന്നെ ലഭിക്കണം. നെറ്റ്വര്‍ക്ക് തകരാറാണ് 'വാഹന്' സന്ദേശം ലഭിക്കാത്തതെന്നാണ് ക്ഷേമനിധി അധികൃതര്‍ പറയുന്നത്.

നവംബറിനുള്ളില്‍ നികുതിയടച്ചില്ലെങ്കില്‍ 10 ശതമാനം പിഴ നല്‍കണം. ഫിറ്റ്നസിനും പെര്‍മിറ്റ് പുതുക്കലിനും നല്‍കിയ സാവകാശം ഡിസംബറോടെ അവസാനിക്കും. ഇതിനുള്ളില്‍ കുടിശ്ശിക തീര്‍ത്തില്ലെങ്കില്‍ വാഹന ഉടമകളെ കാത്തിരിക്കുന്നത് വന്‍ പിഴയാണ്.

ഇന്‍ഷുറന്‍സിന്റെ വഴി തേടാം

ക്ഷേമനിധി കുടിശ്ശിക തീര്‍ക്കുന്നവരുടെ വിവരങ്ങള്‍ അപ്പപ്പോള്‍ വാഹന്‍ സൈറ്റിലേക്ക് നല്‍കിയാല്‍ നിലവിലെ പ്രശ്‌നം പരിഹരിക്കാനാകും. ഇന്‍ഷുറന്‍സ് കമ്പനികള്‍ ഈ രീതി അവലംബിക്കുന്നുണ്ട്. പോളിസി പുതുക്കുന്ന വാഹനങ്ങളുടെ വിവരങ്ങള്‍ തത്സമയം വാഹന്‍ വെബ്സൈറ്റില്‍ ഉള്‍പ്പെടുത്തും. ഈ രീതി ക്ഷേമനിധി ബേര്‍ഡും അവലംബിച്ചാല്‍ പ്രശ്‌നം പരിഹരിക്കാം.

Content Highlights: Software Issue; Vehicle Owners Not Able To Pay Taxes