ബുദാബിയില്‍ ഡ്രൈവിങ് ലൈസന്‍സ് ടെസ്റ്റ് സ്മാര്‍ട്ടാക്കുന്നു. നൂതന സാങ്കേതികതയുടെയും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെയും അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന വാഹനത്തിലായിരിക്കും ഇനി ഡ്രൈവിങ് ലൈസന്‍സ് ടെസ്റ്റ്. വിജയവും പരാജയവുമെല്ലാം ഈ സംവിധാനം തന്നെയാവും തീരുമാനിക്കുന്നത്.

വാഹനവകുപ്പിന്റെ രീതികള്‍ പാലിച്ച് കൃത്യതയോടെ വാഹനമോടിച്ചാല്‍ മാത്രമായിരിക്കും ഇത് നിലവില്‍ വരുന്നതോടെ ലൈസന്‍സ് ലഭിക്കുക. ഉദ്യോഗസ്ഥര്‍ക്ക് പകരം സ്മാര്‍ട്ട് വാഹനം തന്നെ റോഡ് ടെസ്റ്റ് വിജയികളെയും പരാജിതരെയും പ്രഖ്യാപിക്കും. 

ഗതാഗത സംവിധാനം കൂടുതല്‍ കുറ്റമറ്റതാക്കുന്നതിന്റെ ഭാഗമായാണ് ലൈസന്‍സ് ടെസ്റ്റും സ്മാര്‍ട്ടാക്കുന്നത്. ഓരോരുത്തരുടെയും റിസല്‍ട്ട് ഈ സംവിധാനം നേരിട്ട് ട്രാഫിക് ഫയലില്‍ രേഖപ്പെടുത്തുകയും ചെയ്യും. നേരിയതരത്തിലുള്ള തെറ്റായ നീക്കംപോലും ടെസ്റ്റില്‍ വിലയിരുത്തപ്പെടുമെന്നതാണ് ഇതിന്റെ പ്രത്യേകത. 

അബുദാബി, അല്‍ ദഫ്റ, അല്‍ ഐന്‍ എന്നിവിടനങ്ങളിലെ ഡ്രൈവിങ് ലൈസന്‍സ് ടെസ്റ്റ് കേന്ദ്രങ്ങളില്‍ ഈ സംവിധാനം ഉടന്‍ നടപ്പാക്കിത്തുടങ്ങുമെന്ന് അബുദാബി പോലീസ് മേധാവി മേജര്‍ ജനറല്‍ എയര്‍ മാര്‍ഷല്‍ ഫാരിസ് ഖലാഫ് അല്‍ മസ്റോയി അറിയിച്ചു. 

സ്മാര്‍ട്ട് ടെസ്റ്റിനായുള്ള നൂതന സാങ്കേതിക വിദ്യകള്‍ ഉള്‍പ്പെടുത്തിയ വാഹനങ്ങള്‍ ഇതിനോടകം തന്നെ വിവിധ കേന്ദ്രങ്ങള്‍ക്ക് ലഭ്യമാക്കി. 19 ഓട്ടോമാറ്റിക് വാഹനങ്ങള്‍, 13 മാനുവല്‍ വാഹനങ്ങള്‍, 28 ബസുകള്‍ എന്നിവ ഇതിലുള്‍പ്പെടും.

Content Highlights: Smart Vehicle For Abudhabi Driving License Test