ഡ്രൈവിങ് ലൈസന്‍സ് പരീക്ഷ കുറ്റമറ്റതാക്കുക എന്ന ലക്ഷ്യത്തോടെ നിര്‍മിച്ച ലോകത്തിലെ ആദ്യ സ്മാര്‍ട്ട് ട്രാക്ക് സംവിധാനത്തില്‍ പരീക്ഷണയോട്ടം നടന്നു. നിര്‍മിതബുദ്ധി സാങ്കേതികത ഉപയോഗിച്ച് വിവിധ സാങ്കേതിക വിദ്യകള്‍ സംയോജിപ്പിച്ചാണ് സംവിധാനം വികസിപ്പിച്ചിരിക്കുന്നത്.

ലോകത്തിലെ ഏറ്റവും സ്മാര്‍ട്ട് ആയ നഗരമായി ദുബായിയെ മാറ്റുക എന്ന ലക്ഷ്യത്തിന്റെ ഭാഗമാണ് പദ്ധതിയെന്ന് ആര്‍.ടി.എ. ലൈസന്‍സിങ് ഏജന്‍സി സി.ഇ.ഒ. അബ്ദുല്ല അല്‍ അലി പറഞ്ഞു. 

നൂതന ടെലിമാറ്റിക്‌സ് സാങ്കേതികവിദ്യ, സ്മാര്‍ട്ട് വീഡിയോ റെക്കോഡിങ് സംവിധാനം തുടങ്ങിയ ഒട്ടേറെ സ്മാര്‍ട്ട് സാങ്കേതികതകള്‍ ഉള്‍ക്കൊള്ളിച്ചതാണ് സംവിധാനമെന്ന് അദ്ദേഹം അറിയിച്ചു. നാലാം വ്യാവസായിക വിപ്ലവ സാങ്കേതികതയാണ് സംവിധാനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.

സ്മാര്‍ട്ട് സെന്‍സറുകള്‍, ത്രീഡി ക്യാമറ, ജി.പി.എസ്, പരീക്ഷാര്‍ഥിയുടെയും പരിശോധകന്റെയും മുഖഭാവങ്ങള്‍ ഒപ്പിയെടുക്കുന്ന സെന്‍സറുകള്‍ എന്നിവയെല്ലാം ഇതിലുള്‍പ്പെടും. 250 ലൈറ്റ്, ഹെവി വാഹനങ്ങളില്‍ ഫൈവ് ജി ഇന്റര്‍നെറ്റ് അടക്കം ഈ സാങ്കേതിക സൗകര്യങ്ങള്‍ ഉള്‍പ്പെടുത്തിയതായി ആര്‍.ടി.എ. അറിയിച്ചു. 

ഡ്രൈവറുടെ ഭാവചലനങ്ങള്‍, പെരുമാറ്റം, വാഹനം കൈകാര്യം ചെയ്യുന്നരീതി, ഉപയോഗിക്കുന്ന ട്രാക്ക്, ചെലവഴിക്കുന്ന സമയം എന്നിവയെല്ലാം സംവിധാനത്തില്‍ രേഖപ്പെടുത്തും. അതിനാല്‍ ലൈസന്‍സ് ടെസ്റ്റ് കണിശവും കുറ്റമറ്റതുമാവും. 

ഡ്രൈവിങ് മികവുയര്‍ത്തി റോഡ് സുരക്ഷ വര്‍ധിപ്പിക്കാനും ഈ സംവിധാനം വഴിയുള്ള പരിശോധനരീതി സഹായമാകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. സ്മാര്‍ട്ട് ട്രാക്ക് സംവിധാനം വഴി ലഭ്യമാകുന്ന വിവരങ്ങളുടെ സുതാര്യതയും വിശ്വാസ്യതയും ഡ്രൈവിങ് ടെസ്റ്റിനെ കൂടുതല്‍ ഫലപ്രദമാക്കുകയും ചെയ്യും.

Content Highlights: Dubai RTA Implement Artificial Intelligence Based Smart Driving Licence System. This Is World's First Smart Track System.