വൈദ്യുതവാഹനങ്ങള്‍ ചാര്‍ജ് ചെയ്യാനുള്ള സ്മാര്‍ട്ട് ചാര്‍ജിങ് സ്റ്റേഷനുകള്‍ ഡല്‍ഹിയില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ആരംഭിച്ചു. അടുത്തവര്‍ഷത്തോടെ ഇത്തരത്തിലുള്ള 50 സ്റ്റേഷനുകള്‍ ആരംഭിക്കാനാണ് എ.എ.പി. സര്‍ക്കാരിന്റെ ലക്ഷ്യം. വാഹനം സ്വന്തമായി ചാര്‍ജുചെയ്യാന്‍ സാധിക്കുന്നതാണ് സ്മാര്‍ട്ട് സ്റ്റേഷനുകള്‍.

15 കിലോവാട്ട് വൈദ്യുതിശേഷിയുള്ള സ്റ്റേഷനില്‍ ഒരുമണിക്കൂര്‍കൊണ്ട് വാഹനം പൂര്‍ണമായി ചാര്‍ജ് ചെയ്യാം. തുടക്കമെന്നനിലയില്‍ ഒരു വാഹനം പൂര്‍ണമായി ചാര്‍ജുചെയ്യാന്‍ പാര്‍ക്കിങ് നിരക്ക് ഉള്‍പ്പെടെ 160 രൂപ മുതല്‍ 200 രൂപ വരെയാണ് ഈടാക്കുന്നത്. 

ഇതുപ്രകാരം ഒരു കിലോമീറ്ററിന് 1.60 രൂപ മുതല്‍ 1.80 രൂപ വരെയാണ് ചെലവ് വരികയെന്ന് അധികൃതര്‍ പറയുന്നു. സ്മാര്‍ട്ട് സ്റ്റേഷന്‍ എളുപ്പത്തില്‍ കണ്ടെത്താന്‍ മൊബൈല്‍ ആപ്പുമുണ്ട്.

ഇതിനായി 'ഇലക്ട്രിഫൈ' എന്ന ആപ്പ് മൊബൈലില്‍ ഇന്‍സ്റ്റാള്‍ ചെയ്യണം. സ്റ്റേഷന്‍ കണ്ടെത്തുന്നതിന് പുറമേ ചാര്‍ജിങ് സമയം മുന്‍കൂട്ടി ബുക്ക് ചെയ്യാനും ഓണ്‍ലൈന്‍വഴി പണമടയ്ക്കാനും ആപ്പ്് സഹായിക്കും. 

വാഹനത്തില്‍ വൈദ്യുത ചാര്‍ജര്‍ കൃത്യമായി ബന്ധിപ്പിച്ചില്ലെങ്കില്‍ ഇതുസംബന്ധിച്ച അറിയിപ്പും നല്‍കും. അടുത്തിടെ ഡല്‍ഹിസര്‍ക്കാര്‍ പ്രഖ്യാപിച്ച വൈദ്യുതവാഹന നയം, സൗരോര്‍ജനയം എന്നിവയുടെ ഭാഗമായാണ് സ്മാര്‍ട്ട് ചാര്‍ജിങ് സ്റ്റേഷനുകള്‍.

ബി.എസ്.ഇ.എസ്. രാജധാനി പവര്‍ ലിമിറ്റഡ്, ജെന്‍സോള്‍ ചാര്‍ജ് പ്രൈവറ്റ് ലിമിറ്റഡ്, ടെക്പെര്‍സ്പെക്ട് എന്നിവയുമായി സഹകരിച്ചാണ് ഇവ സ്ഥാപിച്ചത്. സ്റ്റേഷന്റെ ഉദ്ഘാടനം സൗത്ത് എക്സ്റ്റന്‍ഷന്‍ രണ്ടില്‍വെച്ച് മന്ത്രി സത്യേന്ദര്‍ ജെയ്നാണ് നിര്‍വഹിച്ചത്.

Content Highlights: Smart Charging Stations In Delhi