ഡ്രൈവറുടെ സീറ്റിനു പിറകില്‍ ടി.വി. പോലെ വലിയ സ്‌ക്രീനുകള്‍, ക്യാമറ... അടിയന്തര സാഹചര്യങ്ങളില്‍ സഹായം തേടാനുള്ള സംവിധാനം... ഇങ്ങനെ കൊച്ചിയിലെ ബസുകള്‍ സ്മാര്‍ട്ടായി മാറുകയാണ്. കൊച്ചിയിലെ 115 സ്വകാര്യ ബസുകളില്‍ സ്മാര്‍ട്ട് സംവിധാനങ്ങളായി. 1,000 ബസുകളാണ് ലക്ഷ്യമിടുന്നത്.
കൊച്ചി മെട്രോ യാത്രക്കാര്‍ക്ക് സുരക്ഷിതമായ തുടര്‍യാത്രയെന്ന ലക്ഷ്യത്തോടെ രൂപവത്കരിച്ച ബസ് കൂട്ടായ്മയുടെ കീഴിലുള്ള ബസുകളിലാണ് ഈ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.
മേയില്‍ നാല് ബസുകളിലാണ് 'ഹൈ ടെക്' സൗകര്യങ്ങള്‍ ആദ്യമേര്‍പ്പെടുത്തിയത്. വരുന്ന രണ്ടു മാസത്തിനകം സ്മാര്‍ട്ട് സംവിധാനം 300 ബസുകളിലേക്ക് എത്തിക്കുമെന്ന് ബസ് കൂട്ടായ്മകളിലൊന്നായ 'കൊച്ചി വീല്‍സ്' യുണൈറ്റഡിന്റെ പ്രതിനിധി കെ.എം. നവാസ് പറഞ്ഞു.
മെട്രോയുടെ സ്മാര്‍ട്ട് ടിക്കറ്റായ 'കൊച്ചി വണ്‍' കാര്‍ഡുപയോഗിച്ച് ഈ ബസുകളിലെല്ലാം യാത്രചെയ്യാം. ഡ്രൈവര്‍ സീറ്റിനു പിറകിലെ സ്‌ക്രീന്‍ യാത്രക്കാര്‍ക്കുള്ള വിവരങ്ങള്‍ പ്രദര്‍ശിപ്പിക്കാനുദ്ദേശിച്ചാണ്. മോട്ടോര്‍വാഹന വകുപ്പിന്റെ നിര്‍ദേശങ്ങളും ബസ് റൂട്ടുമായി ബന്ധപ്പെട്ട വിവരങ്ങളും ഇതില്‍ ലഭിക്കും. പരസ്യ വരുമാനത്തിനും ബസുകാര്‍ക്ക് ഈ സ്മാര്‍ട്ട് സ്‌ക്രീന്‍ ഉപയോഗിക്കാം.
യാത്ര സുരക്ഷിതമാക്കാന്‍ രണ്ട് ക്യാമറകളാണ് ബസിലുള്ളത്. യാത്രക്കാരെയും പുറത്ത് റോഡും കാണുന്ന വിധത്തിലാണ് ക്യാമറകള്‍. സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ ഉറപ്പാക്കാന്‍ ഇതുവഴി കഴിയുന്നുണ്ടെന്ന് നവാസ് പറഞ്ഞു. അടിയന്തര ഘട്ടങ്ങളില്‍ പോലീസ് സ്റ്റേഷനിലേക്കും മോട്ടോര്‍വാഹന വകുപ്പിലേക്കും സന്ദേശമെത്തിക്കാനും സൗകര്യമുണ്ട്.
നിലവില്‍ ആലുവ, ഫോര്‍ട്ട്കൊച്ചി, വൈറ്റില, തൃപ്പൂണിത്തുറ, വൈപ്പിന്‍ റൂട്ടുകളില്‍ സ്മാര്‍ട്ട് ബസുകളുണ്ട്. ആക്‌സിസ് ബാങ്കുമായി ചേര്‍ന്നാണിത് നടപ്പാക്കുന്നത്. കൊച്ചി മെട്രോപൊളിറ്റന്‍ ട്രാന്‍സ്‌പോര്‍ട്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി, പെര്‍ഫെക്ട് ബസ് മെട്രോ സര്‍വീസസ്, കൊച്ചി വീല്‍സ് യുണൈറ്റഡ്, മൈ മെട്രോ, മുസിരിസ്, പ്രതീക്ഷ ബസ് ട്രാന്‍സ്‌പോര്‍ട്ട് ഓപ്പറേറ്റേഴ്സ് ഓര്‍ഗനൈസേഷന്‍, ഗ്രേറ്റര്‍ കൊച്ചിന്‍ ബസ് ട്രാന്‍സ്‌പോര്‍ട്ട് എന്നിങ്ങനെ ഏഴ് ബസ് കൂട്ടായ്മകളാണ് കൊച്ചി മെട്രോയുടെ ഭാഗമായുള്ളത്.
Content Highlights: Smart Buses In Kochi; 115 Private Bus Turn Into Smart Bus