ലോകവ്യാപകമായി 2040 -ഓടെ ഫോസില്‍ ഇന്ധനവാഹന ഉത്പാദനം പൂര്‍ണമായി നിര്‍ത്തുമെന്നറിയിച്ച് ആറു വാഹന കമ്പനികള്‍. ഗ്ലാസ്‌ഗോയില്‍ നടക്കുന്ന കാലാവസ്ഥാ സമ്മേളനത്തില്‍ സ്വീഡിഷ് കമ്പനിയായ വോള്‍വോ, യു.എസ്. വാഹന കമ്പനികളായ ഫോര്‍ഡ്, ജനറല്‍ മോട്ടോഴ്‌സ്, ഡെയിംലര്‍ എ.ജി.യുടെ മെഴ്‌സിഡസ് ബെന്‍സ്, ചൈനയില്‍ നിന്നുള്ള ബി.വൈ.ഡി, ടാറ്റ മോട്ടോഴ്‌സിനു കീഴിലുള്ള ജഗ്വാര്‍, ലാന്‍ഡ് റോവര്‍ എന്നിവയാണ് തീരുമാനമറിയിച്ചത്. 

ഈ കമ്പനികള്‍ കാലാവസ്ഥാ സമ്മേളനത്തിലെ പ്രതിജ്ഞയുടെ ഭാഗമാകുമെന്ന് ബ്രിട്ടന്‍ വ്യക്തമാക്കി. 2030-ഓടെ പൂര്‍ണമായി വൈദ്യുത വാഹനങ്ങളിലേക്കു മാറുമെന്ന് വോള്‍വോ നേരത്തേ വ്യക്തമാക്കിയിരുന്നു. തേസമയം, ലോകത്തില്‍ ഏറ്റവും കൂടുതല്‍ വാഹനങ്ങള്‍ ഉത്പാദിപ്പിക്കുന്ന ടൊയോട്ട മോട്ടോര്‍ കോര്‍പും ഫോക്‌സ്വാഗന്‍ എ.ജി.യും പ്രതിജ്ഞയുടെ ഭാഗമായിട്ടില്ല. 

കാര്‍ബണ്‍ സീറോ ഭാവി ലക്ഷ്യമിട്ടുള്ള നടപടികള്‍ക്ക് ഇതുതിരിച്ചടിയാകുമെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു. 2040-ഓടെ പുതിയ കാറുകളും വാനുകളും മലിനീകരണരഹിതമാക്കുമെന്ന് ന്യൂസീലന്‍ഡ്, പോളണ്ട് എന്നിവ ഉള്‍പ്പെടെ നാലുരാജ്യങ്ങള്‍ കൂടി അറിയിച്ചു.

അതേസമയം, ലോകത്തിലെ ഏറ്റവും വലിയ കാര്‍ വിപണികളായ ചൈനയും അമേരിക്കയും ഇതിന്റെ ഭാഗമായിട്ടില്ല. ലോകത്തിലെ കാര്‍ബണ്‍ ബഹിര്‍ഗമനത്തിന്റെ നാലിലൊന്നിനടുത്ത് കാര്‍, ട്രക്ക്, ബസ്, കപ്പല്‍, വിമാനം എന്നിവ വഴിയാണ് ഉണ്ടാകുന്നതെന്ന് ഇന്റര്‍നാഷണല്‍ എനര്‍ജി ഏജന്‍സിയുടെ കണക്കുകള്‍ പറയുന്നു.

Content Highlights: Six vehicle manufacturing companies stop fossil fuel vehicle production