സേവനങ്ങള്‍ ഓണ്‍ലൈനാക്കിയിട്ടും സംസ്ഥാനത്തെ മോട്ടോര്‍വാഹന ചെക്‌പോസ്റ്റുകളില്‍ ഡിജിറ്റല്‍ സര്‍ട്ടിഫിക്കറ്റുകളില്‍ പരിശോധനാ ഉദ്യോഗസ്ഥന്റെ ഒപ്പും സീലും നിര്‍ബന്ധമാക്കി. ചെക്ക്‌പോസ്റ്റുകളിലെ തിരക്ക് ഒഴിവാക്കാനും സമയലാഭത്തിനും ചെക്ക് പോസ്റ്റിലെ അഴിമതിക്ക് അറുതി വരുത്താനുമാണ് ഓണ്‍ലൈന്‍ സംവിധാനം കൊണ്ടുവന്നത്. ഇതിനെ അട്ടിമറിക്കുന്നതാണ് ഇപ്പോള്‍ കൊണ്ടുവന്ന നിര്‍ദേശം.

ജൂണ്‍ 16 മുതലാണ് രാജ്യവ്യാപകമായി നടപ്പിലാക്കുന്ന പരിവാഹന്‍ സോഫ്റ്റ് വെയര്‍ സംവിധാനവുമായി ബന്ധിപ്പിച്ച് സംസ്ഥാനത്ത് വാഹനനികുതി, പെര്‍മിറ്റ് ഫീസ്, സെസ്സ്, ഗ്രീന്‍ ടാക്‌സ് എന്നിവ ഓണ്‍ലൈന്‍ വഴി അടയ്ക്കാനുള്ള ഓണ്‍ലൈന്‍ സര്‍ട്ടിഫിക്കറ്റ് സൗകര്യമൊരുക്കിയത്. ക്യു. ആര്‍. കോഡ് അടക്കമുള്ള സംവിധാനമുള്ളതാണ് ഈ ഡിജിറ്റല്‍ സര്‍ട്ടിഫിക്കറ്റുകള്‍. 

ആധികാരികത ഉറപ്പുവരുത്താന്‍ ബുദ്ധിമുട്ടില്ല. വാഹനങ്ങളുടെ നമ്പര്‍ കൊടുത്താല്‍ മൊബൈല്‍ ഫോണില്‍പോലും നികുതി, പെര്‍മിറ്റ് തുടങ്ങി സര്‍വവിവരവും കിട്ടുന്ന കാലത്താണ് ഡിജിറ്റല്‍ സര്‍ട്ടിഫിക്കറ്റുകള്‍ നേരിട്ട് പരിശോധിച്ച് അതില്‍ ഉദ്യോഗസ്ഥര്‍ ഒപ്പും സീലും പതിപ്പിക്കുന്നത്. ഇത് അഴിമതിക്കുള്ള വഴിയാണെന്നാണ് ലോറി തൊഴിലാളികള്‍ ആരോപിക്കുന്നത്. 

മറ്റ് സര്‍ക്കാര്‍ ഓണ്‍ലൈന്‍ സര്‍ട്ടിഫിക്കറ്റുകളിലൊന്നും ഇത്തരമൊരു പരിശോധനാ രീതിയില്ലെന്നും ഇത് ഒഴിവാക്കേണ്ടതാണെന്നും ലോറി ഓണേഴ്‌സ് ഫെഡറേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് പി. അബ്ദുള്‍നാസര്‍ അഭിപ്രായപ്പെട്ടു. അതേസമയം, പരിഷ്‌കാരത്തെ മോട്ടോര്‍ വാഹനവകുപ്പ് ന്യായീകരിച്ചു. നിലവിലെ സംവിധാനം ഉപഭോക്താക്കള്‍ക്ക് വളരെ ഉപകാരപ്രദമാണെന്ന് ജോയന്റ് ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ ടി.സി. വിനേഷ് പറഞ്ഞു.

വാഹനം കടന്നുപോയാല്‍ ഭാവിയില്‍ വല്ല പരാതിയോ മറ്റ് പരിശോധനകളോ വേണ്ടിവന്നാലോ എന്നു കരുതിയാണ് അത് ഉദ്യോഗസ്ഥര്‍ പരിശോധിച്ച് സീല്‍ ചെയ്യുന്നത്. ഇത് ഒഴിവാക്കാനുള്ള സംവിധാനത്തെപ്പറ്റിയുള്ള ആലോചനകള്‍ നടക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Content Highlights: Signature And Seal Made Mandatory By MVD In Vehicle Digital Documents