ന്യൂഡല്‍ഹി: 2030-ഓടെ രാജ്യത്ത് ഇലക്ട്രിക് വാഹനങ്ങള്‍ വ്യാപകമാക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതിക്ക് പിന്തുണയുമായി വാഹന നിര്‍മാതാക്കളുടെ കൂട്ടായ്മയായ സിയാം. 2030-ഓടെ രാജ്യത്ത് പുതുതായി ഇറക്കുന്ന വാഹനങ്ങളില്‍ 40 ശതമാനവും ഇലക്ട്രിക് ആക്കുകയും 60 ശതമാനം ഹൈബ്രിഡ് അല്ലെങ്കില്‍ ഹരിത ടെക്‌നോളജിയില്‍ ഉള്ളതാക്കാനുമാണ് തങ്ങള്‍ ലക്ഷ്യമിടുന്നതെന്ന് സിയാം സര്‍ക്കാരിന് കത്ത് നല്‍കി. 

2047 ആകുന്നതോടെ രാജ്യത്ത് പുതുതായി പുറത്തിറങ്ങുന്ന വാഹനങ്ങള്‍ പൂര്‍ണമായും ഇലക്ട്രിക്കിലേക്ക് മാറുമെന്നും സിയാം പറയുന്നു. പൊതുഗതാഗത രംഗത്തുള്ള വാഹനങ്ങള്‍ക്ക് 2030-ഓടെ പൂര്‍ണമായും ഇലക്ട്രിക്കിലേക്ക് മാറാന്‍ സാധിക്കുമെന്നും സിയാം വ്യക്തമാക്കി. 2047-ല്‍ ഇന്ത്യ നൂറാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുമ്പോള്‍ രാജ്യം പൂര്‍ണമായും ഇലക്ട്രിക്കിലേക്ക് മാറാന്‍ സജ്ജമാകുമെന്നാണ് സിയാം കണക്കുകൂട്ടുന്നത്. 

കേന്ദ്ര സര്‍ക്കാറിന്റെ തീരുമാനങ്ങള്‍ കണക്കിലെടുത്ത് രാജ്യത്തെ മുന്‍നിര വാഹന നിര്‍മാതാക്കളെല്ലാം ഇലക്ട്രിക് വാഹനങ്ങളിലേക്ക് ചുവടുമാറ്റി കഴിഞ്ഞിട്ടുണ്ട്. മാരുതി, ഹ്യുണ്ടായ്, ടാറ്റ തുടങ്ങിയ കമ്പനികളെല്ലാം ഏതാനം വര്‍ഷങ്ങള്‍ക്കുള്ളില്‍ വാണിജ്യാടിസ്ഥാനത്തില്‍ ഇലക്ട്രിക് വാഹനങ്ങള്‍ പുറത്തിറക്കാനുള്ള ഒരുക്കത്തിലാണ്. ദിവസങ്ങള്‍ക്ക് മുമ്പ്‌ കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ള എനര്‍ജി എഫിഷ്യന്‍സി സര്‍വീസസ് ലിമിറ്റഡിന് ടിഗോര്‍ ഇവി ടാറ്റ കൈമാറിയിരുന്നു. വിവിധ സംസ്ഥാനങ്ങളും ഇതിനോടകം ഇലക്ട്രിക് ബസുകള്‍ പൊതുഗതാഗതത്തിനായി പരീക്ഷിച്ചുതുടങ്ങിയിട്ടുണ്ട്.

Content Highlights: SIAM Proposes All New Vehicle Sales In India To Be Electric Vehicles By 2047