കേന്ദ്ര മോട്ടോര്‍വാഹന വകുപ്പിന്റെ പരിവാഹന്‍ സൈറ്റിന്റെ സെര്‍വര്‍ തകരാര്‍മൂലം സംസ്ഥാനത്ത് വാഹന പുകപരിശോധന തടസ്സപ്പെടുന്നു. പരിശോധന ജനുവരി ഒന്നുമുതല്‍ ഓണ്‍ലൈനായാണ് നടക്കുന്നത്. കൂടുതല്‍ സംസ്ഥാനങ്ങള്‍ പുകപരിശോധന െസെറ്റുമായി ബന്ധിപ്പിച്ചതോടെയാണ് സെര്‍വര്‍ മെല്ലെപ്പോക്കിലായത്.

ഡീസല്‍ വാഹനങ്ങള്‍ ആറിലധികം തവണ ഉയര്‍ന്ന ആര്‍.പി.എമ്മില്‍ ആക്‌സിലറേറ്റ് ചെയ്താണ് പരിശോധിക്കുന്നത്. സെര്‍വറിന് മതിയായ വേഗം ഇല്ലാത്തതിനാല്‍ പലതവണ ഇത് ആവര്‍ത്തിക്കേണ്ടിവരുന്നു. അതിനാല്‍ ഇന്ധനനഷ്ടം ഉണ്ടാകുന്നെന്നും ചിലപ്പോള്‍ സൈറ്റില്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കാതെവരുന്നുവെന്നുമാണ് പരാതി.

ആദ്യകാലത്ത് മോട്ടോര്‍വാഹന വകുപ്പിന്റെ എംബ്ലത്തോടുകൂടിയ സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചിരുന്നത്. എന്നാല്‍, പുതിയ സര്‍ട്ടിഫിക്കറ്റില്‍ പരിശോധിക്കുന്നതിന്റെ ഫലം വ്യക്തമായി രേഖപ്പെടുത്തിയിട്ടില്ല. സ്ഥാപനങ്ങളുടെ പേരടക്കമുള്ള വിലവിവരങ്ങള്‍ പുതിയ സര്‍ട്ടിഫിക്കറ്റിലില്ല.

പുകപരിശോധനാ സര്‍ട്ടിഫിക്കറ്റ് ഇല്ല എന്ന കാരണത്താല്‍ ഉദ്യോഗസ്ഥര്‍ കനത്ത പിഴ ഈടാക്കിവരുന്നതായി വാഹനയുടമകള്‍ പറയുന്നു. ഫിറ്റ്നസ് ടെസ്റ്റ് പോലുള്ള ആവശ്യങ്ങള്‍ക്കും സുപ്രീംകോടതിവിധിയനുസരിച്ച് വാഹന ഇന്‍ഷുറന്‍സ് പുതുക്കുന്നതിനും പുകപരിശോധനാ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്.

Content Highlights: Server Slowdown  Vehicle Pollution Testing Disrupt