സ്വയം നിയന്ത്രിക്കുന്ന വാഹനങ്ങളെയാണ് ഇപ്പോള്‍ വാഹനലോകം കാത്തിരിക്കുന്നത്. ഗൂഗിളിന്റെ ഡ്രൈവറില്ലാ കാറുകള്‍ എന്ന് നിരത്തുകളിലെത്തുമെന്ന്‌ ലോകം ഉറ്റുനോക്കുകയാണ്. ലോകോത്തര കാര്‍ നിര്‍മാതാക്കളായ ഫിയറ്റ് ഇക്കാര്യത്തില്‍ വ്യക്തമായ ഒരു തീരുമാനം പ്രഖ്യാപിച്ചിരിക്കുകയാണ്. സ്വയം നിയന്ത്രിക്കുന്ന കാറുകള്‍ അഞ്ചുവര്‍ഷത്തിനുള്ളില്‍ റോഡുകളിലെത്തുമെന്നാണ് ഫിയറ്റ് വ്യക്തമാക്കിയിരിക്കുന്നത്‌.

ഡ്രൈവറില്ലാ കാറുകള്‍ പുറത്തിറക്കുന്നതിന് മുന്നോടിയായി ഗൂഗിളിന്റെ ഉടമസ്ഥതയിലുള്ള ആല്‍ഫബെറ്റ് എന്ന കമ്പനിയുമായി ഫിയറ്റ് കഴിഞ്ഞയാഴ്ച ധാരണയിലെത്തിയിരുന്നു. കഴിഞ്ഞ ഇരുപതു വര്‍ഷമായി ലോകം കാണുന്ന സ്വപ്നം അഞ്ച് വര്‍ഷത്തിനുള്ളില്‍ തങ്ങള്‍ യാഥാര്‍ഥ്യമാക്കുമെന്ന് ഫിയറ്റ് ക്രിസ്ലര്‍ ഓട്ടോമൊബൈല്‍സ് ചീഫ് എക്‌സിക്യൂട്ടീവ് സെര്‍ജി മര്‍കിയോണി പറഞ്ഞു.

fiat

ഗൂഗിളിന്റെ ഡ്രൈവറില്ലാ കാറുകളുടെ പരീക്ഷണ ഓട്ടം നടന്നുകൊണ്ടിരിക്കുകയാണ്. ഫിയറ്റുമായി ചേര്‍ന്ന് 100 'ക്രിസ്ലര്‍ പസഫിക്‌ ഹൈബ്രിഡ്' മിനിവാനുകള്‍ പരീക്ഷണ ഓട്ടത്തിനായി ഈ വര്‍ഷാവസാനം തന്നെ റോഡിലിറക്കാനാണ് കമ്പനി ഉദ്ദേശിക്കുന്നത്. 

ഡ്രൈവറില്ലാ കാറുകളുടെ വ്യാവസായികമായ നിര്‍മാണത്തിനായി ഏതെങ്കിലുമൊരു കാര്‍ കമ്പനിയുമായി ഗൂഗിള്‍ സഹകരിക്കുന്നത് ഇത് ആദ്യമായാണ്. ഫിയറ്റ് രൂപകല്‍പന ചെയ്ത് നിര്‍മിക്കുന്ന വാഹനത്തില്‍ ഗൂഗിളിന്റെ സെല്‍ഫ് ഡ്രൈവിംഗ് സാങ്കേതികത കൂട്ടിച്ചേര്‍ക്കുകയാണ് ഗൂഗിള്‍ ചെയ്യുന്നത്. സെല്‍ഫ് ഡ്രൈവിംഗ് സോഫ്റ്റ് വെയര്‍, റോഡിനെ നിരീക്ഷിക്കുന്നതിനും പ്രതികരിക്കുന്നതിനുമുള്ള സെന്‍സറുകള്‍, വീഡിയോ ക്യാമറകള്‍ തുടങ്ങിയവയൊക്കെ അടങ്ങിയതാണ് ഗൂഗിള്‍ വികസിപ്പിച്ചെടുത്ത സെല്‍ഫ് ഡ്രൈവിംഗ് സാങ്കേതികത. ഡ്രൈവര്‍ ഇല്ലാതെതന്നെ ഈ ഉപകരണങ്ങളുടെ സഹായത്തോടെ  ചുറ്റുപാടുകള്‍ നിരീക്ഷിച്ച്, തീരുമാനങ്ങളെടുത്ത് സ്വയംഡ്രൈവ് ചെയ്യാന്‍ ഇത്തരം വാഹനങ്ങള്‍ക്ക് കഴിയും.

സ്വയം ഡ്രൈവ് ചെയ്യുന്ന വാഹനങ്ങള്‍ യാഥാര്‍ഥ്യമാക്കുന്നതിന് വര്‍ഷങ്ങളായി നിരവധി കമ്പനികള്‍ ശ്രമങ്ങള്‍ നടത്തിവരികയാണ്. ഗൂഗിള്‍ ഇക്കാര്യത്തിലുണ്ടാക്കിയ മുന്നേറ്റം പുതിയ പ്രതീക്ഷകള്‍ നല്‍കിയിരുന്നു. തുടര്‍ന്ന് ലോകത്തെ വന്‍കിട കാര്‍ കമ്പനികള്‍ ഇത്തരം കാറുകള്‍ പുറത്തിറക്കാനുള്ള ശ്രമങ്ങള്‍ സജീവമാക്കി. ബി.എം.ഡബ്ല്യു, ജനറല്‍ മോട്ടോഴ്സ്, ഫോര്‍ഡ്, മെഴ്സിഡസ്, ഫോക്സ് വാഗന്‍, ഔഡി, നിസ്സാന്‍, ടൊയോട്ട, വോള്‍വോ, കാഡിലാക് തുടങ്ങിയ കമ്പനികളും ഡ്രൈവറില്ലാത്ത കാറുകളുടെ പണിപ്പുരയിലാണ്.