വാഹന ഉടമസ്ഥാവകാശ കൈമാറ്റത്തിനുള്ള ഓണ്‍ലൈന്‍ അപേക്ഷകളില്‍ ആധാര്‍ നമ്പര്‍ നല്‍കുന്നവര്‍ക്ക് പഴയ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് (ആര്‍.സി.) ഓഫീസില്‍ ഹാജരാക്കേണ്ട. ഓണ്‍ലൈന്‍ അപേക്ഷ പരിഗണിച്ച് ഉടമസ്ഥാവകാശം കൈമാറും. 

വാഹനം വാങ്ങുന്നയാള്‍ക്ക് തപാലില്‍ പുതിയ ആര്‍.സി. ലഭിക്കും. ഓണ്‍ലൈന്‍ സേവനം 24 മുതല്‍ നിലവില്‍വരും. ഉടമയറിയാതെ വാഹനഉടമസ്ഥാവകാശം കൈമാറുന്നത് ഒഴിവാക്കാനാണ് ആധാറുമായി ബന്ധിപ്പിച്ചത്.

ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിച്ച വിവരം അടങ്ങിയ ഒറ്റത്തവണ പാസ്വേഡ് ഉടമയുടെ ആധാറില്‍ ബന്ധിപ്പിച്ച മൊബൈല്‍ നമ്പറില്‍ ലഭിക്കുക. ഇതുവഴി ക്രമക്കേട് തടയാനാകും.  ആധാര്‍ വിവരങ്ങള്‍ നല്‍കാത്തവര്‍ ഓണ്‍ലൈന്‍ അപേക്ഷ നല്‍കിയശേഷം അതിന്റെ പകര്‍പ്പും അസല്‍ ആര്‍.സി.യും മോട്ടോര്‍വാഹനവകുപ്പ് ഓഫീസില്‍ എത്തിക്കണം. 

ആര്‍.സിയിലെ മേല്‍വിലാസം മാറ്റം, വാഹനത്തിന്റെ എന്‍.ഒ.സി., ഡ്യൂപ്ലിക്കേറ്റ് രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, ഹൈപ്പോത്തിക്കേഷന്‍ റദ്ദ് ചെയ്യല്‍, ഹൈപ്പോത്തിക്കേഷന്‍ എന്‍ഡോഴ്സ്മെന്റ് തുടങ്ങിയ സേവനങ്ങള്‍ക്കും ആധാര്‍നമ്പര്‍ നല്‍കിയാല്‍ ഓണ്‍ലൈന്‍ അപേക്ഷ മതിയാകും. ടാക്‌സി വാഹനങ്ങളുടെ പെര്‍മിറ്റ് പുതുക്കാനും ഓണ്‍ലൈന്‍ അപേക്ഷ മതി. പുതിയ പെര്‍മിറ്റ് വെബ്സൈറ്റില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്യാം.

Content Highlights: Second hand vehicle sale, Ownership change, Aadhar number, Original registration certificate