വാഹനങ്ങളുടെ ഉടമസ്ഥാവകാശ കൈമാറ്റത്തിന് പഴയ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് (ആര്‍.സി.) ഓഫീസില്‍ ഹാജരാക്കേണ്ടതില്ല. ഓണ്‍ലൈന്‍ അപേക്ഷ പരിഗണിച്ച് പുതിയ ആര്‍.സി. വിതരണംചെയ്യാന്‍ മോട്ടോര്‍ വാഹനവകുപ്പിന് സര്‍ക്കാര്‍ അനുമതി നല്‍കി. ഇതനുസരിച്ച് സോഫ്റ്റ്വേറില്‍ മാറ്റം വരുത്തേണ്ടതുണ്ട്. രണ്ടാഴ്ചയ്ക്കുള്ളില്‍ ഇത് നടപ്പാകും. ഉടമയ്ക്ക് പുതിയ ആര്‍.സി. തപാലില്‍ ലഭിക്കും.

ഉടമയുടെ അഡ്രസ് മാറ്റം, എന്‍.ഒ.സി., ഡ്യൂപ്ലിക്കേറ്റ് രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, ഹൈപ്പോത്തിക്കേഷന്‍ രേഖപ്പെടുത്തല്‍-റദ്ദാക്കല്‍, പെര്‍മിറ്റ് പുതുക്കല്‍ (ബസുകള്‍ ഒഴികെ), പെര്‍മിറ്റിലെ മാറ്റങ്ങള്‍ തുടങ്ങിയ സേവനങ്ങള്‍ക്കും ആര്‍.സി. ഹാജരാക്കേണ്ടിവരില്ല. ഓണ്‍ലൈന്‍ അപേക്ഷ മതിയാകും.

വാഹനരേഖകളുടെ കാലാവധിനീട്ടണം

കോവിഡ് പശ്ചാത്തലത്തില്‍ ഡ്രൈവിങ് ലൈസന്‍സിന്റെയും വാഹന പെര്‍മിറ്റുകളുടെയും കാലാവധി ആറുമാസംകൂടി ദീര്‍ഘിപ്പിക്കണമെന്ന് സംസ്ഥാനം കേന്ദ്രത്തോട് ആവശ്യപ്പെട്ടു. സെപ്റ്റംബര്‍ 30-ന് നിലവിലെ സാവകാശം അവസാനിക്കും. പലര്‍ക്കും നിശ്ചിത സമയത്തിനുള്ളില്‍ രേഖകള്‍ പുതുക്കാന്‍ കഴിഞ്ഞിട്ടില്ല. ഇതുസംബന്ധിച്ച് കേന്ദ്രഗതാഗതമന്ത്രിക്ക് മന്ത്രി ആന്റണി രാജു കത്ത് അയച്ചു.

Content Highlights: Second Hand Vehicle Sale, Old RC Book, MVD Kerala, Transport Authority