കൊച്ചി: സെക്കന്‍ഡ് ഹാന്‍ഡ് വാഹനങ്ങളുടെ വിപണിയില്‍ വന്‍ ഇടിവ്. സെക്കന്‍ഡ് ഹാന്‍ഡ് വാഹനങ്ങള്‍ വാങ്ങുന്നതിനും വില്‍ക്കുന്നതിനും വലിയ പ്രതിസന്ധിയാണ് നേരിടുന്നതെന്ന് കേരള സ്റ്റേറ്റ് യൂസ്ഡ് വെഹിക്കിള്‍ ഡീലേഴ്സ് ആന്‍ഡ് ബ്രോക്കേഴ്സ് അസോസിയേഷന്‍ വര്‍ക്കിങ് ജനറല്‍ സെക്രട്ടറി അനില്‍ വര്‍ഗീസ് പറഞ്ഞു. മോട്ടോര്‍ വാഹന ഭേദഗതി ബില്ലിലെ ചില അനിശ്ചിതാവസ്ഥകളാണ് വിപണിയിലെ പ്രതിസന്ധിക്ക് പ്രധാന കാരണം. 

കുറഞ്ഞ മോഡല്‍ വാഹനങ്ങളുടെ വില്‍പ്പനയാണ് ബുദ്ധിമുട്ടിലായിരിക്കുന്നത്. പതിനഞ്ച് വര്‍ഷത്തിലധികം പഴക്കമുള്ള വാഹനങ്ങളുടെ രജിസ്ട്രേഷന്‍ കാലാവധി പുതുക്കി നല്‍കുന്നതുമായി ബന്ധപ്പെട്ടാണ് നിലവില്‍ അനിശ്ചിതാവസ്ഥയുള്ളത്. ഇത് ഏതു രീതിയില്‍ തീരുമാനമാകുമെന്ന് അറിയില്ല. വാഹനത്തിന്റെ വില്‍പ്പന സാധ്യതയും ലാഭ പ്രതീക്ഷയും ഇപ്പോള്‍ മങ്ങിയിരിക്കുകയാണ്. പഴയ വാഹനങ്ങളുടെ വിപണിമൂല്യത്തില്‍ വലിയ തോതിലുള്ള കുറവാണുണ്ടായത്. വില്‍പ്പനയ്‌ക്കെത്തുമ്പോള്‍ അവസാന തുകയില്‍ ഇത് വലിയ വ്യത്യാസമാണ് വരുത്തുന്നത്. നിലവില്‍ സെക്കന്‍ഡ് ഹാന്‍ഡ് വാഹന വിപണിയില്‍ 60 ശതമാനത്തോളം ഇടിവാണ് ഉണ്ടായിരിക്കുന്നത്. ആളുകള്‍ വാങ്ങാന്‍ മടിക്കുകയാണ്. നേരത്തെ മാസത്തില്‍ പത്ത് വാഹനങ്ങളോളം വില്‍പ്പന നടത്തിയിരുന്ന ഡീലര്‍മാര്‍ ഇപ്പോള്‍ ആറു മാസത്തിനുള്ളില്‍ പോലും ഇത്രയും വാഹനങ്ങള്‍ വില്‍ക്കുന്നില്ല. രജിസ്ട്രേഷന്‍ പുതുക്കി നല്‍കുന്നില്ലെങ്കില്‍ സെക്കന്‍ഡ് ഹാന്‍ഡ് വാഹന വിപണിയില്‍ ഇനിയും വന്‍ പ്രതിസന്ധിക്കുള്ള സാധ്യതയുണ്ട്. സെക്കന്‍ഡ് ഹാന്‍ഡ് വാഹനങ്ങളുടെ പഴക്കത്തിന് പരിധി നിശ്ചയിച്ചാല്‍ രാജ്യം സ്‌ക്രാപ്പിന്റെ കേന്ദ്രമായി മാറാനുള്ള സാധ്യതയാണുള്ളത്. രജിസ്ട്രേഷന്‍ പുതുക്കാതെ കൂടിയാകുമ്പോള്‍ വാഹനം പൊളിച്ച് സ്‌ക്രാപ്പാക്കാനേ നിവൃത്തിയുള്ളൂവെന്ന് അനില്‍ വര്‍ഗീസ് പറഞ്ഞു.

പത്ത് വര്‍ഷത്തിലധികം പഴക്കമുള്ള വാഹനങ്ങള്‍ക്ക് മെട്രോ നഗരങ്ങളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയ ഹരിത ട്രിബ്യൂണല്‍ വിധി സ്വാഭാവിക നീതി നിഷേധമാണെന്നു കാണിച്ച് സുപ്രീം കോടതി റദ്ദാക്കിയിരുന്നു. ഹരിത ട്രിബ്യൂണല്‍ വിധിയും സെക്കന്‍ഡ് ഹാന്‍ഡ് കാറുകള്‍ വാങ്ങുന്നതില്‍നിന്ന് ജനങ്ങളെ അകറ്റിയിരുന്നു. മോട്ടോര്‍ വാഹന ഭേദഗതി ബില്ലുമായി ബന്ധപ്പെട്ട് പഠനങ്ങളില്ലാത്ത ഇത്തരം വിധികള്‍ പുറത്തുവരുന്നത് ജനങ്ങളുെട ആശങ്ക വര്‍ധിപ്പിക്കുന്നുണ്ട്.