ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ഡീസല്‍ വാഹനങ്ങള്‍ക്കുള്ള വിലക്കിനെ മറികടക്കാന്‍ കരുത്ത് കുറഞ്ഞ സ്‌കോര്‍പ്പിയോയും എക്‌സ്.യു.വിയുമായി രംഗത്തുവരികയാണ് മഹീന്ദ്ര. നിലവിലുള്ള 2.2 ലിറ്റര്‍ എഞ്ചിന് പകരം സ്‌കോര്‍പ്പിയോയുടെയും എക്‌സ്.യു.വിയുടെയും 1.9 ലിറ്റര്‍ എം ഹോക്ക് എഞ്ചിനാണ് മഹീന്ദ്ര പരീക്ഷിക്കുന്നത്. എഞ്ചിന്‍ശേഷി കുറയുമെങ്കിലും ടോര്‍ക്കില്‍ വലിയ മാറ്റമുണ്ടാകില്ലെന്നാണ് വിവരം.

പുതിയ എഞ്ചിനുള്ള സ്‌കോര്‍പ്പിയോയുടെ വില്‍പ്പനയ്ക്ക് ഓട്ടോമോട്ടീവ് റിസര്‍ച്ച് അസോസിയേഷന്‍ ഓഫ് ഇന്ത്യ (എ.ആര്‍.എ.ഐ.) അംഗീകാരം നല്‍കിക്കഴിഞ്ഞു. അടുത്ത മാസത്തോടെ പുതിയ എഞ്ചിനുള്ള സൈലോയ്ക്കും അംഗീകാരം ലഭിക്കുമെന്നാണ് പ്രതീക്ഷ.

ഡല്‍ഹിയില്‍ 2000 സി.സി.യില്‍ കൂടുതല്‍ കപ്പാസിറ്റിയുടെ വാഹനങ്ങള്‍ നിരോധിച്ചുകൊണ്ടുള്ള സുപ്രീംകോടതിയുടെ ഉത്തരവ് വലിയ ആഘാതയാണ് മഹീന്ദ്രയ്ക്ക് ഏല്‍പ്പിച്ചത്. സ്‌കോര്‍പ്പിയോ, എക്‌സ്.യു.വി 500, ബൊലേറോ, താര്‍, സൈലോ തുടങ്ങി രണ്ട് ലിറ്റര്‍ കപ്പാസിറ്റിയുടെ എഞ്ചിനുകള്‍ ഉപയോഗിക്കുന്ന മോഡലുകളെല്ലാം തന്നെ പ്രതിസന്ധിയിലായിരുന്നു. ഈ അഞ്ച് മോഡലുകളിലും പെടുന്നതാണ് തൊണ്ണൂറ്റിയഞ്ച് ശതമാനം വാഹനങ്ങളും.

പുതിയ ശേഷികുറഞ്ഞ എഞ്ചിന്‍ കൊണ്ട് ഈ തിരിച്ചടിയെ മറികടക്കാനാവുമെന്നാണ് മഹീന്ദ്രയുടെ പ്രതീക്ഷ.

പുതിയ എഞ്ചിനുകള്‍ വിലക്ക് നിലവിലുള്ള ഡല്‍ഹിയില്‍ മാത്രമല്ല, രാജ്യമെങ്ങും വില്‍പ്പനയ്‌ക്കെത്തുമെന്ന് കമ്പനി അധികൃതര്‍ അറിയിച്ചു.

മഹീന്ദ്ര ഇയ്യിടയ്ക്കാണ് 1.2 ലിറ്ററിന്റെ ഡീസല്‍/ പെട്രോള്‍ എഞ്ചിനുകള്‍ പുറത്തിറക്കിയത്. പുതിയ മോഡലായ കെ.യു.വി. 100 ല്‍ ഈ എഞ്ചിനാണ് ഉപയോഗിക്കുന്നത്. കഴിഞ്ഞ വര്‍ഷം സപ്തംബര്‍ 1.5 ലിറ്റര്‍ ശേഷിയുള്ള എഞ്ചിനുമായി ടി.യു.വി 300 എന്നൊരു മേഡലും പുറത്തിറക്കിയിരുന്നു. ഇവയെ സുപ്രീംകോടതിയുടെ വിലക്ക് ബാധിക്കില്ല.