പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി ഫയൽ (Photo: Mathrubhumi)
പുതിയ അധ്യയനവര്‍ഷത്തില്‍ പൊതു യാത്രാവാഹനങ്ങളുടെ കുറവ് വിദ്യാര്‍ഥികളുടെ യാത്ര ദുരിതത്തിലാക്കും. യാത്രാനിരക്കിളവില്‍ മാറ്റംവരുത്തിയില്ലെങ്കിലും ചെലവും ഉയരും. കോവിഡിനുമുമ്പ് 5500 ബസുകള്‍ ഓടിച്ചിരുന്ന കെ.എസ്.ആര്‍.ടി.സി., 3500-ല്‍ താഴെയായി ചുരുക്കി. 15,000 സ്വകാര്യബസുകള്‍ ഉണ്ടായിരുന്നത് ഏഴായിരത്തില്‍ താഴെയായി. വിദ്യാര്‍ഥികള്‍ക്ക് ആവശ്യമായ ബസുകള്‍ നിരത്തിലുണ്ടാകില്ലെന്ന് വ്യക്തം.
35,612 അംഗീകൃത സ്‌കൂള്‍വാഹനങ്ങളുണ്ടെങ്കിലും ലോക്ഡൗണില്‍ ഒതുക്കിയിട്ടിരുന്ന ഇവയെല്ലാം അറ്റകുറ്റപ്പണിതീര്‍ത്ത് ഇറക്കിയിട്ടില്ല. ഒരു ബസ് അറ്റകുറ്റപ്പണിക്ക് കുറഞ്ഞത് ഒന്നേകാല്‍ലക്ഷം വേണ്ടിവരും. പലയിടത്തും സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപക-രക്ഷാകര്‍ത്തൃസമിതിക്ക് ഇതിനുള്ള തുക കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. സാമ്പത്തികബാധ്യത കാരണം സ്വകാര്യ സ്‌കൂള്‍ മാനേജ്മെന്റുകളും ബസുകളെല്ലാം ഇറക്കിയിട്ടില്ല.
രക്ഷകര്‍ത്താക്കള്‍ കൂട്ടുചേര്‍ന്ന് വാഹനങ്ങള്‍ ഏര്‍പ്പെടുത്തേണ്ടിവരും. ഇന്ധന വിലവര്‍ധനയെത്തുടര്‍ന്ന് മിനി വാന്‍, കാര്‍, ഓട്ടോറിക്ഷ എന്നിവയുടെ നിരക്ക് ഉയര്‍ത്തിയിട്ടുണ്ട്. ഒരു വിദ്യാര്‍ഥിക്ക് മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 200 മുതല്‍ 300 രൂപയുടെവരെ വര്‍ധനയ്ക്ക് സാധ്യതയുണ്ട്.
സ്‌കൂള്‍വാഹനങ്ങളുടെ സുരക്ഷാമാനദണ്ഡങ്ങള്‍ ഇങ്ങനെ
• മുന്നിലും പിറകിലും എജ്യുക്കേഷന്‍ ഇന്‍സ്റ്റിറ്റിയൂഷന്‍ വാഹനം എന്ന ബോര്‍ഡ് നിര്‍ബന്ധം (കുട്ടികളെ കൊണ്ടുപോകുന്ന മറ്റു വാഹനങ്ങളില്‍ ഓണ്‍സ്‌കൂള്‍ ഡ്യൂട്ടി ബോര്‍ഡ് വേണം)
• സ്‌കൂള്‍മേഖലയില്‍ മണിക്കൂറില്‍ 30 കിലോമീറ്ററും മറ്റു റോഡുകളില്‍ 50 കിലോമീറ്ററും പരമാവധി വേഗം. സ്പീഡ് ഗവേണര്‍, ജി.പി.എസ്., അഗ്‌നിശമന ഉപകരണം എന്നിവ നിര്‍ബന്ധം.
• ഡ്രൈവര്‍ക്ക് കുറഞ്ഞത് 10 വര്‍ഷത്തെ പ്രവൃത്തിപരിചയം വേണം. ഹെവി വാഹനങ്ങളില്‍ അഞ്ചുവര്‍ഷം പരിചയം.
• ഡ്രൈവര്‍മാര്‍ക്ക് വെള്ളഷര്‍ട്ടും കറുപ്പ് പാന്റും യൂണിഫോം. തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധം.
• പൊതുവാഹനങ്ങളിലെ ഡ്രൈവര്‍മാര്‍ക്ക് കാക്കി യൂണിഫോം വേണം.
• ഡ്രൈവര്‍മാര്‍ മദ്യപിച്ച് വാഹനമോടിച്ചതിനോ അതിവേഗത്തിനോ അപകടകരമായി വാഹനമോടിച്ചതിനോ മറ്റ് കുറ്റകൃത്യങ്ങള്‍ക്കോ ശിക്ഷിക്കപ്പെട്ടവരാകരുത്.
• വെറ്റിലമുറുക്ക്, മദ്യപാനം, ലഹരിവസ്തുക്കളുടെ ഉപയോഗം എന്നിവ ഒഴിവാക്കണം.
• ഓരോ വാതിലുകള്‍ക്കും ഡോര്‍ അറ്റന്‍ഡര്‍മാര്‍ വേണം. 12 വയസ്സിനു താഴെയുള്ള കുട്ടികള്‍ക്ക് ഒരു സീറ്റില്‍ രണ്ടുപേര്‍ക്ക് യാത്രചെയ്യാം. നിന്ന് യാത്രചെയ്യരുത്.
• യാത്രചെയ്യുന്ന കുട്ടികളുടെ പേര്, മറ്റു വിവരങ്ങള്‍ എന്നിവ രേഖപ്പെടുത്തിയ രജിസ്റ്റര്‍ വാഹനത്തിലുണ്ടാകണം.
• ഡോറുകള്‍ക്ക് ലോക്കുകളും ജനലുകള്‍ക്ക് ഷട്ടറുകളും സൈഡ് ബാരിയറുകളും ഉണ്ടായിരിക്കണം.
• കുട്ടികള്‍ കയറുന്നതും ഇറങ്ങുന്നതും ഡ്രൈവര്‍ക്ക് കാണാന്‍ പാകത്തില്‍ ഗ്ലാസുകള്‍ സ്ഥാപിക്കണം.
• വാഹനങ്ങളുടെ മേല്‍നോട്ടത്തിന് നോഡല്‍ ഓഫീസറായി അധ്യാപകരെ നിയോഗിക്കണം.
• സ്‌കൂളിന്റെ പേരും ഫോണ്‍നമ്പറും വാഹനത്തിന്റെ ഇരുവശങ്ങളിലും പ്രദര്‍ശിപ്പിക്കണം.
• വാഹനത്തിന്റെ പിറകില്‍ ചൈല്‍ഡ് ലൈന്‍, പോലീസ്, ആംബുലന്‍സ്, ഫയര്‍ഫോഴ്സ് നമ്പറുകള്‍ രേഖപ്പെടുത്തണം.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..