കോവിഡ് രണ്ടാം തരംഗത്തിലും സ്‌കൂളുകള്‍ അടഞ്ഞതോടെ കട്ടപ്പുറത്തായ ബസുകളില്‍ പലതും നശിച്ചുതുടങ്ങി. കഴിഞ്ഞ അധ്യയന വര്‍ഷം മുഴുവനും ഈ വര്‍ഷം ഇതുവരെയും ബസുകള്‍ക്ക് ഓടേണ്ടി വന്നിട്ടില്ല. ഓട്ടമില്ലാക്കാലത്ത് പരിപാലന ചെലവിനു പ്രയാസപ്പെടുന്ന സ്‌കൂള്‍ ബസുകള്‍ നശിച്ചു കൊണ്ടിരിക്കുകയാണ്. 

എം.പി., എം.എല്‍.എ. ഫണ്ടുകള്‍ ഉപയോഗപ്പെടുത്തിയും നാട്ടുകാരുടെയും പി.ടി.എ.യുടെയും സന്നദ്ധ സംഘടനകളുടെയും സഹായത്തോടെയുമാണ് സര്‍ക്കാര്‍ വിദ്യാലയങ്ങള്‍ ബസുകള്‍ വാങ്ങിയത്. നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ സ്‌കൂളുകള്‍ക്ക് സ്വന്തം ബസുകളുണ്ട്. ഈ മേഖലയില്‍ ജോലി ചെയ്യുന്ന ഡ്രൈവര്‍മാരും സഹായികളും തൊഴില്‍രഹിതരായി.

ബസുകള്‍ എവിടെ സൂക്ഷിക്കുമെന്നതാണ് സ്‌കൂളുകളുടെ പ്രധാന തലവേദന. ബസുകള്‍ നിര്‍ത്തിയിടാന്‍ ഷെഡ്ഡ് ഇല്ലാത്ത സ്‌കൂളുകളുണ്ട്. സ്‌കൂളുകളില്‍ സ്ഥലസൗകര്യം ഉണ്ടെങ്കില്‍ത്തന്നെ ആളനക്കമില്ലാത്ത സ്ഥലത്തു മാസങ്ങളോളം വെറുതെയിട്ടാല്‍ മോഷ്ടാക്കള്‍ എത്തുമോ എന്ന ആശങ്കയുമുണ്ട്. നിര്‍ത്തിയിട്ട ബസുകളുടെ ടയറും ബാറ്ററികളും മോഷ്ടിക്കുന്ന സംഭവങ്ങള്‍ വ്യാപകമാണ്. ചില സ്ഥലങ്ങളില്‍ ബസുകള്‍ കാടുകയറി. ഒരു വര്‍ഷത്തിലേറെയായി ഓടാത്തതിനാല്‍ ഭൂരിഭാഗം ബസുകളുടെയും ബാറ്ററിയും ടയറുകളും നശിച്ചു.

സംരക്ഷണ ചുമതല പി.ടി.എ.യ്ക്ക്

ജനപ്രതിനിധികളുടെ ഫണ്ട് ഉപയോഗിച്ചു വാങ്ങുന്ന ബസുകള്‍ ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ ഏറ്റുവാങ്ങി വിദ്യാലയങ്ങള്‍ക്കു കൈമാറിയാല്‍ അതിന്റെ പൂര്‍ണ ഉത്തരവാദിത്വവും സംരക്ഷണ ചുമതലയും സ്‌കൂള്‍ പി.ടി.എ.യ്ക്കാണ്. ജീവനക്കാരെ നിയമിക്കുന്നതും പി.ടി.എ. തന്നെ. സ്‌കൂളുകള്‍ അടച്ചതോടെ പി.ടി.എ.യ്ക്കും വരുമാനമില്ല. വിദ്യാലയങ്ങള്‍ തദ്ദേശ സ്ഥാപനങ്ങളുടെ കീഴിലാണെങ്കിലും ബസുകള്‍ സംരക്ഷിക്കാനുള്ള നടപടി അവരുടെ ഭാഗത്തുനിന്നുണ്ടാകുന്നില്ല. ബസുകളുടെ ബാധ്യത പൂര്‍ണമായും പ്രധാന അദ്ധ്യാപകന്റെയും പി.ടി.എ.യുടെയും ചുമലിലായി.

വില്‍ക്കാനുമാകുന്നില്ല

രണ്ടു വര്‍ഷമായി ഇന്‍ഷുറന്‍സും ടാക്‌സും അടയ്ക്കാത്തവരുമുണ്ട്. ചില എയ്ഡഡ് സ്‌കൂളുകള്‍ വായ്പ എടുത്താണു ബസുകള്‍ വാങ്ങിയത്. അതു തിരിച്ചടയ്ക്കാനാവാത്തതിനാല്‍ ബസുകള്‍ വില്‍ക്കാനുള്ള ശ്രമവും വിജയിച്ചില്ല. ചില സ്‌കൂളുകള്‍ ബസുകളുടെ ബാറ്ററികള്‍ അഴിച്ചുെവച്ചു സംരക്ഷിക്കുന്നുണ്ട്. ഇങ്ങനെയൊക്കെയാണെങ്കിലും സ്‌കൂളുകള്‍ തുറക്കുമ്പോള്‍ ബസുകള്‍ റോഡിലിറക്കാന്‍ വലിയൊരു തുക വേണ്ടിവരും. ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി പരീക്ഷയ്ക്കു വേണ്ടി ഏതാനും ബസുകള്‍ സര്‍വീസ് നടത്തിയിരുന്നു.

Content Highlights: School Buses, Covid-19, School Buses Got Complaint