പുതിയ അധ്യയനവർഷത്തെ സ്വീകരിക്കാനൊരുങ്ങുകയാണ് സ്കൂളുകളും വിദ്യാർഥികളും. സ്കൂൾ തുറക്കുന്നതിന് മുന്നോടിയായി വാഹനം ചായംപൂശി പുതുക്കാനുള്ള ശ്രമം. പാലക്കാട് പൊരിയാനിക്ക് സമീപത്തുള്ള വർക്ഷോപ്പിൽനിന്നുള്ള ദൃശ്യം | ഫോട്ടോ: മാതൃഭൂമി
കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവുവന്ന ആശ്വാസത്തില്‍ പുതിയ അധ്യയന വര്‍ഷത്തെ വരവേല്‍ക്കാന്‍ സ്കൂള്ബസുകളൊരുങ്ങുന്നു. കഴിഞ്ഞവര്‍ഷമുണ്ടായിരുന്ന നിയന്ത്രണങ്ങളില്ലെന്നതിനാല് കൂടുതല്‍ സ്കൂള്‍ ബസുകള്‍ ഈവര്‍ഷം നിരത്തിലിറക്കാമെന്ന പ്രതീക്ഷയിലാണ് സ്കൂളധികൃതര്‍. സ്കൂള്‍ ബസുകളുടെ പ്രത്യേക പരിശോധന മോട്ടോര്‍ വാഹനവകുപ്പ് ബുധന്‍, വ്യാഴം ദിവസങ്ങളില്‍ നടത്തും.
വാഹനപരിശോധനയ്ക്കൊപ്പം ഡ്രൈവര്‍മാര്‍ക്കും മറ്റ് ജീവനക്കാര്‍ക്കും ബോധവത്കരണ ക്ലാസുകൂടി നല്‍കും. കഴിഞ്ഞവര്‍ഷം ഒരുസീറ്റില്‍ ഒരുവിദ്യാര്‍ഥി എന്ന നിലയിലാണ് സ്കൂള്‍ ബസുകള്‍ നിരത്തിലിറക്കിയത്. ഇത് സാമ്പത്തിക നഷ്ടമുണ്ടാക്കുമെന്ന ഭീതിയില്‍ പകുതി സ്കൂള്‍ ബസുകള്‍ മാത്രമാണ് സര്‍വീസ് നടത്തിയത്.
വാഹനവകുപ്പിന്റെ പരിവാഹന്‍ സംവിധാനപ്രകാരം 2,482 സ്കൂള്‍ ബസുകളാണ് പാലക്കാട്ടുള്ളത്. അതില്‍ കോവിഡിനുമുമ്പ് സജീവമായി ഓടിയിരുന്ന 1,336 ബസുകളില്‍ 800 എണ്ണം മാത്രമാണ് കഴിഞ്ഞവര്‍ഷം നിരത്തിലിറക്കിയിരുന്നത്. സ്കൂള്‍ ബസുകളിലെ നിയന്ത്രണങ്ങള്‍ പിന്‍വലിക്കുന്നതിന് പ്രത്യേക ഉത്തരവൊന്നും വന്നിട്ടില്ല. എന്നാല്‍, എല്ലാ നിയന്ത്രണങ്ങളും പിന്‍വലിച്ചതിനാല്‍ സ്കൂള്‍ ബസുകളും അതിലുള്‍പ്പെടുമെന്നാണ് മോട്ടോര്‍ വാഹനവകുപ്പ് അധികൃതര്‍ പറയുന്നത്. അതിനാല്‍ സീറ്റിന്റെ എണ്ണത്തിനനുസരിച്ച് വിദ്യാര്‍ഥികളെ ബസുകളില്‍ കൊണ്ടുപോകാനാകും.
കേടായിരിക്കും ടയറും ബാറ്ററിയും
കഴിഞ്ഞവര്‍ഷം നിരത്തിലിറങ്ങാത്ത 536 സ്കൂള്‍ബസുകള്‍ പാലക്കാട് ജില്ലയിലുണ്ട്. 2020 മാര്‍ച്ച് മുതല്‍ നിര്‍ത്തിയിട്ട ബസുകളുടെ ബാറ്ററിയും ടയറും ഉപയോഗശൂന്യമായിട്ടുണ്ടാവും. ടയറിന്റെ ഒരുഭാഗംമാത്രം പതിഞ്ഞിരിക്കുന്നതിനാലാണിത്. ചക്രങ്ങളുടെ ബയറിങ്ങുകള്ക്കും കേടുപാട് വന്നേക്കാം. പുതിയതല്ലാത്ത ബാറ്ററികളും പ്രവര്ത്തനക്ഷമമല്ലാതായിരിക്കും. ഇതെല്ലാം മാറ്റുകയും എന്ജിന് സര്‍വീസ് ചെയ്യുകയുംചെയ്ത് പരീക്ഷണയോട്ടം നടത്തിവേണം ബസ് പുറത്തിറക്കാനെന്നാണ് മോട്ടോര്‍ വാഹനവകുപ്പ് അധികൃതര്‍ പറയുന്നത്.
ജി.പി.എസും വേഗപ്പൂട്ടും നിര്‍ബന്ധം
സ്കൂള്‍ ബസുകള്‍ക്ക് പ്രവര്‍ത്തനക്ഷമത സാക്ഷ്യപത്രം ലഭിക്കാന്‍ ജി.പി.എസ്. സംവിധാനവും വേഗപ്പൂട്ടും നിര്‍ബന്ധമാണ്. 50 കിലോമീറ്ററില്‍ വേഗം നിജപ്പെടുത്തിയിട്ടുള്ള വേഗപ്പൂട്ടാണ് ഘടിപ്പിക്കേണ്ടത്. ജി.പി.എസ്. സുരക്ഷമിത്ര എന്ന സോഫ്റ്റ്വെയറുമായി ബന്ധിപ്പിക്കയും വേണം. ബസുകള്‍ അപകടത്തില്‍പ്പെട്ടാല്‍ കണ്‍ട്രോള്‍റൂമില്‍ വിവരം ലഭിക്കുന്നതിനും പെട്ടെന്നുള്ള സുരക്ഷ ഉറപ്പാക്കാനുമാണിത്.

മറ്റ് നിര്‍ദേശങ്ങള്‍
- ഡ്രൈവര്‍ക്ക് പത്തുവര്‍ഷത്തെ ഡ്രൈവിങ് പരിചയം വേണം. വെള്ള ഷര്‍ട്ടും കറുപ്പ് പാന്റ്സും എന്ന യൂണിഫോമും തിരിച്ചറിയല്‍കാര്‍ഡും വേണം.
- ഓരോ ബസിലും അധ്യാപകരെ റൂട്ട് ഓഫീസര്‍മാരായി നിയോഗിക്കയും അവര്‍ കൃത്യമായി പരിശോധിക്കയും വേണം
- ബസുകളുടെ വാതിലുകളുടെ എണ്ണത്തിനനുസരിച്ച് അറ്റന്‍ഡര്‍മാര്‍ വേണം
- സ്കൂളിന്റേതല്ലാത്ത വാഹനങ്ങളില്‍ ഓണ്‍ സ്കൂള്‍ ഡ്യൂട്ടി എന്ന ബോര്‍ഡ് പ്രദര്‍ശിപ്പിക്കണം
- യാത്രചെയ്യുന്ന കുട്ടികളുടെ വിവരങ്ങളടങ്ങിയ പട്ടിക ബസില്‍ സൂക്ഷിക്കണം
- വാതിലുകള്‍ക്ക് പൂട്ടുകളും ജനലുകള്‍ക്ക് ഷട്ടറുകളും ബാഗുകള്വെക്കാന് റാക്കും വേണം
- 50 കിലോമീറ്ററാണ് റോഡുകളിലെ പരമാവധി വേഗം.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..