പ്രതീകാത്മക ചിത്രം | Photo: Facebook/Kerala Police
ഓടുന്ന വാഹനങ്ങള്‍ക്ക് തീപിടിച്ചുണ്ടാകുന്ന അപകടങ്ങള്‍ തുടര്‍ക്കഥയാകുകയാണ്. കഴിഞ്ഞ ദിവസം കണ്ണൂരില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് പൂര്‍ണ ഗര്‍ഭിണിയായ ഭാര്യയും ഭര്‍ത്താവും മരിച്ചിരുന്നു. ഈ സംഭവത്തിന്റെ ഞെട്ടല്‍ മാറും മുമ്പാണ് തിരുവനന്തപുരം ജില്ലയിലെ വെഞ്ഞാറമൂട്ടില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിത്തമുണ്ടായ സംഭവം റിപ്പോര്‍ട്ട് ചെയ്യുന്നത്. മുന്‍ഭാഗത്തുനിന്ന് പുക ഉയരുന്നതു കണ്ട ഡ്രൈവര്‍ വാഹനം നിര്‍ത്തി പുറത്തിറങ്ങിയതിനാല്‍ ആളപായമുണ്ടായില്ല.
മാസങ്ങളുടെ മാത്രം വ്യത്യസത്തില്‍ സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലായി വാഹനത്തിന് തീപിടിത്തമുണ്ടായ വേറെയും സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കഴിഞ്ഞ ദിവസമുണ്ടായ രണ്ട് സംഭവങ്ങളിലും വില്ലന്‍മാരായത് ഷോട്ട് സര്‍ക്യൂട്ടാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിന് പ്രധാന കാരണമായി പറയുന്നതാകട്ടെ വാഹനത്തില്‍ അധികമായി നല്‍കുന്ന ഫിറ്റിങ്ങുകളുമാണെന്നാണ്. ഈ സാഹചര്യത്തില്‍ ഇത്തരം അപകടമൊഴിവാക്കാനുള്ള സുരക്ഷ മുന്‍കരുതല്‍ നല്‍കുകയാണ് കേരളാ പോലീസ്.
അപകടങ്ങള്‍ ഒഴിവാക്കാന്‍ എന്തൊക്കെ ചെയ്യാം
- വാഹനത്തിനു കൃത്യമായ മെയിന്റനന്‍സ് ഉറപ്പ് വരുത്തുക.
- എളുപ്പം തീപിടിക്കാവുന്ന വസ്തുക്കള്‍ വാഹനങ്ങളില്‍ കൊണ്ടുപോകരുത്.
- വാഹനങ്ങളില്‍ ഇരുന്ന് പുകവലിക്കരുത്.
- വാഹനത്തില്‍നിന്നു പ്ലാസ്റ്റിക് അല്ലെങ്കില്‍ റബര്‍ കത്തിയ മണം വന്നാല്‍ അവഗണിക്കരുത്. എന്‍ജിന്‍ ഓഫാക്കി വാഹനത്തില്‍ നിന്നിറങ്ങി സര്‍വീസ് സെന്ററുമായി ബന്ധപ്പെടണം.
- ഫ്യൂസ് കത്തിയെന്ന് മനസിലായാല്‍ അതുമാറ്റി വാഹനം ഓടിക്കാന്‍ ശ്രമിക്കരുത്. ഇതിനായി മെക്കാനിക്കിനെ ആശ്രയിക്കണം. സ്വയം ശ്രമിക്കുന്നത് ചിലപ്പോള്‍ ഷോര്‍ട്ട് സര്‍ക്യൂട്ടിന് കാരണമാകും.
- വാഹനത്തിലെ ഇലക്ട്രിക്കല്‍ ഉള്‍പ്പെടെയുള്ള ജോലികള്‍ സ്വയംചെയ്യാതിരിക്കുന്നതാണ് ഉചിതം.
- അനാവശ്യമോഡിഫിക്കേഷനുകള്‍ നിര്‍ബന്ധമായും ഒഴിവാക്കുക.
- തീ പിടിക്കുന്നുവെന്ന് കണ്ടാല്‍ ആദ്യം വാഹനം ഓഫാക്കുക.
- വാഹനത്തിനു തീപിടിച്ചാല്‍ വാഹനത്തില്‍നിന്നു സുരക്ഷിത അകലം പാലിക്കുക. സീറ്റുകളിലെ ഹെഡ് റെസ്റ്റ് ഉപയോഗിച്ച് കാറിന്റെ ജനാല തകര്‍ക്കുക.
- ഹെഡ്‌റെസ്റ്റ് ഊരിയെടുത്ത് അതിന്റെ കൂര്‍ത്ത അഗ്രങ്ങള്‍ കൊണ്ട് കണ്ണാടി പൊട്ടിച്ച് പുറത്തുകടക്കണം
- ഒരിക്കലും സ്വയം തീ അണയ്ക്കാന്‍ ശ്രമിക്കരുത്. തീ പിടിത്തതിനിടെയുണ്ടാകുന്ന വിഷവായു ജീവന്‍ അപകടത്തിലാക്കാം.
- ബോണറ്റിനകത്താണ് തീപിടിക്കുന്നതെങ്കില്‍ ഒരിക്കലും ബോണറ്റ് ഉയര്‍ത്താന്‍ ശ്രമിക്കരുത്. കാരണം കൂടുതല്‍ ഓക്‌സിജന്‍ അവിടേക്ക് ലഭിക്കുന്നതോടെ തീയുടെ കരുത്തും കൂടും.
Content Highlights: safety Features to avoid vehicle catches fire, Vehicle Catches fire, Car fire
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..