സംസ്ഥാനത്ത് റോഡപകടങ്ങള്‍ കുറയ്ക്കാന്‍ രൂപംകൊടുത്ത സേഫ് കേരള പദ്ധതി 354 വാഹന പരിശോധകരില്‍ മാത്രമായി ഒതുങ്ങി. ഇവര്‍ക്കാവശ്യമായ ഓഫീസുകളോ വാഹനങ്ങളോ ഒരുവര്‍ഷമായിട്ടും ഉണ്ടാക്കിയിട്ടില്ല.
14 ജില്ലകളില്‍ വിന്യസിച്ചിരിക്കുന്ന എന്‍ഫോഴ്സ്മെന്റ് സ്‌ക്വാഡുകള്‍ക്കാണ് ഈ ഗതി. അതത് ജില്ലകളിലെ ആര്‍.ടി. ഓഫീസുകളിലാണ് ഇപ്പോള്‍ ഈ ഉദ്യോഗസ്ഥര്‍. സ്വന്തം ഓഫീസുകള്‍ വരുന്നതുവരെ ജില്ലാ ആര്‍.ടി. ഓഫീസുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കാന്‍ പറഞ്ഞ് ഒരു കൊല്ലമായി. 14 ജില്ലകളിലും സ്ഥലംകണ്ടെത്താന്‍ ശ്രമം തുടങ്ങിയെങ്കിലും ഫലത്തിലെത്തിയിട്ടില്ല.
ജില്ലാ ഓഫീസുകളിലെത്തുന്ന ഉദ്യോഗസ്ഥര്‍ ടൈംടേബിള്‍പ്രകാരം ഫീല്‍ഡിലേക്ക് പോവുകയാണ് ചെയ്യുന്നത്. അതും ജില്ലാ ഓഫീസിലെ വാഹനത്തില്‍. വാഹനങ്ങളും ഓഫീസും അനുവദിക്കുമെന്നു പറഞ്ഞാണ് സേഫ് കേരള പദ്ധതി തുടങ്ങിയതുതന്നെ. എന്നാലതൊന്നും നടപ്പായില്ല.
14 ജില്ലകളിലും ഓരോ പ്രത്യേക കണ്‍ട്രോള്‍ റൂമുകള്‍ സ്ഥാപിച്ച് അവിടെ ഓരോ ആര്‍.ടി.ഒ.മാരും ഓരോ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരും ഉണ്ടാകും എന്നായിരുന്നു പ്രഖ്യാപനം. എന്നാല്‍ ഉദ്യോഗസ്ഥരെ നിയമിക്കുന്ന ആവേശം കണ്‍ട്രോള്‍ റൂം സ്ഥാപിക്കുന്നതില്‍ കണ്ടില്ല.
കഴിഞ്ഞവര്‍ഷം ജൂണിലാണ് സേഫ് കേരള പദ്ധതി രൂപവത്കരിച്ച് ഉത്തരവിറക്കിയത്. സെപ്റ്റംബറില്‍ ഇതിന്റെ വ്യവസ്ഥകള്‍ വിശദീകരിച്ചുകൊണ്ടുള്ള ഉത്തരവും വന്നു.
സംസ്ഥാനത്ത് 85 സ്‌ക്വാഡുകളാണുള്ളത്. 14 ആര്‍.ടി.ഒ.മാര്‍, 99 മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാര്‍, 255 എ.എം.വി.ഐ.മാര്‍ എന്നിവരെയാണ് നിയമിച്ചത്. ഇവര്‍ നടത്തുന്ന പരിശോധനകളുടെ തുടര്‍നടപടികള്‍ക്ക് ഒരു ജീവനക്കാരെപ്പോലും അനുവദിച്ചില്ല.
ഇപ്പോള്‍ ജില്ലാ ഓഫീസിന്റെ ശരാശരി 10 കിലോമീറ്റര്‍ ചുറ്റളവില്‍ മാത്രമാണ് സ്‌ക്വാഡുകളുടെ പരിശോധകള്‍ കാര്യമായി നടക്കാറുള്ളത്. സ്‌ക്വാഡുകളെ താലൂക്ക് തലങ്ങളിലുള്ള ജോയന്റ് ആര്‍.ടി.ഓഫീസുകളിലേക്കും വിന്യസിച്ചാല്‍ അതുള്‍പ്രദേശങ്ങളില്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ പരിശോധനകള്‍ കൂടുതല്‍ കാര്യക്ഷമമാക്കാന്‍ കഴിയും.
സ്‌ക്വാഡുകളുടെ എണ്ണം
- തിരുവനന്തപുരം- 8
- കൊല്ലം- 7
- പത്തനംതിട്ട- 5
- കോട്ടയം- 6
- ഇടുക്കി- 6
- എറണാകുളം- 8
- തൃശ്ശൂര്‍- 7
- പാലക്കാട്- 6
- മലപ്പുറം- 6
- കോഴിക്കോട്- 8
- വയനാട്- 3
- കണ്ണൂര്‍- 6
- കാസര്‍കോട്- 3
Content Highlights: Safe Kerala Project For Ensure The Road Safety