പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി
പമ്പയില്‍നിന്ന് കെ.എസ്.ആര്.ടി.സി. നടത്തുന്ന സര്‍വീസുകളില്‍ ടിക്കറ്റ് നിരക്ക് തോന്നിയതുപോലെ. ഇടയ്ക്ക് എവിടെയിറങ്ങിയാലും ബസ് എവിടെയാണോ അവസാനിക്കുന്നത് അവിടെവരെയുള്ള ചാര്‍ജ് നല്‍കണം. തിരുവനന്തപുരം ബസില്‍ കയറി പത്തനംതിട്ടയിലിറങ്ങണമെങ്കില് തിരുവനന്തപുരത്തേക്കുള്ള ചാര്‍ജ് നല്‍കിയേ മതിയാകൂ എന്നാണത്രെ നിയമം. തിരുവനന്തപുരത്തേക്കുള്ള ഫാസ്റ്റ് പാസഞ്ചറിന് 294 രൂപയാണ് പമ്പയില്‍ നിന്നുള്ള നിരക്ക്. പത്തനംതിട്ടയ്ക്ക് 143-ഉം. ചുരുക്കത്തില്‍ പത്തനംതിട്ടയില്‍ ഇറങ്ങേണ്ട തീര്ഥാടകന് ഇരട്ടിയിലധികം രൂപ നല്‍കണം.
കെ.എസ്.ആര്.ടി.സി. പമ്പയില്‍നിന്ന് തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, പത്തനംതിട്ട, ചെങ്ങന്നൂര്‍ തുടങ്ങി പ്രധാന സ്ഥലങ്ങളിലേക്ക് മാത്രമാണ് സര്‍വീസ് നടത്തുന്നത്. ഇതിനിടയില്‍ ഇറങ്ങേണ്ട തീര്‍ഥാടകരാണ് കെ.എസ്.ആര്.ടി.സിയുടെ പരിഷ്കാരത്തില്‍ വലഞ്ഞിരിക്കുന്നത്. പണം നഷ്ടമാകാതിരിക്കണമെങ്കില്‍ ഇവര്‍ക്കൊക്കെ പലയിടത്തായി ഇറങ്ങിക്കയറിമാത്രമേ വീട്ടിലെത്താനാകൂ. വരുമാനം വര്‍ധിപ്പിക്കാനുള്ള കോര്‍പ്പറേഷന്റെ ഗൂഢാലോചനയാണ് ഇത്തരം നിരക്ക് ഈടാക്കലെന്നാണ് തീര്‍ഥാടകരുടെ പരാതി.
മലയിറങ്ങി ക്ഷീണിച്ചെത്തി ബസില്‍ കയറി ഇരുന്ന് ഏറെക്കഴിയുമ്പോള്‍ ഉദ്യോഗസ്ഥരെത്തി ഇറക്കിവിടുന്നതും പമ്പയില്‍ പതിവാണെന്ന് ഭക്തര്‍ പറയുന്നു. ചെങ്ങന്നൂര്‍ ഡിപ്പോയില്‍നിന്നുള്ള ബസുകളില്‍ കുട്ടികള്‍ക്ക് ഹാഫ് ടിക്കറ്റ് നല്‍കുന്നില്ലെന്നും പരാതി ഉണ്ട്. 180 രൂപയാണ് ചെങ്ങന്നൂരില്‍നിന്നു പമ്പയ്ക്കുള്ള നിരക്ക്. സീറ്റ് കണക്കാക്കി പണം ലഭിച്ചാലേ ബസില്‍ കയറ്റൂവെന്നാണ് അധികൃതരുടെ നിലപാട്.
സീറ്റ് നിറഞ്ഞെങ്കിലേ ബസെടുക്കൂ
പത്തനംതിട്ടയില്‍നിന്നു പമ്പയിലേക്കുള്ള ബസുകള്‍ തീര്‍ഥാടകര്‍ നിറഞ്ഞാലേ എടുക്കൂ. അതും മുഴുവന്‍ സീറ്റിലും ആള് വേണം. ഇടയ്ക്കിടെ ബസില്‍ കയറി കണ്ടക്ടര്‍ നോക്കും. എപ്പോള്‍ സീറ്റ് നിറയുന്നുവോ അപ്പോള്‍ മാത്രമേ ബസെടുക്കൂ. ഇതിനിടയില്‍ ചെങ്ങന്നൂരില്‍നിന്നുള്ള ബസ് എത്തിയാല്‍ തീര്‍ഥാടകര്‍ അതില്‍ കയറും. ഫലത്തില്‍ ബസ് വീണ്ടും വൈകും. മണിക്കൂറുകള്‍ ഇരുന്നാലേ പത്തനംതിട്ടയില്‍നിന്ന് ബസ് പമ്പയ്ക്ക് നീങ്ങൂ.
വരുമാനം കുറയും
പത്തനംതിട്ടയ്ക്ക് ബസ് ഉള്ളപ്പോള്‍ തിരുവനന്തപുരം ബസിലേ കയറൂവെന്ന് ശഠിക്കുന്നത് ശരിയല്ല. തിരുവനന്തപുരം ബസില്‍ പത്തനംതിട്ടയിലേക്കുള്ളവരെ കയറ്റുന്നത് വരുമാനം കുറയ്ക്കും. മൂന്ന് സീറ്റുകളുള്ളതില്‍ കുട്ടികളെ നടുക്കിരുത്തിയാണ് ചില തീര്‍ഥാടകര്‍ ഇരിക്കുന്നത്. ഒരാള്‍ കൂടി ഇരിക്കേണ്ട സീറ്റാണ് ഇങ്ങനെ നഷ്ടമാകുന്നത്.
കെ.എസ്.ആര്.ടി.സി. അധികൃതര്‍
Content Highlights: Sabarimala ksrtc bus service, Ticket fare of pamba service, high ticket fare for sabarimala ksrtc
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..