വാഹനം ഓടിക്കുമ്പോള്‍ മൊബൈല്‍ ഫോണില്‍ സംസാരിക്കുന്നത് നിരോധിച്ചു കൊണ്ടുള്ള വ്യവസ്ഥ നിയമത്തില്‍ നിലവില്‍ ഇല്ലാത്തതിനാല്‍ പോലീസിന് കേസ് എടുക്കാന്‍ കഴിയില്ലെന്ന ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് വിധി വന്നതിനു ശേഷം മൊബൈൽ ഫോണിൽ സംസാരിച്ച് വാഹനമോടിക്കുന്നതിനെതിരെയുള്ള നിയമ നടപടികൾ അവ്യക്തമായി തുടരുന്നു. 

മൊബൈല്‍ ഫോണില്‍ സംസാരിച്ച് വാഹനം ഓടിച്ചാല്‍ കേരള പോലീസ് ആക്ടിലെ 118 (ഇ) വകുപ്പ് അനുസരിച്ച് ഒരാള്‍ അറിഞ്ഞുകൊണ്ട് പൊതുജനങ്ങളെയും പൊതു സുരക്ഷയെയും അപകടപ്പെടുത്തുന്ന നടപടിയായി കണക്കാക്കിയാണ് പോലീസ് കേസ് എടുത്തിരുന്നത്. 

മൊബൈല്‍ ഫോണില്‍ സംസാരിച്ച് വാഹനം ഓടിച്ചതിൽ കേസ് എടുത്ത പോലീസ് നടപടിയെ ചോദ്യം ചെയ്ത് കാക്കനാട് സ്വദേശി എം.ജെ.സന്തോഷ് നല്‍കിയ ഹര്‍ജിയിലാണ് ഡിവിഷന്‍ ബഞ്ചിന്റെ വിധി വന്നത്. മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് സംസാരിച്ച് വാഹനം ഓടിക്കുന്ന ഒരാളുടെ പ്രവൃത്തി പൊതു ജനങ്ങളെ അപകടപ്പെടുത്തുന്ന ഒന്നാണെന്ന് കണക്കാക്കിയാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നത്. 

മൊബൈലിൽ  സംസാരിച്ചു കൊണ്ട് വാഹനമോടിക്കുന്നത് തീർത്തും പൊതുസുരക്ഷയ്ക്ക് ഭീഷണിയാവില്ലെന്നാണ് കോടതി പറഞ്ഞത്. മൊബൈലിൽ ചില വിവരങ്ങൾ കേൾക്കുമ്പോൾ വാഹനമോടിക്കുന്ന ആളുടെ ശ്രദ്ധ മാറുമെന്നും അത് അപകടത്തിന് കാരണമാവുമെന്നുള്ള വാദം കോടതി പാടെ തള്ളി. അങ്ങനെയെങ്കിൽ വാഹനങ്ങളിലെ  റേഡിയോയിൽ ചില വാർത്തകൾ കേൾക്കുമ്പോഴും ഇതു സംഭവിക്കാമല്ലോ എന്ന് കോടതി അഭിപ്രായപ്പെട്ടു.

പോലീസ് ആക്ടില്‍ 118 (ഇ) വകുപ്പ് സംബന്ധിച്ച് ഹൈക്കോടതി സിംഗിള്‍ ബഞ്ച്  വിവിധ വ്യാഖ്യാനങ്ങള്‍  നല്‍കിയിരുന്ന സാഹചര്യത്തിലാണ് കേസ് ഡിവിഷന്‍ ബഞ്ചിന്റെ പരിഗണനയ്ക്ക് എത്തിയത്. പക്ഷെ കേരള പോലീസ് ആക്ടിലെ 118 (ഇ) വകുപ്പ് അനുസരിച്ച് കേസെടുക്കുന്നതിൽ മാത്രമാണ് ഈ വിധി തടസമാവുന്നത്.

എന്നാൽ അശ്രദ്ധമായും അപകടകരമായും വാഹനമോടിക്കുന്നവർക്കെതിരെ മോട്ടോർ വെഹിക്കിൾ ആക്ടിന്റെ 184,  ഇന്ത്യൻ ശിക്ഷാ നിയമം 279  എന്നീ വകുപ്പുകൾ പ്രകാരം കേസെടുക്കാവുന്നതാണ്.  റൂൾസ് ഓഫ് റോഡ് റെഗുലേഷൻ 37(1),   സെൻട്രൽ മോട്ടോർ വെഹിക്കിൾ റൂൾ 21(25) എന്നിവയനുസരിച്ച് വാഹനമോടിക്കുന്നയാൾ മൊബൈൽ ഉപയോ​ഗിക്കാൻ പാടില്ല.  മൊബൈൽ ഫോണിൽ സംസാരിച്ചു കൊണ്ട് വാഹനമോടിച്ചാൽ ഡ്രൈവിങ്  ലൈസൻസ് റദ്ദാക്കാനും  ഇവ വ്യവസ്ഥ ചെയ്യുന്നുണ്ട്.  അതു കൊണ്ടു തന്നെ സുരക്ഷിതമായി വാഹനമോടിക്കാനും  റോഡപകടങ്ങൾ കുറയ്ക്കാനും ശ്രദ്ധയോടെയുള്ള ഡ്രൈവിങ് നല്ലതാണ്.