മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ പോലീസിന്റേതെന്ന് തോന്നിപ്പിക്കുന്ന സ്ഥാനചിഹ്നങ്ങളും യൂണിഫോമും ധരിക്കരുതെന്ന് സംസ്ഥാന പോലീസ് മേധാവിയുടെ ഉത്തരവ്. ആര്‍.ടി.ഒ.മാര്‍ക്ക് യൂണിഫോമില്‍ ദേശീയ ചിഹ്നമായ അശോകസ്തംഭം ഉപയോഗിക്കാന്‍ ചട്ടപ്രകാരം അനുവാദമില്ല. എന്നാല്‍, നിലവില്‍ ഉപയോഗിക്കുന്നുണ്ട്. 

ഇത് മാറ്റി സംസ്ഥാന ചിഹ്നമായ രണ്ടാന ഉപയോഗിക്കണം എന്നാണ് ഡി.ജി.പി.യുടെ ഉത്തരവ്. ഇതിനെത്തുടര്‍ന്ന് ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍, മുഴുവന്‍ ഡെപ്യൂട്ടി കമ്മിഷണര്‍മാര്‍ക്കും റീജണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍മാര്‍ക്കും ജോയന്റ് റീജണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍മാര്‍ക്കും പോലീസിന് സമാനമായ യൂണിഫോം പാടില്ലെന്ന് നിര്‍ദേശം നല്‍കി.

കേരള മോട്ടോര്‍ വാഹന ചട്ടം 406 പ്രകാരം നിശ്ചയിച്ചിട്ടുള്ള യൂണിഫോം മാത്രമേ ആര്‍.ടി.ഒ.മാരും ജോയന്റ് ആര്‍.ടി.ഒ.മാരും അടക്കമുള്ള ഉദ്യോഗസ്ഥര്‍ ധരിക്കാവൂവെന്നാണ് നിര്‍ദേശം. തോളിലെ ബാഡ്ജില്‍ കേരള ട്രാന്‍സ്പോര്‍ട്ട് സര്‍വീസ് എന്നതിന്റെ ചുരുക്കപേരായ കെ.ടി.എസ്. എന്ന അക്ഷരങ്ങള്‍ ആര്‍.ടി.ഒ. മാര്‍ യൂണിഫോമില്‍ ധരിക്കണം. 

തോളില്‍ ഒരു നക്ഷത്രവും കേരള സര്‍ക്കാരിന്റെ ചിഹ്നമായ രണ്ടാനയും ഉണ്ടായിരിക്കണം. ജോയന്റ് ആര്‍.ടി.ഒ.മാരും ഇതേ മാതൃകയിലുള്ള യൂണിഫോമാണിടേണ്ടത്. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാര്‍ യൂണിഫോമിനൊപ്പം കേരള മോട്ടോര്‍ വെഹിക്കിള്‍ എന്ന ചുരുക്കെഴുത്തായ കെ.എം.വി. എന്നും സംസ്ഥാന സര്‍ക്കാരിന്റെ ചിഹ്നവുമാണ് വേണ്ടത്.

മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരും അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരും കെ.ടി.എസ്. എന്ന ചുരുക്കെഴുത്ത് യൂണിഫോമില്‍ ധരിക്കാന്‍ പാടില്ല. പോലീസിന് സമാനമായ രീതിയിലുള്ള യൂണിഫോം വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ ധരിക്കുന്നത് പൊതുജനത്തിന് തെറ്റിദ്ധാരണയുണ്ടാക്കുന്നതായി പരാതി ഉയര്‍ന്നിരുന്നു. തുടര്‍ന്നാണ് ഡി.ജി.പി. സര്‍ക്കുലര്‍ ഇറക്കിയത്.