പാലക്കാട്: രജിസ്‌ട്രേഷന്‍ പുതുക്കാനെത്തുന്ന, പൊതുസേവനങ്ങള്‍ക്കുള്ള പഴയ വാഹനങ്ങള്‍ക്കും ആര്‍.ടി. ഓഫീസുകളില്‍ ജി.പി.എസ്. നിര്‍ബന്ധമാക്കുന്നു. 2019 ജനുവരി ഒന്നിനോ അതിനുശേഷമോ രജിസ്റ്റര്‍ചെയ്യുന്ന വാഹനങ്ങള്‍ക്ക് ജി.പി.എസ്. ഘടിപ്പിക്കണമെന്ന് കഴിഞ്ഞ മാര്‍ച്ച് 19-ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ ഉത്തരവിറക്കിയിരുന്നു. ഈ ഉത്തരവിന്റെ മറവിലാണ് രജിസ്‌ട്രേഷന്‍ പുതുക്കാനെത്തുന്ന പഴയ വണ്ടികള്‍ക്കും ജി.പി.എസ്. നിര്‍ബന്ധമാക്കാന്‍ ആര്‍.ടി. ഓഫീസുകളില്‍ നടപടി തുടങ്ങിയത്.

മുച്ചക്രവാഹനം ഒഴിച്ചുള്ള മുഴുവന്‍ വാടകവാഹനങ്ങള്‍ക്കും ബസ്സുകള്‍ക്കും ലോറികള്‍ക്കും ജി.പി.എസ്. വേണമെന്ന നിര്‍ദേശം രാജ്യത്തെ വാഹനങ്ങളെയെല്ലാം ഒരുകുടക്കീഴില്‍ ബന്ധിപ്പിക്കുന്ന 'വാഹന്‍' സംവിധാനത്തിന്റെ ഭാഗമായാണ് നിലവില്‍വന്നത്. ബസ്സുകള്‍, ലോറികള്‍ തുടങ്ങി പൊതു ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന വണ്ടികള്‍ പുതുതായി രജിസ്റ്റര്‍ ചെയ്യുമ്പോള്‍ ജി.പി.എസ്. ഘടിപ്പിക്കണമെന്നാണ് ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ നിര്‍ദേശിച്ചിട്ടുള്ളതെന്ന് വാഹനയുടമകള്‍ പറയുന്നു. ഇത് മറികടന്നാണ് ജി.പി.എസ്. ഇല്ലെങ്കില്‍ പഴയവാഹനങ്ങള്‍ക്ക് രജിസ്‌ട്രേഷന്‍ പുതുക്കിനല്‍കില്ലെന്ന നിലപാടുമായി ആര്‍.ടി.ഒ.മാര്‍ രംഗത്തെത്തിയിട്ടുള്ളത്.

ജി.പി.എസ്. യന്ത്രത്തിന് 9,900 രൂപമുതല്‍ 14,000 രൂപവരെയാണ് വിപണിവില. ഒരു ആര്‍.ടി.ഒ. ഓഫീസില്‍ പ്രതിമാസം ശരാശരി 150-ഓളം ബസ്സുകളടക്കമുള്ള വാഹനങ്ങള്‍ രജിസ്‌ട്രേഷന്‍ പുതുക്കാനെത്തുന്നുണ്ട്. ഇതനുസരിച്ച് മാസം സംസ്ഥാനത്തെ 79 ആര്‍.ടി. ഓഫീസുകളിലായി 11,000-ത്തോളം പൊതുവാഹനങ്ങളെത്തുന്നുണ്ട്. ഇവയ്ക്ക് ജി.പി.എസ്. ഘടിപ്പിക്കുന്നതിനുമാത്രം 10 കോടിയോളം രൂപ വരും. പഴയ വാഹനങ്ങള്‍ക്ക് ആയുസ്സ് കുറവായതിനാല്‍ ജി.പി.എസ്. വേണമെന്ന് നിര്‍ബന്ധിക്കുന്നത് വന്‍ബാധ്യതയാവുന്നതായും ഉടമകള്‍ പറയുന്നു.

സംസ്ഥാനത്തെ വിവിധ ആര്‍.ടി. ഓഫീസുകള്‍ക്ക് സമീപം അടുത്തിടെ നിരവധി ജി.പി.എസ്. വില്പനകേന്ദ്രങ്ങള്‍ തുറന്നിട്ടുണ്ട്. അധികൃതരുടെ മൗനാനുവാദത്തോടെ എത്തിയിട്ടുള്ള ഇത്തരം കേന്ദ്രങ്ങളെക്കുറിച്ച് അന്വേഷണം വേണമെന്നാവശ്യപ്പെട്ട് കേരള യൂസ്ഡ് വെഹിക്കിള്‍ ഡീലേഴ്‌സ് ആന്‍ഡ് ബ്രോക്കേഴ്‌സ് അസോസിയേഷനും രംഗത്തെത്തി.

നിര്‍ബന്ധിക്കുന്നതായി അറിവില്ല

ബസ്സുകളുടേയും മറ്റും സമയക്രമം ഉറപ്പാക്കുന്നതിന് രൂപംനല്‍കിയ പദ്ധതിയാണ് ജി.പി.എസ്. അധിഷ്ഠിത വാഹനനിരീക്ഷണ സംവിധാനം. ഇതിനാവശ്യമായ ക്രമീകരണത്തിന് ആര്‍.ടി.ഒ.മാര്‍ക്ക് അധികാരമുണ്ട്. രജിസ്‌ട്രേഷന്‍ പുതുക്കാനെത്തുന്ന വാഹനങ്ങളുടെ ഉടമകളെ ജി.പി.എസ്. ഘടിപ്പിക്കാന്‍ നിര്‍ബന്ധിക്കുന്നതായി അറിവില്ല. -ഗതാഗതവകുപ്പ് മന്ത്രിയുടെ ഓഫീസ്

Content Highlights; GPS, GPS For Vehicels