റോയൽ എൻഫീൽഡ് ഹണ്ടർ 350
വേട്ടക്കാരൻ എത്തിയിട്ടുണ്ട്; കാടിളക്കി വേട്ട തുടങ്ങാൻ. ഇനി കളിമാറും. റോയൽ എൻഫീൽഡ് എന്തെങ്കിലും ചെയ്യുന്നുണ്ടെങ്കിൽ അത് രാജകീയമായിരിക്കും. ഇത്തവണയും അത് തെറ്റിച്ചിട്ടില്ല. തങ്ങളുടെ ഏറ്റവും വില കുറഞ്ഞ മോഡലിനെ അവതരിപ്പിച്ച് അടിവരെ തുടച്ചെടുക്കാൻ ഒരുങ്ങുകയാണ് റോയൽ എൻഫീൽഡ് ഹണ്ടറിലൂടെ. 350 സി.സി.യുടെ പുതിയ മോട്ടോർസൈക്കിളാണ് എൻഫീൽഡിന്റെ പുതിയ താരം. ഈ വിഭാഗത്തിൽ എൻഫീൽഡിന്റെ മോട്ടോർസൈക്കിളുകൾക്ക് തന്നെയാണ് ഡിമാൻഡ്. അവിടെയാണ് ക്ലാസിക് 350, മീറ്റിയോർ 350 എന്നിവയെ കമ്പനി ഇറക്കിയത്. എന്നാൽ അവയുടെ വിലയ്ക്ക് താഴെയാണ് റിട്രോ കൽസിക് രൂപവുമായി ഹണ്ടറിനെയും കൊണ്ടുവന്നിരിക്കുന്നത്. ഡിസൈനിൽ മറ്റ് എൻഫീൽഡ് മോഡലുകളിൽനിന്ന് വ്യത്യസ്തനാണ് ഹണ്ടർ. എന്നാൽ പഴമയുടെ പുതുമ നിലനിർത്തുകയും ചെയ്യുന്നുണ്ട്.
വൃത്താകൃതിയിലുള്ള ടേൺ ഇൻഡിക്കേറ്ററുകൾ, വൃത്താകൃതിയിലുള്ള ഹെഡ് ലാംപുകൾ, ഗെയ്റ്ററുകളുള്ള മുൻവശത്തെ ഫോർക്ക്, ചെറിയ മഡ്ഗാർഡ് എന്നിവയാണ് ഹണ്ടറിനെ രൂപത്തിൽ വേറിട്ടു നിർത്തുന്നത്.
17 ഇഞ്ച് ഫോർജ്ഡ് അലോയ് വീലുകൾ, ഹെഡ് ലൈറ്റ് യൂണിറ്റിനു മുകളിൽ നൽകിയിരിക്കുന്ന റെട്രോസ്റ്റൈൽ സ്പീഡോമീറ്ററിലുള്ള വൃത്താകൃതിയിലുള്ള പോഡും വ്യത്യസ്തമാകുന്നു.
ഇന്ധന നില, ട്രിപ്പ് മീറ്ററുകൾ, ഓഡോമീറ്റർ, സമയം എന്നിവയുൾപ്പെടെ എല്ലാ വിവരങ്ങളും നൽകുന്ന വൃത്താകൃതിയിലുള്ള എൽ.സി.ഡി.യുമാണ് മുന്നിലുള്ളത്. ഒരു യു.എസ്.ബി. പോർട്ടും ഹാൻഡിലിന്റെ വശത്തായുണ്ട്. ഇന്ധനടാങ്ക് മെറ്റീയോറിൽ കണ്ട ഭീമാകാരനല്ല. ടാങ്കിൽ തിളങ്ങിനിൽക്കുന്ന ഇരട്ടനിറത്തിൽ എൻഫീൽഡ് എന്നെഴുതിയ സ്റ്റിക്കർ അതിമനോഹരമാണ്.
എൻജിൻ
കമ്പനിയുടെ സിംഗിൾ സിലിൻഡർ ജെ സീരീസ് എൻജിൻ കറുപ്പിനഴകായി മാറ്റിയിട്ടുണ്ട്. റെട്രോ മോഡലിലെ സിംഗിൾ സീറ്റും സ്‌പ്ലിറ്റ് ഗ്രാബ് റെയിലുകളടക്കമുള്ള പിന്നിലെ സീറ്റ് മെട്രോ വേരിയന്റുകളിലെ സവിശേഷതയാണ്.
വൃത്താകൃതിയിലുള്ള ടെയിൽലൈറ്റും എൽ.ഇ.ഡി.യാണ്.349 സി.സി., ഫ്യുവൽ ഇഞ്ചക്ടഡ് ജെ സീരീസ് എൻജിനാണ്. ഈ സിംഗിൾ സിലിൻഡർ യൂണിറ്റ് 6,100 ആർ.പി.എമ്മിൽ 20.2 ബി.എച്ച്.പി. കരുത്തും 27 എൻ.എം. പീക്ക് ടോർക്കും സൃഷ്ടിക്കുന്നു. അഞ്ച് സ്പീഡ് ഗിയർബോക്സാണിതിൽ.
മറ്റ് ജെ. സീരീസ് മോഡലുകളെക്കാൾ ഭാരം കുറഞ്ഞതാണ് ഹണ്ടർ 350. 181 കിലോഗ്രാമാണ് ഭാരം, മീറ്റിയോറിനെക്കാൾ 10 കിലോയും ക്ലാസിക് 350 നെക്കാൾ 14 കിലോയും ഭാരം കുറവാണ്.
മുന്നിൽ 41 എം.എം. ടെലിസ്‌കോപിക് ഫോർക്കുകളുള്ള ട്വിൻ ഡൗൺ ട്യൂബ് സ്പൈൻ ഫ്രെയിം സജ്ജീകരണവും പിന്നിൽ പ്രീലോഡ് ക്രമീകരിക്കാവുന്ന ഇരട്ട ഷോക്കുകളുമാണ്. മുൻവശത്ത് രണ്ട് പിസ്റ്റൺ കാലിപ്പറുകളുള്ള 300 എം.എം. ഡിസ്‌കും പിന്നിൽ സിംഗിൾ പിസ്റ്റൺ കാലിപ്പറുള്ള 270 എം.എം. ഡിസ്‌കുമാണ്. റൈഡിങ്ങിൽ ഒരു സിറ്റി റൈഡായി ഹണ്ടറിനെ ഉപയോഗിക്കാം. വലിയ കരുത്തുണ്ടെങ്കിലും ട്രാഫിക്കിലുമൊക്കെ കുത്തിത്തിരുകി കൊണ്ടുപോകാൻ കഴിയും. 60 മുതൽ 100 കിലോമീറ്റർ വരെ വേഗം പെട്ടെന്നെടുക്കാൻ കഴിയുന്നുണ്ട്. ബ്ലാക്ക്ഔട്ട് എക്സ്ഹോസ്റ്റിൽനിന്നുള്ള ശബ്ദവും ഇതുവരെ കണ്ട എൻഫീൽഡുകളിൽനിന്ന് വ്യത്യസ്തമാണ്.മുൻവശത്തെ സസ്പെൻഷൻ മികച്ചതാണ്. ബ്രേക്കിങ്ങിൽ മെച്ചം നേടിയിട്ടുണ്ട്. വലിയ വേഗത്തിലും പെട്ടെന്ന് ബ്രേക്ക് ചെയ്യുന്നതിന് ധൈര്യം വരുന്നുണ്ട്. വിറയലും കുറഞ്ഞിട്ടുണ്ട്.
അടിസ്ഥാന റെട്രോ വേരിയന്റിന് 1,49,900 രൂപ മുതലാണ് വില.
Content Highlights: Royal Enfield hunter 350, price, features
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..