റോയല്‍ എന്‍ഫീല്‍ഡ് ഓഫ് റോഡര്‍ മോഡലായ ഹിമാലയന്‍ പുതിയ മൂന്ന് നിറങ്ങളില്‍ അവതരിപ്പിച്ചു. ഗ്രാവല്‍ ഗ്രേ, ലേക്ക് ബ്ലൂ, റോക്ക് റെഡ് എന്നീ നിറങ്ങളാണ് 2020 ഹിമാലയനില്‍ ഇടംപിടിച്ചത്. ഇറ്റലിയില്‍ നടന്ന 2019 മിലാന്‍ മോട്ടോര്‍ ഷോയിലാണ് ഈ മോഡലുകള്‍ റോയല്‍ എന്‍ഫീല്‍ഡ് പ്രദര്‍ശിപ്പിച്ചത്‌.

റോക്ക് റെഡ്, ലേക്ക് ബ്ലൂ എന്നീ ഡ്യുവല്‍ കളര്‍ ഓപ്ഷനില്‍ ഫ്യുവല്‍ ടാങ്ക്, ലഗേജ് റാക്ക്, ക്രാഷ് പ്രൊട്ടക്ഷന്‍ ഗാര്‍ഡ് എന്നിവ റെഡ്/ബ്ലൂ ഗ്ലോസി ഫിനിഷിലാണ്. ബാക്കിയുള്ള ഭാഗങ്ങളെല്ലാം ബ്ലാക്ക് നിറത്തിലും. ഗ്രാവല്‍ ഗ്രേ കളര്‍ ഓപ്ഷനില്‍ ഫ്യുവല്‍ ടാങ്ക്, ഫ്രണ്ട് ബ്രേക്ക് ഫെന്‍ഡര്‍ എന്നിവ മാറ്റ് ഫിനിഷിലാണ്. ഇവ ഒഴികെയുള്ള ഭാഗങ്ങളെല്ലാം പതിവുപോലെ ബ്ലാക്ക് നിറത്തിലുമാണ്. നിലവില്‍ സ്‌നോ, ഗ്രാനൈറ്റ്, സ്ലീറ്റ് എന്നീ മൂന്ന് കളര്‍ ഓപ്ഷനിലാണ് ഹിമാലന്‍ ഇന്ത്യന്‍ വിപണിയിലുള്ളത്. 

himalayan
courtesy; eicma

പുതിയ നിറങ്ങള്‍ ഉള്‍പ്പെടുത്തിയത് ഒഴിച്ചുനിര്‍ത്തിയാല്‍ മറ്റുമാറ്റങ്ങളൊന്നും ഹിമാലയനില്ല. മെക്കാനിക്കല്‍ ഫീച്ചേഴ്സും സമാനം. 24.5 ബിഎച്ച്പി പവറും 32 എന്‍എം ടോര്‍ക്കുമേകുന്ന 411 സിസി സിംഗിള്‍ സിലിണ്ടര്‍ എയര്‍ കൂള്‍ഡ് എന്‍ജിനാണ് വാഹനത്തിന് കരുത്തേകുന്നത്. 5 സ്പീഡാണ് ഗിയര്‍ബോക്സ്. വൈകാതെ പുതിയ കളര്‍ ഓപ്ഷനില്‍ ഹിമാലയന്‍ വിപണിയിലെത്തും.

Content Highlights; royal enfield himalayan gets new three colours