ടാറ്റയുടെ ഉടമസ്ഥതയിലുള്ള ബ്രിട്ടീഷ് വാഹനനിര്‍മാതാക്കളായ റേഞ്ച് റോവല്‍ ഇന്ത്യയില്‍ വിവിധ മോഡലുകളുടെ വില 50 ലക്ഷത്തോളം കുറച്ചതിന് തൊട്ടുപിന്നാലെ മറ്റു ബ്രിട്ടീഷ് കമ്പനികളും ഇന്ത്യന്‍ മോഡലുകളുടെ വില വന്‍ തോതില്‍ കുറച്ചു. റോള്‍സ് റോയ്‌സ്, ആസ്റ്റണ്‍ മാര്‍ട്ടിന്‍ എന്നിവര്‍ തങ്ങളുടെ മുന്‍നിര മോഡലുകള്‍ക്ക് ഇരുപത് ലക്ഷം മുതല്‍ ഒരു കോടിയിലേറെ രൂപയാണ് കുറച്ചത്. ബ്രക്‌സ്റ്റിന് ശേഷം ബ്രിട്ടീഷ് പൗണ്ടിന്റെ മൂല്യം വന്‍തോതില്‍ കുറഞ്ഞതാണ് വില ഇത്രയധികം കുറയാന്‍ കാരണം.

കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ വിനിമയ നിരക്കില്‍ ഇന്ത്യന്‍ രൂപയ്‌ക്കെതിരെ 20 ശതമാനത്തിന്റെ കുറവാണ് ബ്രിട്ടീഷ് പൗണ്ടിന് നേരിട്ടത്. അതിനാല്‍ ബ്രിട്ടണ്‍ ആസ്ഥാനമായ നിര്‍മ്മാതാക്കള്‍ക്ക് കയറ്റുമതി ചെലവ് വളരെ കുറഞ്ഞു. ഏറ്റവും കൂടുതല്‍ വില കുറച്ചത് റോള്‍സ് റോയ്‌സ് ഫാന്റത്തിനാണ്, 1.2 കോടി രൂപ. ഇതോടെ നേരത്തെ ഒമ്പത് കോടി രൂപയായിരുന്ന ഫാന്റത്തിന് ഇനി 7.8-8 കോടിക്കുള്ളിലായിരിക്കും ഡല്‍ഹി എക്‌സ്‌ഷോറൂം വില. മികച്ച വില്‍പനയുള്ള റോള്‍സ് റോയ്‌സ് ഗോസ്റ്റിന്റെ വില 50 ലക്ഷം കുറച്ച് 4.75 കോടി രൂപയിലെത്തി.

ആസ്റ്റണ്‍ മാര്‍ട്ടിന്‍ ഡിബി 11 മോഡലിന് 21 ലക്ഷത്തോളം കുറച്ച് 4.06 കോടിയിലെത്തി. ഏപ്രില്‍ ഒന്നു മുതല്‍ പുതുക്കിയ നിരക്ക് മുന്‍കാല പ്രാബല്യത്തോടെ നിലവില്‍ വന്നിട്ടുണ്ട്. രണ്ട് കോടിക്ക് മുകളില്‍ വിലയുള്ള 200 വാഹനങ്ങളാണ് 2016-ല്‍ ഇന്ത്യയില്‍ വിറ്റഴിച്ചത്, ഇതില്‍ പകുതിയും ബ്രിട്ടീഷ് നിര്‍മാതാക്കളുടേതാണ്. വിലക്കുറവ് വഴി ഈ വര്‍ഷം വില്‍പ്പന വര്‍ധിപ്പിക്കാമെന്ന പ്രതീക്ഷയിലാണ് ബ്രിട്ടീഷ് കമ്പനികള്‍.