സാന്‍ഫ്രാന്‍സിസ്‌കോ: ആഡംബര ഇലക്ട്രിക് കാറുകളുടെ നിര്‍മാതാക്കളായ ടെസ്‌ലയുടെ പുതിയ ചെയര്‍മാനായി റോബിന്‍ ഡെനോം നിയമിതയായി. ടെസ്‌ലയുടെ സ്ഥാപകനായ എലോണ്‍ മസ്‌ക് ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് വിവാദങ്ങളെത്തുടര്‍ന്ന് രാജിവച്ചതോടെയാണ് റോബിന്‍ നിയമിതയായത്.  

2014 മുതല്‍ കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡിലുണ്ട് അവര്‍. ഓസ്ട്രേലിയന്‍ കമ്പനിയായ ടെല്‍സ്ട്രയുടെ സി. എഫ്.ഒ. ആയും പ്രവര്‍ത്തിച്ചുവരികയായിരുന്നു ഇവര്‍. ആറു മാസത്തെ നോട്ടീസ് കാലാവധി പൂര്‍ത്തിയാക്കും വരെ അവര്‍ ടെല്‍സ്ട്രയില്‍ തുടരും.

ടെസ്‌ലയിലെ പൊതു നിക്ഷേപകരുടെ ഓഹരി വാങ്ങിക്കൂട്ടി പ്രൈവറ്റ് കമ്പനിയാക്കുന്നതിന് ഫണ്ടിങ് ലഭിച്ചു എന്ന തരത്തില്‍ എലോണ്‍ മസ്‌ക് ട്വീറ്റ് ചെയ്തിരുന്നു. ഇത് നിക്ഷേപകരെ കബളിപ്പിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി ഓഹരി വിപണി റെഗുലേറ്റര്‍ നടപടിയെടുത്തിരുന്നു. അദ്ദേഹത്തോട് ചെയര്‍മാന്‍ സ്ഥാനം ഒഴിയാന്‍ റെഗുലേറ്ററി കമ്മിഷന്‍ നിര്‍ദേശിച്ചിരുന്നു. മൂന്നു വര്‍ഷത്തേക്ക് ചെയര്‍മാന്‍ സ്ഥാനത്തുനിന്നു മാറി നില്‍ക്കണമെന്നായിരുന്നു നിര്‍ദേശം. 

പുതുതായി ചെയര്‍മാന്‍ സ്ഥാനത്തെത്തുന്ന റോബിന്‍ ടെല്‍സ്ട്രയ്ക്കു പുറമെ ജുനീപ്പര്‍ നെറ്റ് വര്‍ക്‌സ്, സണ്‍ മൈക്രോ സിസ്റ്റംസ്, ടൊയോട്ട എന്നിവിടങ്ങളിലും നേരത്തെ ജോലി ചെയ്തിട്ടുണ്ട്. 

Content Higlights; Robyn Denholm replaces Elon Musk as Tesla's board chair