സംസ്ഥാനത്ത് പി.ഡബ്ല്യു.ഡി.യുടെ കീഴിലുള്ള റോഡ് റോളറുകള്‍ ഭൂരിഭാഗവും ഉപയോഗശൂന്യം. പലതും തുരുമ്പെടുത്ത് നശിച്ചു. തകരാറുകള്‍ ഉള്ളവ നന്നാക്കിയാലും പ്രവര്‍ത്തിപ്പിക്കാന്‍ ജീവനക്കാരില്ല. ഭൂരിഭാഗം ഓഫീസുകളിലെ റോഡ് റോളര്‍ ഡ്രൈവര്‍മാരും ക്ലീനര്‍മാരും വിരമിച്ചു. ബാക്കിയുള്ളവര്‍ വിരമിക്കാറായവരുമാണ്. പുതിയ ഡ്രൈവര്‍മാരെ നിയമിച്ചിട്ട് കാലങ്ങളായി. 

കരാറുകാരുടെ റോഡ് റോളറുകള്‍ അടക്കമുള്ള യന്ത്രങ്ങള്‍ ഉപയോഗിച്ചാണ് കുറേക്കാലമായി പണികള്‍ നടത്തുന്നത്. ചെറിയ പണികള്‍ക്ക് അപൂര്‍വം സ്ഥലങ്ങളില്‍ പി.ഡബ്ല്യു.ഡി.യുടെ റോഡ് റോളറുകള്‍ ഉപയോഗിച്ചിരുന്നുവെങ്കിലും പിന്നീട് അതും നിലച്ചു. റോഡ് റോളര്‍ പലയിടത്തും ഓഫീസ് മുറ്റത്തും പറമ്പിലും തടസ്സം സൃഷ്ടിക്കുന്ന വിധം ദീര്‍ഘകാലമായി കിടക്കുകയാണ്.

ഇതിന്റെ കേടുകള്‍ പരിശോധിക്കുന്നതും ഉപയോഗശൂന്യമായത് വിലയിരുത്തുന്നതും അവയുടെ തുക നിശ്ചയിക്കുന്നതും പി.ഡബ്ല്യു.ഡി. മെക്കാനിക്കല്‍ വിഭാഗമാണ്. ലേലംചെയ്യാന്‍ സര്‍ക്കാര്‍ അനുമതി വേണം. കുറച്ചുകാലം മുമ്പ് തൃശൂര്‍ ജില്ലയില്‍ ഒരു റോഡ് റോളര്‍ ലേലം ചെയ്യാന്‍ എല്ലാ നടപടികളും പൂര്‍ത്തിയായെങ്കിലും സര്‍ക്കാര്‍ നിശ്ചയിച്ച കുറഞ്ഞ തുകയായ 70,000 രൂപയ്ക്ക് ലേലത്തിന് എടുക്കാന്‍ ആരും തയാറായില്ല.

ഇതൊന്ന് മാറ്റിയിരുന്നെങ്കില്‍...

ചേര്‍പ്പ് മിനി സിവില്‍ സ്റ്റേഷനില്‍ തുരുമ്പെടുത്ത് നശിച്ച റോഡ് റോളര്‍ കുറച്ചുനാള്‍ മുന്പാണ് മാറ്റിയിട്ടത്. ചാലക്കുടിയില്‍ പഴയ പി.ഡബ്ല്യു.ഡി. റെസ്റ്റ് ഹൗസിന്റെ പുറകില്‍ രണ്ട് റോഡ് റോളറുകള്‍ കാടുമൂടിക്കിടക്കുന്നു. ഇവ പ്രവര്‍ത്തനക്ഷമമല്ലെന്നു കാട്ടി പി.ഡബ്ല്യു.ഡി. അസി. എന്‍ജിനീയര്‍ ബന്ധപ്പെട്ടവര്‍ക്ക് കത്ത് നല്‍കിയിരുന്നു.

പഴമയ്ക്കും വിലയുണ്ടേ...

നിലമ്പൂരില്‍ പി.ഡബ്ല്യു.ഡി.യുടെ 75 കൊല്ലം പഴക്കമുള്ള റോഡ് റോളര്‍ ഒരു പ്രമുഖ കമ്പനി 3.25 ലക്ഷം രൂപയ്ക്ക് ഈയിടെ ലേലത്തിലൂടെ സ്വന്തമാക്കിയിരുന്നു. 1946-ല്‍ ഇംഗ്ലണ്ടില്‍ നിര്‍മ്മിച്ച ഈ റോഡ് റോളര്‍ 1950 മുതല്‍ നിലമ്പൂര്‍ സെക്ഷനിലായിരുന്നു. ബ്രിട്ടീഷുകാര്‍ നിര്‍മിച്ചതുള്‍പ്പെടെ മലബാര്‍ മേഖലയിലെ ഒട്ടുമിക്ക റോഡുകളുടെയും പണിയില്‍ മുഖ്യ പങ്കുവഹിച്ച ഈ റോഡ് റോളര്‍ പുരാവസ്തുശേഖരത്തിലേക്കാണ് ഒരു സ്വകാര്യ കമ്പനി ലേലത്തില്‍ എടുത്തത്.

Content Highlights: Road Roller, Old Road Roller, PWD Road Roller