സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ റോഡപകടങ്ങളുണ്ടാകുന്ന പത്ത് ബ്ലാക് സ്‌പോട്ടുകളില്‍ ഏഴും ആലപ്പുഴ ജില്ലയിലെന്ന് കേന്ദ്ര ഗതാഗത മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട്. ഏറ്റവും കൂടുതല്‍ റോഡപകടമുണ്ടാകുന്ന സ്ഥലങ്ങളെയാണ് ബ്ലാക് സ്‌പോട്ടുകളായി കണക്കാക്കുന്നത്. കേരളത്തില്‍ 243 ബ്ലാക് സ്‌പോട്ടുകളുണ്ട്. 

അപകടത്തില്‍ ഏറ്റവും മുന്നിലുള്ള പത്ത് ബ്ലാക് സ്‌പോട്ടുകളില്‍ മൂന്നു വര്‍ഷത്തിനിടെ (2016- 2018) മരിച്ചത് 173 പേരാണ്. അതില്‍ 120 പേര്‍ക്കും ആലപ്പുഴയിലെ ബ്ലാക് സ്‌പോട്ടുകളിലാണ് അപകടമുണ്ടായത്. സംസ്ഥാനത്ത് അപകടമരണം ഏറ്റവും കൂടുതല്‍ നടന്ന ബ്ലാക് സ്‌പോട്ട് ദേശീയപാത 744-ല്‍ കൊല്ലം കുണ്ടറ കേരളപുരത്താണ്. 

ഇവിടെ മൂന്നുവര്‍ഷത്തിനിടെ 36 അപകടങ്ങളിലായി 28 പേര്‍ക്ക് ജീവന്‍ നഷ്ടമായി. അപകടങ്ങളുടെ എണ്ണത്തില്‍ ഒന്നാംസ്ഥാനത്ത് ആലപ്പുഴ അരൂര്‍ ബൈപ്പാസ് മുതല്‍ അരൂര്‍ ക്ഷേത്രം വരെയുള്ള ദേശീയപാത 66-ലെ ബ്ലാക് സ്‌പോട്ടാണ്. ഇവിടെ 164 അപകടങ്ങളില്‍ 26 പേരാണ് മൂന്ന് വര്‍ഷത്തിനിടെ മരിച്ചത്.

രാജ്യത്താകെ 5,583 ബ്ലാക് സ്‌പോട്ടുകളുള്ളതില്‍ 2,493-ഉം ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലാണ്. തമിഴ്നാട്ടിലാണ് ഏറ്റവും കൂടുതല്‍ (748). ആന്ധ്രപ്രദേശ് (466), കര്‍ണാടകം (551), തെലങ്കാന (485) സംസ്ഥാനങ്ങളാണ് തൊട്ടുപിന്നില്‍. ബ്ലാക് സ്‌പോട്ടുകളുടെ എണ്ണത്തില്‍ രണ്ടാംസ്ഥാനം പശ്ചിമബംഗാളിനാണ് (701). അതേസമയം, അപകടങ്ങളുടെ എണ്ണത്തില്‍ ഒന്നാംസ്ഥാനത്തുള്ള ഉത്തര്‍പ്രദേശില്‍ 253 ബ്ലാക് സ്‌പോട്ടുകള്‍മാത്രമാണ് കണ്ടെത്തിയിട്ടുള്ളത്. വലിയ സംസ്ഥാനങ്ങളായ മധ്യപ്രദേശില്‍ 303-ഉം രാജസ്ഥാനില്‍ 349-ഉം ബ്ലാക് സ്‌പോട്ടുകളാണുള്ളത്.

മറ്റു പ്രധാന ബ്ലാക് സ്പോട്ടുകള്‍

ആലപ്പുഴ അരൂരിലെ എരമല്ലൂര്‍, ചന്ദിരൂര്‍, ഹരിപ്പാട് മാധവ ജങ്ഷന്‍ മുതല്‍ കെ.എസ്.ആര്‍.ടി.സി. ജങ്ഷന്‍ വരെയുള്ള ഭാഗം, ഹരിപ്പാട് കരുവാറ്റ മുതല്‍ വഴിയമ്പലം വരെയുള്ള ഭാഗം, കരീലക്കുളങ്ങര രാമപുരം, കുത്തിയത്തോട് തുറവൂര്‍ സെയ്ന്റ് ജോര്‍ജ് പള്ളി മുതല്‍ റിലയന്‍സ് പെട്രോള്‍ പമ്പ് വരെയുള്ള ഭാഗം, കണ്ണൂര്‍ വളപട്ടണം പാപ്പിനിശ്ശേരി ചുങ്കം മുതല്‍ വേലപുരം വരെ, കോഴിക്കോട് വടകര കൈനാട്ടി.

Content Highlights: Road Accidents In Kerala; Seven Out Of Ten Black Spots In Alappuzha