തലനാരിഴയ്ക്ക് രക്ഷപ്പെടുക എന്നത് കേട്ടുകേള്‍വി മാത്രമുള്ള ഒരു പ്രയോഗമായിരുന്നു. എന്നാല്‍, മലപ്പുറം സ്വദേശിനിയായ ദീപ ഈ പ്രയോഗത്തിന്റെ നേര്‍സാക്ഷിയാണ്. മലപ്പുറം ജില്ലയിലെ വള്ളുവമ്പ്രത്തുണ്ടായ അപകടത്തില്‍ ദീപ രക്ഷപ്പെട്ടത് ആയുസിന്റെ ബലം ഒന്നുകൊണ്ട് മാത്രമാണ്.
റോഡരികില്‍ നിര്‍ത്തിയിട്ടിരിക്കുകയായിരുന്ന ഓട്ടോ ഡ്രൈവറില്ലാതെ പിന്നോട്ട് നിരങ്ങി നീങ്ങി റോഡിലേക്ക് കയറി സ്‌കൂട്ടറില്‍ ഇടിച്ചാണ് അപകടമുണ്ടായത്. ഓട്ടോറിക്ഷ ഇടിച്ച് തെറിപ്പിച്ച സ്‌കൂട്ടറില്‍ എതിര്‍ ദിശയില്‍ നിന്ന് വന്ന ലോറി ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ സ്‌കൂട്ടര്‍ യാത്രക്കാരി ലോറിയുടെ അടിയിലേക്ക് തെറിച്ച് വീണു.
എന്നാല്‍, ലോറി ഡ്രൈവര്‍ സഡന്‍ ബ്രേക്ക് ചെയ്തതിനെ തുടര്‍ന്ന് ലോറി നില്‍ക്കുകയും യുവതി രക്ഷപ്പെടുകയുമായിരുന്നു. കീഴ്‌ശേരി സ്വദേശി ദീപയാണ് ഈ അപകടത്തില്‍ നിന്ന് അദ്ഭുതകരമായി രക്ഷപ്പെട്ടത്. ലോറി ഡ്രൈവറിന്റെ സമയോചിതമായി ഇടപ്പെടലാണ് അപകടത്തിന്റെ വ്യാപ്തി കുറച്ചതെന്നാണ് വിലയിരുത്തല്‍.
അപകടത്തില്‍പെട്ട ദീപയെ നിസാര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. റോഡിലൂടെ സ്‌കൂട്ടറില്‍ പോകുകയായിരുന്ന ദീപയുടെ മുന്നിലേക്ക് റോഡിന് കുറുകെയാണ് ഓട്ടോറിക്ഷ ഇറങ്ങി വരികയും സ്‌കൂട്ടറില്‍ ഇടിക്കുകയുമായിരുന്നു. ഇടിയുടെ ആഘാതത്തില്‍ സ്‌കൂട്ടര്‍ തെറിച്ച് എതിരേ വന്ന ലോറിയിലേക്ക് ഇടിക്കുകയായിരുന്നു.
Content Highlights: Road Accident In Malapuram District