വാഹനാപകടങ്ങളില്‍ പരിക്കേല്‍ക്കുന്ന കുട്ടികള്‍ക്ക് തുടര്‍ചികിത്സയും പരിചരണവും ഉറപ്പാക്കാന്‍ കേന്ദ്ര മോട്ടോര്‍വാഹന ചട്ടത്തില്‍ ഭേദഗതി വരുത്തുന്നു. മാതാപിതാക്കള്‍ക്കോ രക്ഷിതാക്കള്‍ക്കോ പരിക്കേറ്റതു കാരണം കുട്ടികളുടെ ചികിത്സ തടസ്സപ്പെടരുത്. തുടര്‍ചികിത്സ ഉറപ്പാക്കണം. 

പരിക്കുപറ്റുന്ന കുട്ടികളുടെ വിവരം പോലീസ് ഉദ്യോഗസ്ഥര്‍ അതത് സ്ഥലത്തെ ശിശുക്ഷേമസമിതിയെ അറിയിക്കണം. കുട്ടികളുടെ ചികിത്സാവിവരം പരിശോധിക്കുകയും ബാലനീതി നിയമം ഉറപ്പുവരുത്തുന്ന സഹായം നല്‍കുകയും വേണം. ചികിത്സയിലുള്ള കുട്ടികള്‍ നിര്‍ധനകുടുംബാംഗങ്ങളോ അവശത അനുഭവിക്കുന്നവരോ ആണെങ്കില്‍ അക്കാര്യം പ്രത്യേകം പരാമര്‍ശിക്കണം.

വാഹനാപകട കേസുകളിലെ അന്വേഷണ പിഴവുകള്‍ പരിഹരിക്കാനാണ് ചട്ടം ഭേദഗതിചെയ്യുന്നത്. വാഹനാപകടങ്ങളിലെ നഷ്ടപരിഹാരം വൈകുന്നതിനെ സുപ്രീംകോടതി വിമര്‍ശിച്ചിരുന്നു. തുടര്‍ന്ന് അന്വേഷണം സമയബന്ധിതമായി പൂര്‍ത്തിയാക്കാനും രേഖകള്‍ വാഹനാപകട നഷ്ടപരിഹാര ട്രിബ്യൂണലില്‍ സമര്‍പ്പിക്കാനും സംസ്ഥാന പോലീസ് മേധാവി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. 

എന്നാല്‍, കൃത്യമായ ഫോമോ മാനദണ്ഡങ്ങളോ ഇല്ലാത്തതിനാല്‍ ഏകീകൃത വിവരങ്ങളല്ല ട്രിബ്യൂണലുകളില്‍ ലഭിച്ചിരുന്നത്. കേന്ദ്ര ഭേദഗതി വരുന്നതോടെ ഇതില്‍ അടുക്കുംചിട്ടയുമുണ്ടാകും.

Content Highlights: Road Accident, Child Welfare Board, Motor Vehicle Act