ന്ത്യയിലെ പുതിയ ഇലക്ട്രിക് ഇരുചക്ര വാഹന നിര്‍മാതാക്കളായ റിവോള്‍ട്ട് അടുത്തിടെ പുറത്തിറക്കിയ മോഡലുകളാണ് RV300, RV 400 ബൈക്കുകള്‍. വിപണിയിലെത്തി ചുരുങ്ങിയ കാലയളവിനുള്ളില്‍ മികച്ച പ്രതികരണം ആദ്യ മോഡലുകള്‍ക്ക് ലഭിച്ചതായി റിവോള്‍ട്ട് വ്യക്തമാക്കി. ഈ മോഡലുകള്‍ക്ക് അടുത്ത രണ്ട് മാസത്തെ (നവംബര്‍, ഡിസംബര്‍) വില്‍പനയ്ക്കുള്ള യൂണിറ്റുകള്‍ ഇതിനോടകം വിറ്റുതീര്‍ന്നെന്നും ഇനി 2020 ജനുവരി, ഫെബ്രുവരി മാസത്തേക്കുള്ള ബുക്കിങ്ങാണ് സ്വീകരിക്കുന്നതെന്നും റിവോള്‍ട്ട് പറഞ്ഞു. 

ഡല്‍ഹി, പുണെ വിപണിയില്‍ മാത്രമാണ് ആദ്യ ഘട്ടത്തില്‍ റിവോള്‍ട്ട് ബൈക്കുകള്‍ വിറ്റഴിക്കുന്നത്. തുടക്കത്തില്‍തന്നെ നല്‍കിയ മികച്ച സ്വീകരണത്തിന് ഡല്‍ഹിയിലെയും പുണെയിലെയും ഉപഭോക്താക്കള്‍ക്ക് സോഷ്യല്‍ മീഡിയ വഴി റിവോള്‍ട്ട് നന്ദി അറിയിച്ചിട്ടുണ്ട്‌. ഈ രണ്ട് നഗരങ്ങള്‍ക്ക് പുറമേ ബെംഗളൂരു, ഹൈദരാബാദ്, നാഗ്പൂര്‍, അഹമ്മദാബാദ്, ചെന്നൈ എന്നിവിടങ്ങളിലേക്കും വൈകാതെ റിവോള്‍ട്ട് വിപണി ശൃംഖല വ്യാപിപ്പിക്കും.  

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (AI) സംവിധാനത്തോടെ രാജ്യത്തെത്തിയ ആദ്യ ഇലക്ട്രിക് ബൈക്കാണ് റിവോള്‍ട്ടിന്റെത്. ഒറ്റചാര്‍ജില്‍ 156 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കുന്ന മോഡലാണ് RV400. എന്‍ട്രി ലെവല്‍ പതിപ്പായ RV 300 മോഡല്‍ 80-150 കിലോമീറ്റര്‍ വരെ സഞ്ചരിക്കും. വാഹനത്തിന്റെ വില ഒന്നിച്ച് അടച്ചുകൊണ്ടുള്ള വില്‍പനയ്ക്ക് പുറമേ മാസംതോറും നിശ്ചിത തുക സ്വീകരിച്ച് 'മൈ റിവോള്‍ട്ട് പ്ലാന്‍' ഇഎംഐ സ്‌കീം വഴിയും ബൈക്കുകള്‍ സ്വന്തമാക്കാനുള്ള അവസരം റിവോള്‍ട്ട് ഇന്റലികോര്‍പ്പ് വാഗ്ദാനം ചെയ്യുന്നുണ്ട്. 

Content Highlights; revolt electric bike sold out for november-december