നികുതി അടയ്ക്കാത്ത വാഹനങ്ങളുടെ ഉടമകള്‍ക്കെതിരേ കര്‍ശന നടപടിയുമായി മോട്ടോര്‍വാഹനവകുപ്പ്. നികുതിഅടവില്‍ വീഴ്ചവരുത്തിയവര്‍ക്കുള്ള നോട്ടീസ് അയച്ചിട്ടും പ്രതികരിക്കാത്തവരെയാണ് ആദ്യഘട്ടത്തില്‍ നോട്ടമിടുന്നത്.

പൊന്നാനി ജോയിന്റ് ആര്‍.ടി.ഓഫീസിന് കീഴിലാണ് ആദ്യഘട്ട നടപടികള്‍ തുടങ്ങിയത്. ഒരുദിവസം മാത്രം 25 ലക്ഷം രൂപയുടെ റവന്യൂറിക്കവറി നടപടികളാണ് പൊന്നാനിയില്‍ മാത്രം സ്വീകരിച്ചത്. നികുതിയടയ്ക്കാത്ത വാഹനങ്ങള്‍ സാധാരണ പരിശോധനകളിലാണ് പിടിക്കപ്പെടാറുള്ളത്. 

നികുതിയടവുണ്ടായിട്ടില്ലെങ്കില്‍ വാഹനവകുപ്പ് ഡിമാന്റ് നോട്ടീസും അയയ്ക്കാറുണ്ട്. ജീവനക്കാരുടെ കുറവും മറ്റും മൂലം തുടര്‍നടപടികള്‍ കാര്യമായുണ്ടാകാറില്ല. നികുതി അടയ്ക്കാത്ത വാഹനങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് പുതിയ നടപടി.

ഡെപ്യൂട്ടി ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍ എം.പി. അജിത്കുമാറിന്റെ നേതൃത്വത്തിലാണ് റവന്യൂറിക്കവറി ഉള്‍പ്പെടെ വാഹനവകുപ്പ് നികുതിപിരിവ് കര്‍ശനമാക്കുന്നത്. ഇതിനായി വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് പ്രത്യേക പരിശീലനവും നല്‍കിയിരുന്നു. 

ഡിമാന്റ് നോട്ടീസ് മുഖേന വാഹനഉടമയെ അറിയിക്കും. ഇത് കൈപ്പറ്റാതിരിക്കുകയും കൈപ്പറ്റിയിട്ടും പ്രതികരിക്കാതെയുമുള്ള ഉടമകള്‍ക്കാണ് റവന്യൂറിക്കവറി നോട്ടീസ് അയയ്ക്കുന്നത്. കളക്ടര്‍ മുഖേന ഉടമയുടെ സ്ഥാവര ജംഗമവസ്തുക്കള്‍ ജപ്തിചെയ്യാനുള്ള അധികാരവും വാഹനവകുപ്പ് ഉപയോഗിക്കും. 

ദീര്‍ഘകാലമായി ഉപയോഗിക്കാത്ത വാഹനങ്ങളും, പോലീസ് സ്റ്റേഷനുകളിലും മറ്റും പിടിച്ചിട്ടിരിക്കുന്ന വാഹനങ്ങളും നടപടികള്‍ പൂര്‍ത്തിയാക്കി പൊളിച്ചുകളഞ്ഞ് ആര്‍.സി. റദ്ദാക്കുകയോ വാഹനം ഓടുന്നില്ലെങ്കില്‍ ജി ഫോറം സമര്‍പ്പിക്കുകയോ വേണമെന്ന് പൊന്നാനി ജോയിന്റ് ആര്‍.ടി.ഒ. സി.യു. മുജീബ് അറിയിച്ചു.

പൊന്നാനിയില്‍ തുടക്കമിട്ട നടപടികള്‍ വരുംദിവസങ്ങളില്‍ മറ്റ് ആര്‍.ടി. ഓഫീസുകളിലേക്കും വ്യാപിപ്പിക്കുമെന്ന് ആര്‍.ടി.ഒ. അനൂപ് വര്‍ക്കി അറിയിച്ചു.