ലൈസന്‍സ് പുതുക്കാന്‍ നല്‍കുമ്പോള്‍ അക്ഷരത്തെറ്റുകള്‍ സംഭവിക്കുന്നതും ക്ലാസ് ഓഫ് വെഹിക്കിള്‍സില്‍ കുറവ് സംഭവിക്കുന്നതൊക്കെ സ്വാഭാവികമാണ്. എന്നാല്‍, ഇത് ഓണ്‍ലൈനായി ചെയ്യുമ്പോള്‍ ഇതിനുള്ള സാധ്യത പോലും വിരളമാണ്. എന്നാല്‍, ഓണ്‍ലൈനായി ലൈസന്‍സ് പുതുക്കിയപ്പോള്‍ കിട്ടിയ ഒരു പണിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
ഓണ്‍ലൈനായി ലൈസന്‍സ് പുതുക്കിയ ശേഷം ലഭിച്ച പുതിയ ലൈസന്‍സില്‍ ഫോട്ടോയുടെ സ്ഥാനത്ത് ഒഴിഞ്ഞ കസേരയാണ് നല്‍കിയിരിക്കുന്നത്. ഇത് സംഭവിച്ചത് ഇന്ത്യയിലൊന്നുമല്ല, സാങ്കേതികവിദ്യയുടെ ഈറ്റില്ലമായ അമേരിക്കയിലെ ടെന്നീസിയിലാണ്. ഈ പണികിട്ടിയ ജേഡ് ഡോഡ് എന്ന യുവതി തന്നെയാണ് ഈക്കാര്യം സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചത്.
ലൈസന്‍സ് പുതുക്കാനുള്ള നടപടി ക്രമങ്ങള്‍ ഓണ്‍ലൈനായാണ് പൂര്‍ത്തിയാക്കിയത്. തുടര്‍ന്ന് ദിവസങ്ങള്‍ കഴിഞ്ഞ ലൈസന്‍സ് തപാലില്‍ ലഭിക്കുകയായിരുന്നു. അപ്പോഴാണ് ഫോട്ടോയുടെ സ്ഥാനത്ത് ഒഴിഞ്ഞ കസേര കിടക്കുന്ന ഫോട്ടോ ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് ജേഡ് ഡോഡ് മോട്ടോര്‍ വാഹനവകുപ്പിനെ സമീപിച്ചെങ്കിലും അധികൃതര്‍ യുവതിയുടെ വാക്ക് മുഖവിലക്കെടുത്തില്ല.
പിന്നീട് മോട്ടോര്‍ വാഹനവകുപ്പിലെ ഉദ്യോഗസ്ഥ പരാതി സ്വീകരിക്കുകയും സംഭവിച്ച് പിഴവ് പരിശോധിക്കുകയുമായിരുന്നു. പിഴവ് തിരിച്ചറിഞ്ഞതോടെ ഇത് തന്റെ മാനേജരുടെ ശ്രദ്ധയില്‍പെടുത്തുമെന്ന് ഉദ്യോഗസ്ഥര്‍ ഉറപ്പുനല്‍കിയതായ ജേഡ് ഡോഡിനെ ഉദ്ധരിച്ച് ഡബ്ല്യുകെആര്‍എന്‍ ടിവി റിപ്പോര്‍ട്ട് ചെയ്തു.
തനിക്ക് ലഭിച്ച പുതിയ ലൈസന്‍സ് ഇതാണെന്ന് കാണിച്ച് ജേഡ് ഡോഡ് കസേരയുടെ ചിത്രമുള്ള ലൈസന്‍സ് സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തിരുന്നു. ഈ പോസ്റ്റ് 19,000 ആളുകളാണ് ഷെയര്‍ ചെയ്തിരിക്കുന്നത്. ഈ സംഭവത്തെ വിമര്‍ശിച്ചും പരിഹസിച്ചും നിരവധി കമന്റുകളാണ് ഈ പോസ്റ്റിന് താഴെ വന്നിരിക്കുന്നത്.
Source: NDTV
Content Highlights: Renew Driving Licence Online; New Licence Comes With A Photo Of Chair