വാഹന ഇന്‍ഷുറന്‍സ് പോളിസികളില്‍ നിര്‍ബന്ധമായി ഉള്‍പ്പെടുത്തേണ്ട ഉടമ-ഡ്രൈവര്‍ പ്രീമയത്തില്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ കുറവ് വരുത്തി. ഇതോടെ വാഹന ഇന്‍ഷുറന്‍സ് തുകയില്‍ നികുതിയുള്‍പ്പെടെ അഞ്ഞൂറുരൂപയ്ക്കടുത്ത് കുറവുണ്ടാകാം. ഉടന്‍ പ്രാബല്യത്തില്‍ വരുന്ന വിധത്തിലാണ് നിരക്ക് കുറച്ചതെങ്കിലും ഇന്‍ഷുറന്‍സ് കമ്പനികളുടെ സോഫ്റ്റ്വെയറില്‍ മാറ്റങ്ങള്‍ വരുന്നതേയുള്ളൂ. അതിനാല്‍ ഏതാനും ദിവസംകൂടി പഴയനില തുടരും. 

ജനുവരി ഒന്നുമുതല്‍ വാഹന ഇന്‍ഷുറന്‍സ് പ്രീമിയവുമായി ബന്ധപ്പെട്ട് ഇന്‍ഷുറന്‍സ്‌ െറഗുലേറ്ററി ആന്‍ഡ് െഡവലപ്പ്മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ (ഐ.ആര്‍.ഡി.എ.ഐ.) നടപ്പാക്കിയ പരിഷ്‌കാരങ്ങളുടെ ഭാഗമായാണിത്. പ്രീമിയം തുകയായി 750 രൂപയും 18 ശതമാനം ജി.എസ്.ടി.യും ഉള്‍പ്പെടുത്തി 855 രൂപയായിരുന്നു 15 ലക്ഷത്തിന്റെ ഉടമ-ഡ്രൈവര്‍ കവറേജിന് ഐ.ആര്‍.ഡി.എ.ഐ. നിശ്ചയിച്ചിരുന്നത്.

കഴിഞ്ഞ സെപ്റ്റംബര്‍ 25 മുതല്‍ ഇത് പ്രാബല്യത്തിലുണ്ട്. പ്രീമിയം നിരക്ക് കുറയ്ക്കാനുള്ള സ്വാതന്ത്ര്യം ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് വിട്ടുകൊണ്ട് അടുത്തിടെ ഐ.ആര്‍.ഡി.എ.ഐ. ഉത്തരവിട്ടിരുന്നു. ഇതിന്റെ ചുവടുപിടിച്ചാണ് കമ്പനികള്‍ പ്രീമിയം കുറയ്ക്കുന്നത്.

പൊതുമേഖലാ ഇന്‍ഷുറന്‍സ് കമ്പനികളായ യുണൈറ്റഡ് ഇന്‍ഷുറന്‍സ്, ന്യൂ ഇന്ത്യാ അഷുറന്‍സ് എന്നിവ 275 രൂപയാണ് ഓണര്‍ ഡ്രൈവര്‍ കവറേജിന് പ്രീമിയം നിശ്ചയിച്ചിരിക്കുന്നത്. ജി.എസ്.ടി. ഉള്‍പ്പെടെ 325 രൂപ. പൊതുമേഖലാ കമ്പനികളുടെ ചുവടുപിടിച്ച് സ്വകാര്യകമ്പനികളും നിരക്ക് കുറയ്ക്കുന്നുണ്ട്. പ്രീമിയം നിരക്കനുസരിച്ച് കുറയുന്ന തുക വ്യത്യാസപ്പെടാം.

വാഹനത്തിന്റെ ആര്‍.സി. ഉടമ നിര്‍ബന്ധമായി എടുക്കേണ്ട പോളിസിയാണ് ഉടമ-ഡ്രൈവര്‍ കവറേജ്. ഇന്‍ഷുര്‍ചെയ്ത വാഹനം അപകടത്തില്‍പ്പെട്ട് ഉടമ മരിച്ചാല്‍ 15 ലക്ഷം രൂപ ഉടന്‍ ലഭ്യമാകുന്ന വിധമാണ് കവറേജ്. ഒന്നിലധികം വാഹനങ്ങളുള്ളവര്‍ ഓരോന്നിനും ഈ പോളിസിക്ക് പണം മുടക്കണമായിരുന്നു.

ജനുവരി ഒന്നുമുതല്‍ ഈ രീതിയിലും മാറ്റംവരും. ഒരേപേരില്‍ ഒന്നിലധികം വാഹനമുള്ളവര്‍ ഒരെണ്ണത്തിന്റെ ഇന്‍ഷുറന്‍സിനൊപ്പം ഓണര്‍ ഡ്രൈവര്‍ കവറേജ് പ്രീമിയം എടുത്താല്‍ മതി. നിലവില്‍ മറ്റേതെങ്കിലും വിധത്തില്‍ 15 ലക്ഷത്തിന്റെയോ അതില്‍ കൂടിയ തുകയുടെയോ അപകട ഇന്‍ഷുറന്‍സ് പോളിസിയുള്ളവര്‍ അത് ഹാജരാക്കിയാല്‍ ഉടമ-ഡ്രൈവര്‍ കവറേജ് പോളിസി ഒഴിവാക്കി കിട്ടും.

Content Highlights: Vehicle Insurance Premium reduced