സ്വകാര്യവാഹനങ്ങള്‍ പരിമിതപ്പെടുത്തി പൊതുഗതാഗതസംവിധാനം കൂടുതല്‍ ശക്തിപ്പെടുത്തണമെന്ന് കേരള മെട്രോപോളിറ്റന്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി കരട് ബില്‍ തെളിവെടുപ്പില്‍ നിര്‍ദേശം.

ആവശ്യത്തിന് അടിസ്ഥാനസൗകര്യമൊരുക്കിയശേഷമേ നിയമം നടപ്പാക്കാവൂ എന്നാണ് നിര്‍ദേശത്തില്‍ പറയുന്നത്. കോഴിക്കോട് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളിലാണ് നിയമസഭയുടെ സെലക്റ്റ് കമ്മിറ്റി തെളിവെടുപ്പ് നടത്തിയത്.

ഉബര്‍, ഒല തുടങ്ങിയ ഓണ്‍ലൈന്‍ ടാക്‌സി സംവിധാനങ്ങള്‍ നടപ്പാക്കുമ്പോള്‍ സ്വയംതൊഴിലുകാര്‍ക്കും ചെറുകിടക്കാര്‍ക്കും പ്രയാസമുണ്ടാകരുതെന്ന് തൊഴിലാളി സംഘടനാ പ്രതിനിധികളള്‍ നിര്‍ദേശിച്ചു. 

പരിസ്ഥിതി സൗഹൃദ ഇന്ധനത്തിലേക്കുമാറുമ്പോള്‍, ടാക്‌സി, ഓട്ടോ തൊഴിലാളികള്‍ക്ക് സാവകാശവും സാമ്പത്തികസഹായവും നല്‍കണം. അതോറിറ്റിയില്‍ സ്വകാര്യബസുടമകള്‍ക്ക് പ്രാതിനിധ്യം വേണമെന്നും ചരക്ക് വാഹനങ്ങള്‍ക്ക് പ്രത്യേക പാര്‍കിങ്ങ് സൗകര്യം വേണമെന്നും ആവശ്യമുയര്‍ന്നു. 

ഷെയര്‍ ഓട്ടോ സമ്പ്രദായം നടപ്പാക്കുക, ഒരേ റൂട്ടിലോടുന്ന സ്വകാര്യബസുകള്‍ സഹകരണാടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുക, കാര്‍യാത്ര കുറയ്ക്കാന്‍ സ്വകാര്യബസുകള്‍ക്കും എ.സി. സര്‍വീസ് നടത്താനുള്ള സൗകര്യമൊരുക്കുക തുടങ്ങിയ നിര്‍ദേശങ്ങളും തെളിവെടുപ്പില്‍ പങ്കെടുത്തവര്‍ മുന്നോട്ടുവെച്ചു.

കമ്മിറ്റി ചെയര്‍മാനായ മന്ത്രി എ.കെ. ശശീന്ദ്രന്‍ അധ്യക്ഷനായി. എം.എല്‍.എ.മാരായ പി.ടി. തോമസ്, സി.കെ. നാണു, സി. ദിവാകരന്‍, ജോണ്‍ ഫെര്‍ണാണ്ടസ്, ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ കെ. പത്മകുമാര്‍, ജില്ലാ കളക്ടര്‍ എസ്. സാംബശിവ റാവു തുടങ്ങിയവര്‍ പങ്കെടുത്തു.

സംസ്ഥാനത്തെ നഗര ഗതാഗതത്തിന്റെ ആസൂത്രണം, മേല്‍നോട്ടം, ഏകോപനം, വികസനം, നിയന്ത്രണം എന്നിവയ്ക്കും അനുബന്ധ സേവനങ്ങള്‍ക്കും വേണ്ടിയുള്ളതാണ് ബില്‍. 

വാഹനങ്ങളുടെ പെരുപ്പം തടയാനും സ്വകാര്യവാഹനങ്ങളുടെ എണ്ണം കുറയ്ക്കാനും ബില്‍ നടപ്പിലായാല്‍ സാധിക്കുമെന്നും യാത്രക്കാര്‍ക്ക് പ്രയോജനമാകുന്ന വിധത്തിലാണ് നിയമനിര്‍മാണമെന്നും മന്ത്രി പറഞ്ഞു.

Content Highlights: Reduce The Use Of Private Vehicle For Strengthening Public Transport