കോവിഡ് മുന്‍കരുതലിന്റെ ഭാഗമായി സാമൂഹിക അകലം ഉറപ്പാക്കാന്‍ യാത്രക്കാരുടെ എണ്ണം കുറയ്ക്കുമ്പോള്‍ തമിഴ്‌നാടിന്റെ ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷനുകള്‍ക്കുണ്ടാകുന്നത് വന്‍ബാധ്യത. ഇപ്പോള്‍ത്തന്നെ കാര്യമായ വരുമാനമില്ലാതെയാണ് സര്‍ക്കാര്‍ ഉടമസ്ഥതയിലെ ബസ് കോര്‍പ്പറേഷനുകള്‍ പ്രവര്‍ത്തിക്കുന്നതെന്നിരിക്കെ പുതിയ നിയന്ത്രണം സ്ഥിതി കൂടുതല്‍ വഷളാക്കിയേക്കും.

വിഴുപുരം, സേലം, കോയമ്പത്തൂര്‍, കുംഭകോണം, മധുര എന്നീ ടി.എന്‍.എസ്.ടി.സി. കോര്‍പ്പറേഷനുകളും എസ്.ഇ.ടി.സി.യും ചെന്നൈയിലെ എം.ടി.സി.യുമടക്കം ഏഴ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷനുകളാണ് സംസ്ഥാന ഗതാഗത വകുപ്പിന് കീഴിലുള്ളത്. മാര്‍ച്ചില്‍ ലോക്ഡൗണ്‍ പ്രഖ്യാപിക്കുന്നതിന് മുമ്പുതന്നെ പല സ്ഥലങ്ങളിലും ബസ് സര്‍വീസുകളുടെ എണ്ണം കുറച്ചിരുന്നു. ലോക്ഡൗണ്‍ ആയതോടെ സര്‍വീസുകള്‍ പൂര്‍ണമായി നിലച്ചു. ചെന്നൈയില്‍ അവശ്യസേവന വിഭാഗങ്ങള്‍ക്കായി മാത്രമാണ് ബസ് സര്‍വീസുള്ളത്.

ശരാശരി 45 മുതല്‍ 50 രൂപ വരെയാണ് കിലോമീറ്ററിന് ബസുകള്‍ക്കുണ്ടാകുന്ന ചെലവ്. എന്നാല്‍, ശരാശരി വരുമാനം 28 മുതല്‍ 32 രൂപ വരെ മാത്രമാണ്. യാത്രാ പാസുകളും മറ്റ് ഇളവുകളും പരിഗണിക്കുമ്പോള്‍ വരുമാനം വീണ്ടും കുറയും. ലോക്ഡൗണിന് ശേഷം പകുതി യാത്രക്കാരെ മാത്രമേ അനുവദിക്കാവൂ എന്നാണ് നിര്‍ദേശം. അതോടെ ഈ നഷ്ടത്തുക വീണ്ടും വര്‍ധിക്കുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

നിലവില്‍ കിലോമീറ്ററിന് പത്ത് രൂപ നഷ്ടത്തില്‍ ഓടിക്കൊണ്ടിരിക്കുന്ന ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്റെ നഷ്ടം കിലോമീറ്ററിന് 25 രൂപയായി വര്‍ധിക്കുമെന്ന് അധികൃതര്‍ പറയുന്നു. നിലവിലെ സാഹചര്യത്തില്‍ നഷ്ടം നികത്താന്‍ ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കേണ്ടി വന്നേക്കും. സര്‍ക്കാരിന്റെ സാമ്പത്തിക പിന്തുണയില്ലാതെ പ്രവര്‍ത്തിക്കാനാകാത്ത സ്ഥിതിയാണ് ഇപ്പോള്‍ കോര്‍പ്പറേഷനുകള്‍ക്കുള്ളതെന്നും അധികൃതര്‍ പറയുന്നു.

നികുതി ഇളവുകള്‍ പോലെയുള്ള ഉത്തേജക പാക്കേജുകള്‍ സര്‍ക്കാര്‍ പ്രഖ്യാപിക്കുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. സംസ്ഥാനത്ത് ഭൂരിപക്ഷവും പ്രത്യേകിച്ച് ചെന്നൈയിലാകെയും സര്‍വീസ് നടത്തുന്നത് സര്‍ക്കാര്‍ കോര്‍പ്പറേഷന്‍ ബസുകള്‍ മാത്രമാണ്. വലിയൊരു ശതമാനം പേര്‍ യാത്രയ്ക്കായി ആശ്രയിക്കുന്നതും ബസുകളെത്തന്നെയാണ്.

അന്തസ്സംസ്ഥാന സ്വകാര്യ ബസ് നിരക്ക് കൂട്ടാന്‍ നീക്കം

പൊതുഗതാഗതം പുനരാരംഭിച്ചാല്‍ അന്തസ്സംസ്ഥാന സ്വകാര്യബസ് നിരക്ക് ഇരട്ടിയാക്കേണ്ടിവരുമെന്ന് സ്വകാര്യ ബസുടമകള്‍. കോവിഡിന് ശേഷം സാമൂഹിക അകലം പാലിക്കാതെ ബസ് സര്‍വീസ് നടത്താന്‍ കഴിയില്ല. സാധാരണ കയറ്റുന്ന യാത്രക്കാരുടെ പകുതിയാളുകളെ മാത്രമേ കയറ്റാന്‍ കഴിയൂ. 

അപ്പോള്‍ സ്വാഭാവികമായും നിരക്ക് കൂട്ടേണ്ടിവരും. യാത്രക്കാര്‍ ഉയര്‍ന്ന തുക നല്‍കി യാത്ര ചെയ്യാന്‍ നിര്‍ബന്ധിതമാകുമ്പോഴുണ്ടാകുന്ന ബുദ്ധിമുട്ടുകളെക്കുറിച്ച് ബോധ്യമുണ്ട്. എങ്കിലും കുറേക്കാലം സാമൂഹികഅകലം പാലിച്ച് മാത്രമേ ബസ് യാത്ര സാധ്യമാകുകയുള്ളൂബസ് ഉടമകള്‍ പറയുന്നു.

അതേസമയം തിരക്കേറുന്ന കാലത്ത് അന്തസ്സംസ്ഥാന ബസുകളില്‍ ഉയര്‍ന്ന നിരക്കാണ് ഈടാക്കുന്നതെന്ന് ആരോപണമുണ്ട്. നിലവിലുള്ള നിരക്ക് ഇരട്ടിയാക്കാന്‍ തീരുമാനിച്ചാല്‍ ബസുകളില്‍ യാത്ര ചെയ്യുന്നവരുടെ എണ്ണത്തില്‍ വന്‍ കുറവ് വരുമെന്നും സ്ഥിരം യാത്രക്കാര്‍ ചൂണ്ടിക്കാട്ടുന്നു.

Content Highlights: Reduce The Number Of Passengers In Public Transport Leads To Financial Crisis