വായുമലിനീകരണം നിയന്ത്രിക്കാന്‍ റെഡ് സിഗ്‌നലുകളില്‍ വണ്ടി ഓഫാക്കുന്ന പദ്ധതി വീണ്ടും പ്രഖ്യാപിച്ച് ഡല്‍ഹി സര്‍ക്കാര്‍. വരുന്ന തിങ്കളാഴ്ച മുതല്‍ ഈ പ്രചാരണം തുടങ്ങുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാള്‍ അറിയിച്ചു. കഴിഞ്ഞ വര്‍ഷം തുടക്കം കുറിച്ചതാണ് വായുമലിനീകരണത്തെക്കുറിച്ച് ബോധവത്കരണത്തിന്റെ ഭാഗമായുള്ള ഈ പരിപാടി. ഇത്തവണ ഔദ്യോഗികമായി തുടങ്ങുന്നത് 18- നാണ്. 

പെട്രോളിയം കണ്‍സര്‍വേഷന്‍ റിസര്‍ച്ച് അസോസിയേഷന്‍ കഴിഞ്ഞ വര്‍ഷത്തെ പ്രചാരണത്തെക്കുറിച്ച് പഠിച്ചിരുന്നു. റെഡ് സിഗനലില്‍ വണ്ടി ഓഫാക്കിയിട്ടാല്‍ വര്‍ഷത്തില്‍ 250 കോടി രൂപയോളം ലാഭിക്കാമെന്നാണ് വിലയിരുത്തല്‍. വായുമലിനീകരണം 13-20 ശതമാനം കുറയ്ക്കാനും ഇതു സഹായകമാവുന്നുവെന്നും കണ്ടെത്തിയതായി മുഖ്യമന്ത്രി പറഞ്ഞു.

വായുമലിനീകരണം കുറയ്ക്കാന്‍ ബസും മെട്രോയും പോലുള്ള പൊതുഗതാഗതം പരമാവധി ഉപയോഗിക്കണം. സ്വന്തം കാറുകള്‍ ഒഴിവാക്കി മറ്റുള്ളവരുമായി സഹകരിച്ച് കാര്‍ പൂളും നടപ്പാക്കാം. ആഴ്ചയില്‍ ഒരിക്കലെങ്കിലും സ്വന്തം വാഹനം ഉപയോഗിക്കുന്നത് ഒഴിവാക്കിയാല്‍ അന്തരീക്ഷമലിനീകരണം കുറയ്ക്കാന്‍ സഹായകമാവും. ഡല്‍ഹി സര്‍ക്കാര്‍ ഹരിത ആപ്പ് വികസിപ്പിച്ചിട്ടുണ്ട്. 

ഇതിനകം 23,000 പരാതികള്‍ പരിഹരിച്ചു കഴിഞ്ഞു. വാഹനപ്പുക, മാലിന്യം കത്തിക്കല്‍ തുടങ്ങിയവ ശ്രദ്ധയില്‍പ്പെട്ടാല്‍ ഈ ആപ്പ് വഴി പരാതികളറിയിക്കാം. സര്‍ക്കാരിന്റെ ദൗത്യസംഘം ഉടനടി പരിഹാരത്തിനു രംഗത്തിറങ്ങും. ഡല്‍ഹിയിലെ വായുമലിനീകരണം സുരക്ഷിത പരിധിയിലാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍, അയല്‍ സംസ്ഥാനങ്ങളുടെ സഹകരണം വേണ്ടത്ര ലഭിക്കുന്നില്ല. 

അയല്‍സംസ്ഥാനങ്ങളില്‍ വയലുകള്‍ക്ക് തീയിടല്‍ രൂക്ഷമായി തുടങ്ങി. അവിടങ്ങളിലെ സര്‍ക്കാരുകള്‍ കര്‍ഷകരെ സഹായിക്കാന്‍ ഒന്നും ചെയ്യുന്നില്ല. അതിനാല്‍, കാര്‍ഷികാവശിഷ്ടങ്ങള്‍ കത്തിക്കാന്‍ നിര്‍ബന്ധിതരാവുകയാണ് കര്‍ഷകര്‍. ഡല്‍ഹി സര്‍ക്കാരിന്റെ സ്വന്തം യത്നത്താല്‍ വായുമലിനീകരണം 25 ശതമാനം കുറയ്ക്കാന്‍ വഴിവെച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി അവകാശപ്പെട്ടു.

Content Highlights: Red Signal, Vehicle In Traffic Signal, Delhi Government, Vehicle Pollution