രാജ്യം കൊറോണ എന്ന മഹാമാരിയെ നേരിടുകയാണ്. ഇതിന്റെ ഭാഗമായി ഇന്ത്യയില്‍ 21 ദിവസത്തെ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത്‌  വ്യവസായ മേഖലയിലും സാമ്പത്തിക മേഖലയിലുമുള്‍പ്പെടെ കനത്ത ആഘാതമാണ് സൃഷ്ടിച്ചിട്ടുള്ളത്. അതേസമയം, ഈ സാമ്പത്തിക പ്രതിസന്ധി മറിക്കടക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ 1.7 ലക്ഷം കോടിയുടെ പാക്കേജ് പ്രഖ്യാപിച്ചിരുന്നു.

എന്നാല്‍, സാമ്പത്തിക പാക്കേജിന് പിന്നാലെ റിസര്‍വ് ബാങ്ക് ലോണുകള്‍ക്ക് മൂന്ന് മാസത്തെ മോറട്ടോറിയം പ്രഖ്യാപിച്ചതാണ് ജനങ്ങള്‍ക്ക് ഏറ്റവും ആശ്വാസം പകരുന്നത്. ഓട്ടോ ലോണികളുടെ ഉള്‍പ്പെടെയുള്ള മാസതവണകള്‍ ഇനി ജൂണ്‍ മാസം വരെ അടയ്‌ക്കേണ്ടതില്ലെന്നാണ് മൂന്ന് മാസത്തെ മോറട്ടോറിയത്തിലൂടെ പ്രഖ്യാപിച്ചിട്ടുള്ളത്. 

ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ വാഹനമേഖലയില്‍ നിലനിന്നിരുന്ന ഏറ്റവും വലിയ ആശങ്കയായിരുന്നു ലോണ്‍ ഇഎംഐ. ടൂറിസ്റ്റ് ബസുകള്‍, ടാക്‌സി കാറുകള്‍, ലോറികള്‍ തുടങ്ങിയ വാഹനങ്ങള്‍ക്ക് ഓട്ടമില്ലാതെ ആയതോടെ ലോണും ടാക്‌സും അടയ്ക്കാന്‍ സാധിക്കുന്നില്ലെന്നും ഇതിന് പരിഹാരം വേണമെന്നും പല കോണില്‍ നിന്നും ആവശ്യമുയര്‍ന്നിരുന്നു.

റിസര്‍വ് ബാങ്കിന്റെ ഈ തീരുമാനത്തെ വാഹന നിര്‍മാതാക്കളുടെ സംഘടനയായ സിയാം സ്വാഗതം ചെയ്തിട്ടുണ്ട്. ഈ പ്രതിസന്ധി ഘട്ടത്തില്‍ വാഹന ഉപയോക്താക്കള്‍ക്കും ജനങ്ങള്‍ക്കുമൊപ്പം നില്‍ക്കുന്ന തീരുമാനമാണ് റിസര്‍വ് ബാങ്ക് എടുത്തതെന്നാണ് സിയാം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നത്.

Content Highlights: RBI's Provides 3 Months Relief From Car Loan EMIs