പുണെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇലക്ട്രിക് ഇരുചക്ര വാഹന സ്റ്റാര്‍ട്ടപ്പായ ടോര്‍ക്ക് മോട്ടോഴ്‌സില്‍ നിക്ഷേപവുമായി ടാറ്റ സണ്‍സ് ചെയര്‍മാന്‍ രത്തന്‍ ടാറ്റ. ടോര്‍ക്കിന്റെ ആദ്യ മോഡലായ ടി6എക്‌സ് വൈകാതെ വിപണിയിലെത്തുന്നതിന് തൊട്ടുമുമ്പാണ് രത്തന്‍ ടാറ്റയുടെ നിക്ഷേപം. അതേസമയം എത്ര രൂപയാണ് രത്തന്‍ ടാറ്റയുടെ നിക്ഷേപമെന്ന് വെളിപ്പെടുത്തിയിട്ടില്ല. 

നേരത്തെ ഭാരത് ഫോര്‍ജും ഒല കാബ്‌സ് സ്ഥാപകനായ ഭവിഷ് അഗര്‍ബാളും ടോര്‍ക്ക് മോട്ടോഴ്‌സില്‍ നിക്ഷേപം നടത്തിയിരുന്നു. ഇവര്‍ക്ക് പിന്നാലെയാണ് ഇലക്ട്രിക് രംഗത്ത് വലിയ കുതിപ്പിനൊരുങ്ങുന്ന ടോര്‍ക്കിന് പിന്തുണയുമായി രത്തന്‍ ടാറ്റയും എത്തുന്നത്. 

2015 മുതലാണ് ടി6എക്‌സ് ഇലക്ട്രിക് ബൈക്കിനുള്ള പ്രവര്‍ത്തനം ടോര്‍ക്ക് ആരംഭിച്ചത്. തൊട്ടടുത്ത വര്‍ഷം പ്രോട്ടോടൈപ്പ് അവതരിപ്പിക്കുകയും ചെയ്തിരുന്നു. പിന്നീട് നീണ്ട കാത്തിരിപ്പിന് ശേഷമാണ് ടി6എക്‌സ് ഇപ്പോള്‍ വിപണിയിലേക്കെത്താന്‍ തയ്യാറെടുക്കുന്നത്. തുടക്കത്തില്‍ പുണെ, ബെംഗളൂരു നഗരങ്ങളിലായിരിക്കും ആദ്യ ടോര്‍ക്ക് മോഡല്‍ ലഭ്യമാവുക. പിന്നാലെ രാജ്യത്തെ മറ്റു പ്രധാനപ്പെട്ട നഗരങ്ങളിലേക്കും ടോര്‍ക്ക് ടി6എക്‌സ് വില്‍പനയ്‌ക്കെത്തും. 

ഒറ്റചാര്‍ജില്‍ 100 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ സാധിക്കുന്ന ഇലക്ട്രിക് ബൈക്കാണ് ടി6എക്സ്. ഒരു മണിക്കൂറിനുള്ളില്‍ ബാറ്ററി 80 ശതമാനം ചാര്‍ജ് ചെയ്യാം. മണിക്കൂറില്‍ 100 കിലോമീറ്ററാണ് പരമാവധി വേഗത. 27 എന്‍എം ടോര്‍ക്കേകുന്ന ഇലക്ട്രിക് മോട്ടോറാണ് ടി6എക്സില്‍ കമ്പനി ഉള്‍പ്പെടുത്തുക. അടുത്തിടെ കമ്പനിയുടെ ആദ്യ ഫാസ്റ്റ് ചാര്‍ജിങ് സ്റ്റേഷനും പുണെയില്‍ ടോര്‍ക്ക് മോട്ടോര്‍സ് തുറന്നിരുന്നു.

Content Highlights; ratan tata to invest in electric bike startup tork motors