പ്രതീകാത്മക ചിത്രം | രേഖാചിത്രം: മാതൃഭൂമി
കാക്കനാട്: വാഹനയാത്രക്കാരെ ഭീതിപ്പെടുത്തിയും അപകടകരമാംവിധം ഓവര്‍ടേക്ക് ചെയ്തും റോഡില്‍ അഭ്യാസം കാണിച്ച ബസ് ഡ്രൈവറെ പിന്നില്‍ വരുകയായിരുന്ന മോട്ടോര്‍ വാഹന വകുപ്പുദ്യോഗസ്ഥന്‍ താക്കീത് ചെയ്തു. ഉദ്യോഗസ്ഥനെന്ന് തിരിച്ചറിയാതെ താക്കീതില്‍ പ്രകോപിതനായി പ്രതികാരം ചെയ്ത ബസ് ഡ്രൈവര്‍ക്ക് ഒടുവില്‍ 'പണി കിട്ടി'.
കാക്കനാട്-ഫോര്‍ട്ട്കൊച്ചി റൂട്ടില്‍ അലക്ഷ്യമായി ബസോടിച്ച് അപകടമുണ്ടാക്കിയ ബസ് ഡ്രൈവര്‍ കളമശ്ശേരി സ്വദേശി നിക്‌സന്‍ ആന്റണിക്കാണ് ജനറല്‍ ആശുപത്രിയില്‍ നിര്‍ബന്ധിത സേവനം ശിക്ഷയായി ലഭിച്ചത്. ഇയാള്‍ അലക്ഷ്യമായും അമിതവേഗത്തിലും ബസ് ഓടിക്കുന്നത് ശ്രദ്ധയില്‍ പെട്ട എറണാകുളം ആര്‍.ടി. ഓഫീസിലെ എ.എം.വി.ഐ., നിക്‌സന്‍ ആന്റണിയോട് ശ്രദ്ധിച്ച് വണ്ടിയോടിക്കാനാവശ്യപ്പെടുകയായിരുന്നു.
എന്നാലിത് ഇഷ്ടപ്പെടാതിരുന്ന ബസ് ഡ്രൈവര്‍ മഫ്തിയിലായിരുന്ന എ.എം.വി.ഐ.യോട് ദേഷ്യം തീര്‍ക്കാനെന്നോണം ഇദ്ദേഹത്തിന്റെ കാറിന് വട്ടം വെയ്ക്കുകയും ഉരസുകയും ചെയ്തു. എറണാകുളം ലിസി ജങ്ഷന്‍, ടൗണ്‍ഹാള്‍ എന്നീ സ്റ്റോപ്പുകള്‍ക്കിടയിലായിരുന്നു സംഭവം.
ഈ സമയം ഇദ്ദേഹം കാറില്‍ നിന്നിറങ്ങിയപ്പോഴാണ് ഉദ്യോഗസ്ഥനാണെന്ന് ബസ് ഡ്രൈവറുള്‍പ്പെടെ തിരിച്ചറിഞ്ഞത്. എ.എം.വി.ഐ. ഉടനടി ഇയാളുടെ ലൈസന്‍സ് കസ്റ്റഡിയിലെടുക്കുകയും എറണാകുളം ആര്‍.ടി.ഒ.യ്ക്ക് റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തു. ആര്‍.ടി.ഒ. ജി. അനന്തകൃഷ്ണനാണ് ജനറല്‍ ആശുപത്രിയില്‍ സാമൂഹ്യസേവനത്തിന് ഉത്തരവിട്ടത്.
Content Highlights: Rash and negligent driving by private bus driver, MVD Kerala take accident against driver
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..