ആഡംബര ഓഫ് റോഡര്‍ വാഹനം റേഞ്ച് റോവര്‍ വെലാര്‍ ഇന്ത്യയിലെ ടാറ്റാ മോട്ടോഴ്‌സിന്റെ ഉടമസ്ഥതയിലുള്ള ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ അവതരിപ്പിച്ചു. ആഡംബര വാഹന നിര്‍മ്മാതാക്കളായ പോര്‍ഷെയോട് നേരിട്ട് ഏറ്റുമുട്ടാനാണ് വെലാര്‍ വരുന്നതെന്നാണ് അഭ്യൂഹങ്ങള്‍.
ടാറ്റാ മോട്ടോഴ്‌സ് മുന്‍ ചെയര്‍മാന്‍ രത്തന്‍ ടാറ്റയുടെ സ്വപ്‌ന പദ്ധതി എന്ന നിലയിലാണ് വെലാറിന്റെ രൂപകല്‍പ്പനയും വികസന പ്രവര്‍ത്തനങ്ങളും പുരോഗമിച്ചത്. ലണ്ടന്‍ ഡിസൈന്‍ മ്യൂസിയത്തില്‍ വാഹനം അവതരിപ്പിച്ച ചടങ്ങില്‍ ലാന്‍ഡ് റോവര്‍ ചീഫ് ഡിസൈന്‍ ഓഫീസര്‍ ജെറി മക് ഗവന്‍തന്നെ ഇക്കാര്യം വെളിപ്പെടുത്തി. ആദ്യ സ്‌കെച്ച് കണ്ടപ്പോള്‍തന്നെ രത്തന്‍ ടാറ്റാ ഇതിന്റെ വെലാറിന്റെ കടുത്ത ആരാധകനായി മാറിയെന്നാണ് മക് ഗവന്‍ പറയുന്നത്. കാറിനോട് സാദൃശ്യമുള്ള ആദ്യ റേഞ്ച്‌റോവര്‍ വാഹനമാണിത്.
ഈവര്‍ഷം വിപണിയിലെത്തുന്ന ശ്രദ്ധേയ വാഹനങ്ങളില്‍ ഒന്നെന്നാണ് വെലാര്‍ വിലയിരുത്തപ്പെടുന്നത്. വിവിധ ലോക രാജ്യങ്ങളില്‍നിന്നും ഇന്ത്യയില്‍നിന്നും വീലറിന് നിരവധി ബുക്കിങ്ങുകള്‍ ലഭിച്ച് തുടങ്ങിയതായി നിര്‍മ്മാതാക്കള്‍ അവകാശപ്പെടുന്നു. ഇംഗ്ലണ്ടില്‍ മാത്രമാവും വെലാര്‍ നിര്‍മ്മിക്കുകയെന്ന് ടാറ്റാ മോട്ടോഴ്‌സ് വ്യക്തമാക്കിയിട്ടുണ്ട്. ലൈറ്റ് വെയ്റ്റ് അലുമിനിയം ആര്‍ക്കിടെക്ചറും അള്‍ട്രാ ക്ലീന്‍ പെട്രോള്‍ - ഡീസല്‍ എന്‍ജിനുകളുമാണ് വീലറിന്റെ മുഖ്യ സവിശേഷതകള്‍. ഈവര്‍ഷത്തെ ജനീവ മോട്ടോര്‍ഷോയിലാണ് വാഹനം ആദ്യമായി അവതരിപ്പിക്കപ്പെട്ടത്.
ജര്‍മന്‍ ആഡംബര വാഹനങ്ങളോട് ഏറ്റുമുട്ടാന്‍ എത്തുന്ന ബ്രിട്ടീഷ് വാഹനം എന്ന തരത്തിലാണ് ജനീവയില്‍ വെലാര്‍ വിലയിരുത്തപ്പെട്ടത്. വില്‍പ്പനയിലും അറ്റാദായത്തിലും ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ റെക്കോര്‍ഡ് നേട്ടം കൈവരിച്ച വര്‍ഷമായിരുന്നു 2016. വെലാറിന്റെ വരവ് വിപണിയില്‍ കമ്പനിയുടെ സാന്നിധ്യം ശക്തമാക്കുമെന്ന പ്രതീക്ഷയിലാണ് നിര്‍മ്മാതാക്കള്‍. റേഞ്ച് റോവര്‍ ഇവോക്ക്, ഡിസ്‌കവറി സ്‌പോര്‍ട് എന്നിവയ്ക്ക് മധ്യേയാവും വിപണിയില്‍ വെലാറിന്റെ സ്ഥാനം.