മുഖംമിനുക്കി കൂടുതല്‍ മനോഹരമാക്കിയ റേഞ്ച്‌റോവര്‍ ഇവോക്ക് കോംപാക്ട് എസ്.യു.വി നവംബര്‍ 19ന് ഇന്ത്യന്‍ വിപണിയിലെത്തും. 2011 ല്‍ ലാന്‍ഡ്‌റോവര്‍ ഇന്ത്യയില്‍ അവതരിപ്പിച്ച ഇവോക്ക് ആദ്യമായാണ് മുഖംമിനുക്കുന്നത്. 2.2 ലിറ്റര്‍ ശേഷിയുള്ള ഡീസല്‍ എന്‍ജിനോടെയുള്ള മോഡലാണ് ആദ്യം പുറത്തിറങ്ങുക. തുടര്‍ന്ന് പെട്രോള്‍ മോഡലുമെത്തും. ബുക്കിങ് തുടരുന്നു.

റീഡിസൈന്‍ ചെയ്ത ഫ്രണ്ട് ബമ്പര്‍, വലിയ എയര്‍ ഇന്‍ടേക്ക്, പുതിയ ഗ്രില്‍, പുതുക്കിയ അലോയ് വീല്‍ ഡിസൈന്‍, ടെയില്‍ ഗേറ്റ് സ്‌പോയിലറുകള്‍, എല്‍ഇഡി സ്‌റ്റോപ്പ്‌ലൈറ്റ് എന്നിവ മുഖംമിനുക്കിയ ഇവോക്ക് 2016 ന്റെ പ്രത്യേകതകളാണ്. സീറ്റ്, ഡോര്‍ കേസിങ് എന്നിവ വിവിധ വര്‍ണങ്ങളിലുണ്ടാകും. എട്ട് ഇഞ്ചിന്റെ ടച്ച്‌സ്‌ക്രീന്‍ ബേസ്ഡ് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റമാണ് മറ്റൊരു സവിശേഷത. ഓള്‍ ടൈറൈന്‍ പ്രോഗ്രാം കണ്‍ട്രോള്‍, ലേന്‍ കീപ്പിംഗ് അസിസ്റ്റ് തുടങ്ങിയവയും ഇവോക്ക് 2016 നെ വ്യത്യസ്തമാക്കുന്നു.

ഇന്ത്യന്‍ വാഹനനിര്‍മാതാക്കളായ ടാറ്റയുടെ ഉടമസ്ഥതയിലുള്ള ലാന്‍ഡ്‌റോവര്‍, ഇന്ത്യയില്‍ തന്നെ അസംബിള്‍ ചെയ്യുന്നതാണ് ഈ വാഹനം. 19ന് മുംബൈയില്‍ പുറത്തിറങ്ങുന്ന കാറിന്റെ വില 48. 73 ലക്ഷത്തില്‍ (എക്‌സ് ഷോറൂം) ആരംഭിക്കും. റെയ്ഞ്ച് റോവര്‍ പ്രേമികള്‍ ഇന്ത്യയില്‍ ഏറെയുണ്ടെന്നതാണ് മുഖം മിനുക്കിയ മോഡല്‍ പുറത്തിറക്കുമ്പോള്‍ ലാന്‍ഡ് റോവറിന് പ്രതീക്ഷയേകുന്നത്.